പ്രിയപ്പെട്ടവരേ ഒരു പുതിയ കല്പനയാണ് ഞാൻ നിങ്ങള്ക്ക് എഴുതുന്നത്,ആരംഭം മുതൽ നിങ്ങള്ക്ക് നൽകപ്പെട്ട പഴയ കല്പന തന്നെ. ആ പഴയ കല്പനയാകട്ടെ നിങ്ങൾ ശ്രവിച്ച വചനം തന്നെയാണ്. എങ്കിലും ഞാൻ നിങ്ങള്ക്ക് എഴുതുന്നത് ഒരു പുതിയ കല്പനയെകുറിച്ചാണ്. അത് അവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാൽ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു. യഥാർത്ഥ പ്രകാശം ഉദിച്ചു കഴിഞ്ഞിരിക്കുന്നു. താൻ പ്രകാശത്തിലാണെന്നു പറയുകയും അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണ്. സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു. അവനു ഇടർച്ച ഉണ്ടാകുന്നില്ല. (1 യോഹ. 2:7-10).
ആദിമുതൽ നിങ്ങൾ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്, നാം പരസ്പരം സ്നേഹിക്കണം. തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപോലെ ആകരുതേ. എന്ത് കാരണത്താലാണ് അവൻ സഹോദരനെ കൊന്നത്? തന്റെ പ്രവർത്തികൾ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവർത്തികൾ നീതിയുക്തവും ആയിരുന്നതുകൊണ്ടുതന്നെ. സഹോദരരെ ലോകം നിങ്ങളെ ദോഷിക്കുന്നെങ്കിൽ നിങ്ങൾ വിസ്മയിക്കേണ്ട. സഹോദരരെ സ്നേഹിക്കുന്നതുകൊണ്ടു നമ്മൾ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കടന്നിരിക്കുന്നു എന്ന് നാം അറിയുന്നു.
സ്നേഹിക്കാത്തവനാകട്ടെ മരണത്തിൽത്തന്നെ നിലകൊള്ളുന്നു. സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ വസിക്കുന്നില്ല എന്ന് നിങ്ങൾക്കറിയാമല്ലോ. ക്രിസ്തു സ്വന്തം ജീവൻ നമ്മക്കുവേണ്ടി പരിത്യജിച്ചു എന്നതിൽ നിന്ന് സ്നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരർക്കുവേണ്ടി ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു. ലൗകിക സമ്പത്തുണ്ടായിരിക്കെ, ഒരുവൻ തന്റെ സഹോദരനെ സഹായമർഹിക്കുന്നവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നെങ്കിൽ അവനിൽ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും. കുഞ്ഞുമക്കളെ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടതു; പ്രവർത്തിയിലും സത്യത്തിലുമാണ്. (1 യോഹ. 3:11-18).