ഒരു അനുഭവ സാക്ഷ്യം

Fr Joseph Vattakalam
1 Min Read

ജസീന്ത വളരെ നല്ല കുട്ടിയാണ്. കുഞ്ഞിലെമുതൽ അവൾ വിനയം, സ്നേഹം, അനുസരണം, കൃത്യനിഷ്ട, ഉത്സാഹം  അച്ചടക്കം തുടങ്ങിയ പുണ്യങ്ങൾ അഭ്യസിച്ചു ഏവർക്കും പ്രിയങ്കരിയായി വളർന്നു വന്നു.

നഴ്സറിയും പ്രൈമറി സ്കൂളും അവളുടെ വീടിനു തൊട്ടടുത്തായിരുന്നു. ഈ കാലഘട്ടത്തിൽ ജസീന്തയെ അവളുടെ ‘അമ്മ സ്കൂളിൽ കൊണ്ടുപോകുകയും തിരികെ കൊണ്ടുവരുകയും ചെയ്യുമായിരുന്നു. അമ്മയോടൊപ്പം സ്കൂളിൽ പോകുന്നതും തിരികെ വരുന്നതും അവൾക്കു വളരെ ഇഷ്ട്ടമായിരുന്നു. എന്നാൽ നാലാം ക്ലാസ് കഴിഞ്ഞു തുടർപഠനത്തിന്‌ ദൂരെയുള്ള സ്കൂളിൽ പോകേണ്ടിയിരുന്നു. മകളോടൊപ്പം രാവിലെ അത്രയും ദൂരെപ്പോയി മടങ്ങി വരാനും വൈകിട്ട് വീണ്ടും ചെന്ന് മകളെ കൂട്ടികൊണ്ടു വരാനും ആ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല. ഇരുവരും പരമ സങ്കടത്തിലായി.

അങ്ങനെയിരിക്കെ, അയൽപക്കത്തുള്ള ഒരു വീട്ടമ്മ ആ വീട്ടിലെത്തി. തന്റെ അയൽക്കാരുടെ വലിയ സങ്കടം മനസിലാക്കിയ ആ മഹതി, കുട്ടിയെ ഇങ്ങനെ ഉപദേശിച്ചു. മകളെ, നീ ഒട്ടും ഭയപ്പെടേണ്ട. നീ സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുൻപ് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം. അനന്തരം ഈശോയോടു പറയണം: “ഈശോയെ, തനിയെ സ്കൂളിലേക്ക് നടന്നു പോകാൻ എനിക്ക് ഭയമാണ്. ഞാൻ പോകുമ്പോൾ അങ്ങെന്റെകൂടെ ഉണ്ടായിരിക്കണം. സായംകാലത്തും മടങ്ങുമ്പോഴും പ്രാർത്ഥിക്കുക, ഈശോയെ എന്റെ കൂടെ വരണമേ!” അവൾ അത് അനുസരിച്ചു.

ഇപ്രകാരം പ്രാർത്ഥിച്ചു, സന്തോഷത്തോടെ അവൾ എന്നും സ്കൂളിൽ പോവുകയും വരികയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടിയുടെ ‘അമ്മ അവളോട് പറഞ്ഞു: “മകളെ, മടങ്ങിവരുമ്പോൾ കുറച്ചു പഴം വാങ്ങിക്കൊണ്ടു വരണം.” അതിനുള്ള പണവും അവളെ ഏല്പിച്ചു. അതിന് പ്രകാരം ക്ലാസ് കഴിഞ്ഞയുടനെ അവൾ നടന്നു കടയിൽ കയറി. കുട്ടിയെ കണ്ടയുടനെ കടക്കാരൻ ചോദിച്ചു: ” കുഞ്ഞേ, എന്നും നിന്റെ കൂടെ ഒരു പ്രായമുള്ള ആൾ വരുമായിരുന്നല്ലോ. ഇന്ന് അദ്ദേഹം എവിടെപ്പോയി?” പെട്ടന്ന് അവൾക്കു കാര്യം മനസിലായി. കടയിൽ കയറാനുള്ള തിടുക്കത്തിൽ, സ്കൂളിൽ നിന്ന് പുറപ്പെട്ടപ്പോൾ ഈശോയെ കൂട്ടുവിളിക്കാൻ അവൾ മറന്നു പോയിരുന്നു!

അതെ, ബോധപൂർവം നാം ഈശോയെ കൂട്ടുവിളിച്ചു എപ്പോഴും ജീവിച്ചാൽ ഈശോ എപ്പോഴും നമ്മുടെ കൂടെയുണ്ടായിരിക്കും.

Share This Article
error: Content is protected !!