ഉത്ഥിതനായ ഈശോ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉയിർപ്പാണ്. അവിടുന്ന് ലോകത്തിലേക്കു വന്നത് മർത്ത്യപാപത്തിന് പരിഹാരമായി കുരിശിൽ മരിക്കുന്നതിനും തുടർന്നുള്ള, അനിവാര്യമായ, ഉയിർപ്പിനും വേണ്ടിയാണ്. മാമോദിസാ സ്വീകരിക്കുന്നവർ മിശിഹാ യോടൊപ്പം പാപത്തിന് മരിക്കുന്നു. ഇത് അവിടുത്തെ മരണത്തിലുള്ള പങ്കുചേരൽ തന്നെയാണ്. അവർ അവിടുത്തോടൊപ്പം പാപത്തിന് മരിക്കുക മാത്രമല്ല, അവിടുത്തോടൊപ്പം ഉയിർക്കുകയും ചെയ്യുന്നു. പാപത്തിനു മരിച്ചവർ ഉയർപ്പിന്റെ ജീവിതത്തിൽ തുടരാൻ നിരന്തരം പരിശ്രമിക്കണം.കാരണം മാമോദിസായിലൂടെ മിശിഹായുമായി അയ്ക്കപെട്ടവരാണ് അവർ.
ഇതൊരു നിരന്തര സമരമാണ്. ഇവിടെ യോദ്ധാവ് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കണം. (നീതി, സമാധാനം,വിശ്വാസം, കൂദാശകൾ, വചനം)[എഫേ.6:10-17]. ഈ യുദ്ധത്തിൽ ശരീരത്തിന്റെ പ്രവണതകളെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിഹനിക്കണം.
ഇപ്രകാരം മിശിഹായിൽ(പരിശുദ്ധത്രിത്വത്തിൽ) ജീവിക്കുന്നവർ അവിടുത്തെ മരണം, സംസ്കാരം, പുനരുദ്ധാനം, ഇവയിൽ പങ്കാളികളാകുന്നു.
ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.
(1 കോറിന്തോസ് 15 : 4). ലോകത്തോടുള്ള മൈത്രി പരിപൂർണ്ണമായി പരിത്യജിക്കുകയും എപ്പോഴും ദൈവവുമായി ഒട്ടിനിൽക്കുകയും ചെയ്യുക എന്നാണ് ഇതിനർത്ഥം.
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
(2 കോറിന്തോസ് 5 : 17)