ദൈവത്തിന്റെ വചനങ്ങളെ അടിച്ചമർത്താൻ ഒരു ശക്തിക്കും സാധ്യമല്ല. ദൈവം തന്റെ കൃപകളുമായി നമ്മെ അനുനിമിഷം അനുധാവനം ചെയ്തു കൊണ്ടിരിക്കുന്നു. ഉറച്ചു വിശ്വസിക്കുക,ദൈവം തന്നെ നമ്മെ സഹായിക്കും. സത്യം അറിയണമെന്നും അത് അനുവർത്തിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുക. ഓരോ നിമിഷവും നാം നവമായി ആരംഭിക്കണം. ഓരോ ദിവസവും ഓരോ നിമിഷവും പുതുതായി ആരംഭിക്കുന്നതു പോലെയാണ്, നവമായി തുടങ്ങുക. സമാധാനമായിരിക്ക. ദൈവം ആരംഭിച്ചത് അവിടുന്ന് തന്നെ പൂർത്തിയാക്കും.
ദൈവ കരങ്ങളിലേക്ക് നമ്മെ തന്നെ പൂർണമായി വിട്ടു കൊടുക്കുന്നതും നമ്മുടെ ആത്മാവിൽ നിർവിഘ്നം പ്രവർത്തിക്കാൻ അവിടുത്തെ അനുവദിക്കുന്നതും ഏറ്റം ആനന്ദപ്രദമായിരിക്കും. കർത്താവിന് പൂർണ്ണമായി വിട്ടുകൊടുക്കുക. അവിടുത്തെ മുമ്പിൽ ബലി വസ്തുവായി നാം എപ്പോഴും നിൽക്കണം. നമ്മുടെ പേര് “ബലി” എന്നാകണം. നമ്മോടുള്ള ദൈവത്തിന്റെ ഔദാര്യം ഒരിക്കലും കുറയുന്നില്ല. ബലി ആകാനുള്ള സന്നദ്ധത ആണ് പ്രധാനം, അതും പൂർണ ഹൃദയത്തോടും പൂർണ്ണാത്മാവോടും. നമ്മുടെ ആത്മാവ് ദൈവത്തിൽ നിമഗ്നമാവണം.
നിഷ്കളങ്ക സ്നേഹത്തിന് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഏറ്റവും ചെറിയ കാര്യം പോലും വലിയ സ്നേഹത്തോടെ ചെയ്യുക. സ്നേഹം എല്ലായ്പ്പോഴും; എല്ലായിടത്തും എപ്പോഴും സ്നേഹം.