ഫിലി. 4:4-9
നിങ്ങള്‍ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ;
ഞാൻ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിൻ.
നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കർത്താവു അടുത്തെത്തിയിരിക്കുന്നു.
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയുടെയും അപേക്ഷയിലൂടെയും
കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയില്‍
അര്‍പ്പിക്കുവിൻ.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം
നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.
അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും
സ്നേഹാര്ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ
എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിൻ.
എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിൻ.
അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും.
1 തെസ്. 5:14-22
നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിൻ. സഹോദരരേ, നിങ്ങളെ ഞങ്ങള്‍
ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിൻ; ഭീരുക്കളെ ധൈര്യപ്പെടുത്തുവിൻ;
ദുര്‍ബലരെ സഹായിക്കുവിൻ; എല്ലാ മനുഷ്യരോടും ക്ഷമാപൂർവം പെരുമാറുവിൻ.
ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും
എല്ലാവരോടും സദാ നന്മ ചെയ്യാനും ശ്രദ്ധിക്കുവിൻ.
എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ.
ഇടവിടാതെ പ്രാര്‍ഥിക്കുവിൻ.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ
സംബന്ധിച്ചുള്ള ദൈവഹിതം.
ആത്മാവിനെ നിങ്ങള്‍ നിർവീര്യമാക്കരുതേ.
പ്രവചനങ്ങളെ നിന്ദിക്കരുത്.
എല്ലാം പരിശോധിച്ചുനോക്കുവിൻ. നല്ലവയെ മുറുകെപ്പിടിക്കുവിൻ.
എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയും ചെയ്യുവിൻ.