വലിയ പ്രതിസന്ധികളെ യഥാർത്ഥ വെല്ലുവിളികളായി സ്വീകരിച്ച് അവയെ യുക്തിയുക്തം, ശക്തിമുക്തം നേരിടുന്നവർ വലിയ നേട്ടങ്ങൾ കൊയ്ത സംഭവങ്ങൾ മാനവചരിത്രത്തിൽ നിരവധിയാണ്.
1967-ലെ വേനൽ അവധിക്കാലം. നാലു സഹോദരികളിൽ ഒരുവളായ ജോണി എറിക്സൺ തന്റെ സഹോദരിയുമൊത്ത് അമേരിക്കയുടെ കിഴക്കൻതീരത്തുള്ള ചിസാപീക്ക് ഉൾക്കടലിൽ നീന്തുവാൻ പോയി. അന്ന് പതിനെട്ടു വയസ്സുണ്ടായിരുന്ന ജോണി നീന്തലിൽ മിടുക്കിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു പാറപ്പുറത്തുനിന്ന് ഉൾക്കടലിന്റെ ആഴങ്ങളിലേക്കു തലകീഴായി ചാടുവാൻ അവൾ ഭയപ്പെട്ടില്ല.
പക്ഷേ, ജോണിയുടെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയിരുന്നു. അവൾ ചാടിയ സ്ഥലത്ത് ആഴംകുറവായിരുന്നതിനാൽ അവളുടെ തല വെള്ളത്തിലെ പാറയിൽ ഇടിച്ചു. ആ വീഴ്ചയുടെ ഫലമായി അവളുടെ ശരീരം തോളിനു താഴേക്കു തളർന്നുപോയി. അതേടൊപ്പം അവളുടെ ജീവിതത്തിലെ സ്വപ്നങ്ങളും നിലച്ചുപോയി. എന്നു മാത്രമല്ല, ജീവിതത്തോടെന്നപോലെ ദൈവത്തോടും വെറുപ്പും വിദ്വേഷവും അവളിൽ നുരപൊന്തി. തന്നെ ദൈവം എന്തിനു ശിക്ഷിക്കുന്നു എന്നതായിരുന്നു അവളുടെ ചോദ്യം. ആ ചോദ്യത്തിന് ഉത്തരം ലഭിക്കാതെ വന്നപ്പോൾ തന്റെ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും അവൾ ആലോചിച്ചു.
അങ്ങനെ നൈരാശ്യത്തിന്റെ പടുകുഴിയിൽ കഴിയുമ്പോഴാണ് ഒരു ദിവസം ജോണി തന്റെ ഒരു കൂട്ടുകാരിയുമായി സംസാരിക്കാനിടയായത്. ആ സംസാരത്തിനിടയിൽ ജോണി തന്റെ ശരീരം തളർന്നുപോയതിനെക്കുറിച്ചും തന്റെ നിസഹായാവസ്ഥയെക്കുറിച്ചുമൊക്കെ വിലപിച്ചു. അപ്പോൾ കൂട്ടുകാരി പറഞ്ഞു: ‘ജോണി, നിന്റെ മാനസികാവസ്ഥ എന്താണെന്ന് ഈശോയ്ക്കു നന്നായി മനസ്സിലാകും. അവിടുത്തെ ശരീരം തളർന്നു പോയതല്ലെ? അവിടുന്നു കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ അവിടുത്തെ കൈകാലുകൾ അനക്കുവാൻ സാധിക്കുമായിരുന്നില്ലല്ലോ. ആണികൾമൂലം അവിടുന്നു പൂർണ്ണമായും ശരീരം തളർന്നവനെപ്പോലെയായിരുന്നല്ലോ’.
കൂട്ടുകാരിയുടെ ഈ വാക്കുകൾ ജോണിയെ ഇരുത്തി ചിന്തിപ്പിച്ചു. അതിനുശേഷം അവൾ ഇപ്രകാരം സാക്ഷപ്പെടുത്തി: ‘ദൈവം അവിശ്വസനീയമാംവിധം എന്റെ അരികിലുണ്ടെന്നു ഞാൻ അനുഭവിച്ചറിഞ്ഞു. അവിടുന്ന് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ആഴത്തിൽ ബോധ്യപ്പെട്ടു. എന്റെ ജീവിതം ദൈവത്തിലാണെന്നു ഞാൻ മനസ്സിലാക്കി. അവിടുന്ന് എനിക്ക് എല്ലാമായി’.
ഈശോയുടെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും പശ്ചാത്തലത്തിൽ ജോണി തന്റെ ജീവിതത്തെ വീക്ഷിച്ചപ്പോൾ, അത് അവളിൽ വലിയ പരിവർത്തനങ്ങൾ വരുത്തി. അങ്ങനെയാണു ചലനമറ്റ കൈകൾക്കു പകരം അവൾ പല്ലുകൾക്കിടയിൽ ബ്രഷ് പിടിച്ചു ചിത്രങ്ങൾ വരയ്ക്കുവാൻ തുടങ്ങിയത്. ജോണി വരച്ച ചിത്രങ്ങൾ പ്രഫഷണൽ ആർട്ടിസ്റ്റുകൾ വരയ്ക്കുന്ന ചിത്രങ്ങളെപ്പോലും വെല്ലുന്നവയാണ്. ആ ചിത്രങ്ങൾ പലതും ഇന്റർനെറ്റിൽ നമുക്കു കാണുവാനാകും.
ചിത്രരചനയിലെന്നപോലെ ജോണി വിജയിച്ച മറ്റൊരു രംഗമാണു ഗ്രന്ഥരചന. വലുതും ചെറുതുമായ നാല്പത്തിയെട്ടു പുസ്തകങ്ങളാണു ജോണി ഇതുവരെ രചിച്ചിട്ടുള്ളത്. ഈ പുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു ജോണിയുടെ ആത്മകഥയാണ്. 1976-ൽ പ്രസിദ്ധീകൃതമായ ഈ ആത്മകഥ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ, ഈ ആത്മകഥയെ ആധാരമാക്കി 1979-ൽ ഒരു സിനിമയും പുറത്തിറങ്ങുകയുണ്ടായി. തന്റെ സ്വന്തം കഥ പറയുന്ന ഈ സിനിമയിൽ ജോണിയും അഭിനയിക്കുന്നുണ്ട്.
ചിത്രരചന, ഗ്രന്ഥരചന എന്നിവയോടൊപ്പം ജോണി മികവ് പുലർത്തുന്ന മറ്റൊരു രംഗമാണു റേഡിയോ പ്രഭാഷണം. ജോണി ആൻഡ് ഫ്രണ്ട്സ് എന്ന പേരിൽ ജോണി ആരംഭിച്ച റേഡിയോ പ്രോഗ്രാമിനു 2002-ൽ ‘റേഡിയോ പ്രോഗ്രാം ഓഫ് ദ ഇയർ അവാർഡ്’ നാഷണൽ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സ് എന്ന സംഘടനയിൽനിന്നു ലഭിച്ചിട്ടുണ്ട്. ആയിരത്തിലേറെ റേഡിയോ സ്റ്റേഷനുകൾ അക്കാലത്തു ജോണിയുടെ റേഡിയോ പ്രഭാഷണം പ്രക്ഷേപണം ചെയ്തിരുന്നു.
നല്ലൊരു പ്രഭാഷകയായ ജോണി പ്രശസ്തയായ ഒരു ഗായികയുമാണെന്ന വസ്തുത നമ്മെ അമ്പരിപ്പിക്കുകതന്നെ ചെയ്യും. നിരവധി മ്യൂസിക്കൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ജോണിയാണ് ‘എലോൺ, യെറ്റ് നോട്ട് എലോൺ’, എന്ന സിനിമയുടെ ടൈറ്റിൽ ഗാനം പാടിയിരിക്കുന്നത്. ഏറ്റവും നല്ല ഗാനത്തിനുള്ള അക്കാദമി നോമിനേഷൻ ആ ഗാനത്തിനു ലഭിച്ചിരുന്നു.
തോളിനുതാഴെ ശരീരം മുഴുവൻ തളർന്നവളായ ജോണി തന്റെ വിവിധ പ്രവർത്തനങ്ങളിലൂടെ വാരിക്കൂട്ടിയിട്ടുള്ള അവാർഡുകൾ നിരവധിയാണ്. അതുപോലെ, ആറു യൂണിവേഴ്സിറ്റികളിൽ നിന്ന് ഓണററി ഡോക്ടർ ബിരുദങ്ങളും. 1982ൽ വിവാഹിതയായ ജോണി ശാരീരിക ന്യൂനതകൾ ഉള്ളവർക്കുവേണ്ടി നിരവധി ക്ഷേമപ്രവർത്തനങ്ങളിലും പങ്കാളിയാണ്. ആ പ്രവർത്തനങ്ങളുടെ ഒരു അംഗീകാരം എന്നപോലെ, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഡിസ്എബിലിറ്റി അഡൈ്വസറി കമ്മറ്റിയിലേക്കു 2002ൽ ജോണിയെ ഉൾപ്പെടുത്തുകയുണ്ടായി.
ശരീരം തളർന്നുപോയ ജോണിയുടെ ജീവിതത്തിലെ അത്ഭുതകരമായ നേട്ടങ്ങളെക്കുറിച്ചുകേൾക്കുമ്പോൾ നമുക്ക് അതിശയം തോന്നാം. കാരണം, അത്രമാത്രം നേട്ടങ്ങളാണ് അവൾ തന്റെ ജീവിതത്തിൽ നേടിയെടുത്തിട്ടുള്ളത്. എന്നാൽ, എങ്ങനെയാണ് അവൾ ഈ നേട്ടങ്ങളെല്ലാം നേടിയെടുത്തിട്ടുള്ളത്? തന്റെ തളർച്ചയിലും തകർച്ചയിലും ദൈവം തന്നെ കൈവെടിഞ്ഞില്ല, അവിടുന്ന് എപ്പോഴും താങ്ങും തണലുമായി തന്റെ കൂടെയുണ്ട് എന്ന ഉത്തമ ബോധ്യമാണ് അവൾക്ക് നേട്ടങ്ങളെല്ലാം നേടികൊടുത്തത്.
ജോണിയുടേതുപോലെ അല്ലെങ്കിലും ജീവിതത്തിൽ പലപ്പോഴും പല തകർച്ചകളും നമുക്കു നേരിടേണ്ടിവരും. ചിലപ്പോൾ അവ വലിയ തകർച്ചകളുമായിരിക്കാം. അങ്ങനെയുള്ള അവസരങ്ങളിൽ നാം ഒരിക്കലും നിരാശരാകരുത്. മറ്റു സമയങ്ങളിലെന്നതിനേക്കാൾ അധികമായി, നമ്മുടെ തകർച്ചയുടെ സമയങ്ങളിൽ ദൈവം നമ്മോടുകൂടെയുണ്ട് എന്ന ദൃഢവിശ്വാസം നമുക്കുണ്ടാകണം. അപ്പോൾ അവിടുന്നിൽ നിന്നു ശക്തി സ്വീകരിച്ചു നമ്മുടെ ദുഃഖങ്ങളെ നേരിടാനും നമ്മുടെ തകർച്ചകളെ മറികടക്കാനും നമുക്കു സാധിക്കും.
ജോണിയുടെ കൂട്ടുകാരി ജോണിയെ അനുസ്മരിപ്പിച്ചതുപോലെ, ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ടു ശരീരം അനക്കാനാവാതെ തകർന്നുപോയവനാണു ദൈവപുത്രനായ ഈശോ. അപ്പോൾപ്പിന്നെ നമ്മുടെ തകർച്ചയും തളർച്ചയും അവിടുന്ന് എങ്ങനെ കാണാതിരിക്കും? കുരിശിൽ ആണികളാൽ തറയ്ക്കപ്പെട്ടു തകർന്നവനായ അവിടുത്തെ സജീവസാന്നിദ്ധ്യവും നിരന്തരസഹായവും നമുക്കെപ്പോഴും സംലഭ്യമാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അവിടുന്നു നമ്മുടെകൂടെയുണ്ടെങ്കിൽ ഒരു ശക്തിക്കും നമ്മെ തകർക്കാനാവില്ല എന്ന ഉറച്ചവിശ്വാസം എപ്പോഴും നമ്മിലുണ്ടാവട്ടെ.