സങ്കീർത്തനം 18
1-3
കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നി നിന്നു രക്ഷിക്കും.
6
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
9-10
ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങി വന്നു, കൂരിരുട്ടിന്മേല് അവിടുന്നു പാദം ഉറപ്പിച്ചു.
കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പാഞ്ഞുവന്നു.
16-17
ഉന്നതത്തില് നിന്നു കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില് നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
പ്രബലനായ ശത്രുവില്‍ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു.
20-36
എന്റെ നീതിക്കൊത്തവിധം കര്‍ത്താവ് എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ നിര്‍മലതയ്ക്കുചേര്‍ന്ന വിധം എനിക്കു പകരം തന്നു.
കര്‍ത്താവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ഉറച്ചു നിന്നു; തിന്മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാന്‍ അകന്നു പോയില്ല.
അവിടുത്തെ കല്പനകള് എന്റെ കണ്മുന്പിലുണ്ടായിരുന്നു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
അവിടുത്തെ മുന്പില് ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍ നിന്നു ഞാന്‍ അകന്നു നിന്നു.
എന്റെ നീതിയും കൈകളുടെ നിഷ്കളങ്കതയും കണ്ടു കര്‍ത്താവ് എനിക്കു പ്രതിഫലം നല്കി.
വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലര്‍ത്തുന്നു; നിഷ്കളങ്കനോടു നിഷ്കളങ്കമായി പെരുമാറുന്നു.
നിര്‍മലനോടു നിര്‍മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
വിനീതരെ അങ്ങ് വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു.
അങ്ങ് എന്റെ ദീപം കൊളുത്തുന്നു; എന്റെ ദൈവമായ കര്‍ത്താവ് എന്റെ അന്ധകാരം അകറ്റുന്നു.
അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും;
ദൈവത്തിന്റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?
അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; എന്റെ മാര്‍ഗം സുരക്ഷിതമാക്കുന്നു.
അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി.
എന്റെ കൈകളെ അവിടുന്നു യുദ്ധമുറ അഭ്യസിപ്പിച്ചു; എന്റെ കരങ്ങള്‍ക്കു പിച്ചളവില്ല് കുലയ്ക്കാന് കഴിയും.
അങ്ങ് എനിക്കു രക്ഷയുടെ പരിച നല്കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങി നിറുത്തി; അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി.
എന്റെ പാത അങ്ങു വിശാലമാക്കി; എന്റെ കാലുകള്‍ വഴുതിയില്ല.