ദൈവത്തെ അറിഞ്ഞു സ്നേഹിച്ച്, അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു നിത്യജീവൻ പ്രാപിക്കുവാനാണല്ലോ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈശോ തന്റെ മഹാപുരോഹിത പ്രാർത്ഥനയിൽ അസന്നിഗ്ദ്ധമായി പറയുന്നു: ‘ഏകസത്യ ദൈവമായ അവിടുത്തെയും (പിതാവിനെയും) അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുന്നതാണു നിത്യജീവൻ’ (യോഹ. 17: 3). യോഹ.6:47ൽ അവിടുന്നു വ്യക്തമാക്കുന്നു: ‘വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്’. അതായത്, ഈശോയിലുള്ള പരി.ത്രീത്വത്തിലുള്ള, വിശ്വാസവും നിത്യജീവനും അഭേദ്യമായി ബന്ധപ്പെട്ടരിക്കുന്നു.
തൊട്ടു പിന്നാലെ അവിടുന്ന അരുളിചെയ്യുന്നു: ‘സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും’. തർക്കത്തിന്റെ പശ്ചാത്തലത്തിൽ അവിടുന്ന് ആവർത്തിച്ചുറപ്പിക്കുന്നു: ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും….. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു മനുഷ്യമക്കൾക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനും'(യോഹ.10:10). ‘ഞാൻ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. അവൻ എന്നേക്കും ജീവിക്കും’ (യോഹ. 6:48).
ഇവിടെ ഒരു സത്യം വളരെ സ്പഷ്ടമാകുന്നു. സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമായ ഈശോയുടെ ശരീരം ഭക്ഷിക്കുകയും അവിടുത്തെ രക്തം പാനം ചെയ്യുകയും ചെയ്യുകയാണു നിത്യജീവൻ കൈവരിക്കാനുള്ള മാർഗ്ഗം.
ഇതു നന്നായി മനസ്സിലാക്കുന്നതിന് ഒരു ജ്ഞാനോദയം അത്യന്താപേക്ഷിതമാണ്. അതായത്, നമുക്കു നിത്യജീവൻ ലഭിക്കുന്നതിനു നമ്മുടെ ഹൃദയത്തെ, വിശ്വാസത്തിലൂടെ, വിശ്വാസത്തിൽ നിന്നുരുത്തിരിയുന്ന സമർപ്പണത്തിലൂടെ നാം നമ്മെത്തന്നെ ഈശോയോട് ഒട്ടിച്ചേർക്കണം. അപ്പോഴാണ് ഈശോയുമായുള്ള നമ്മുടെ ആത്മാവിന്റെ ഐക്യം പൂർണ്ണതയിലെത്തുക. ഇവിടെയാണു നമുക്ക് ഒരു തിരിച്ചറിയൽ അത്യാവശ്യം.
ശരീരത്തിനെന്നതിനെക്കാൾ ആത്മാവിനാണ് തിരിച്ചറിവും ഐക്യവും അത്യാവശ്യം. ആത്മാവാണു ജീവൻ നല്കുന്നത് എന്നു പറയുമ്പോൾ ഇതാണ് ഈശോ അർത്ഥമാക്കുന്നത്. ഇവിടെ ഒരു ആത്മീയകൂട്ടായ്മ ഉടലെടുക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഏക സത്യദൈവമായ പിതാവിനെയും അവിടുന്ന് അയച്ച പുത്രനെയും അറിഞ്ഞു നിത്യജീവൻ അവകാശപ്പെടുത്താൻ ഈ തിരിച്ചറിയൽ അത്യന്താപേക്ഷിതമാണ്. അതു മൂലം ദൈവവും മനുഷ്യനുമായുള്ള ആധ്യാത്മിക കൂട്ടായ്മ ഉളവാകുകകയും ചെയ്യുന്നു.
ബൗദ്ധികതലത്തിലോ, വെറും വൈകാരിക തലത്തിലോ ഒതുങ്ങി നിന്നാൽ ഐക്യം പൂർണ്ണവും പരിപക്വവുമാവുകയില്ല. അങ്ങനെയുള്ളവർ വിശ്വാസം നിർവ്വിശങ്കം കൈവെടിയുകയും ചെയ്യുന്നു. തുറന്ന മനസ്സോടെ, തുറന്ന ഹൃദയത്തോടെ, ഹൃദയത്തിൽ, ആത്മാവിൽ ഈ ഐക്യത്തിലേക്ക് ഏവനും പ്രവേശിക്കണം. ഈ ബന്ധം വേർപെടുത്താൻ ഒരു ശക്തിക്കും അവസരം നല്കരുത്. ഈശോയോടുള്ള എന്റെ ബന്ധം സത്താപരമായിരിക്കണം.
അനുഭവമാർന്ന കൗദാശിക ജീവിതം, വിശിഷ്യ, വി.കുർബാന, കുമ്പസാരം, തിരുവചനം, പ്രാർത്ഥന, പങ്കുവയ്ക്കൽ, പഠനം, കൂട്ടായ്മ, കൗൺസലിംഗ് മുതലായവ ദൈവവുമായുള്ള ഐക്യത്തിൽ അന്യൂനം നിലനില്ക്കാൻ അത്യന്താപേക്ഷിതമാണ്.