ഒന്നാമത്തെ റോസാപ്പൂ
ജപമാലയിൽ പ്രാർത്ഥനകൾ
പരിശുദ്ധ ജപമാലയിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്– മാനസിക പ്രാർത്ഥനയും വാചിക പ്രാർത്ഥനയും. ജപമാലയിൽ മാനസിക പ്രാർത്ഥന എന്നത് യേശു ക്രിസ്തുവിന്റെയും അവിടുത്തെ പരിശുദ്ധ അമ്മയുടെയും ജീവിതം, മരണം, മഹത്വം എന്നിവയിലെ മുഖ്യരഹസ്യങ്ങളുടെ ധ്യാനമല്ലാതെ മറ്റൊന്നുമല്ല. വാചിക പ്രാർത്ഥനയിൽ നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ 15 ദശകങ്ങളും (ഇപ്പോൾ 20 ) ഓരോ ദശകത്തിന്റെയും ആരംഭത്തിൽ ചൊല്ലുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും ഉൾപ്പെടുന്നു. ഈ വാചിക പ്രാർത്ഥനയുടെ സമയത്തുതന്നെ ജപമാലയുടെ 15 രഹസ്യങ്ങളിൽ യേശുവും പരിശുദ്ധ മറിയവും പരിശീലിപ്പിച്ച 20 പ്രധാന പുണ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്നു.
ജപമാലയിൽ ആദ്യ അഞ്ചു ദശകങ്ങളിൽ നാം അഞ്ചു സന്തോഷ രഹസ്യങ്ങളെ ആദരിച്ച് അവയെക്കുറിച്ച് ധ്യാനിക്കണം. രണ്ടാമത്തെ അഞ്ചു ദശകങ്ങളിൽ ദുഃഖരഹസ്യങ്ങളും മൂന്നാമത്തെ അഞ്ചു ദശകങ്ങളിൽ മഹത്വരഹസ്യങ്ങളും ധ്യാനിക്കണം (നാലാമത്തേതിൽ പ്രകാശ രഹസ്യങ്ങൾ). അതുകൊണ്ട് പരിശുദ്ധ ജപമാല മാനസിക വാചികപ്രാർത്ഥനയുടെ ഒരു വിശുദ്ധ മിശ്രിതമാണ്. അതിലൂടെ യേശുവിന്റെയും പരിശുദ്ധ മറിയത്തിന്റെയും ജീവിതം, മരണം, സഹനം, മഹത്വം എന്നിവയുടെ രഹസ്യങ്ങളും പുണ്യങ്ങളും നാം ആദരിക്കുകയും അനുസരിക്കുകയും അനുകരിക്കാൻ പഠിക്കുകയും ചെയ്യുന്നു.
രണ്ടാമത്തെ റോസാപ്പൂ
ജപമാലയുടെ ഉത്ഭവം
പരിശുദ്ധ ജപമാല ക്രമപ്പെടുത്തിയിരിക്കുന്നത് മുഖ്യമായും ക്രിസ്തുവിന്റെ പ്രാർത്ഥനയും (സ്വർഗ്ഗസ്ഥനായ പിതാവേ) മാലാഖയുടെ അഭിവാദനവും (നന്മനിറഞ്ഞ മറിയമേ സ്വസ്തി) അടിസ്ഥാനമായി ഉപയോഗിച്ചതാണ്. തന്മൂലം അത് വിശ്വാസികളുടെ ആദ്യ പ്രാർത്ഥനയും ആദ്യഭക്തിയും ആയിരുന്നുവെന്നകാര്യത്തിലും അപ്പസ്തോലന്മാരുടെയും ശിഷ്യന്മാരുടെയും കാലം മുതൽക്കേ, തലമുറകളായി അത് തുടർന്ന് വരുന്നതിലും യാതൊരു സംശയവുമില്ല. എന്നിരുന്നാലും ഇന്നത്തെ രൂപത്തിൽ, നാം ഇന്ന് ഉപയോഗിക്കുന്ന രീതിയിൽ ജപമാല തിരുസഭയ്ക്ക് ലഭിച്ചത് 1214 –ൽ മാത്രമാണ്; വിശുദ്ധ ഡൊമിനിക്കിലൂടെ അൽബിജെൻസിയൻസിനെയും മറ്റ് പാഷണ്ഡികളെയും മനസാന്തരപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായി പരിശുദ്ധ കന്യാമറിയത്തിൽ നിന്നാണ് അദ്ദേഹത്തിന് ജപമാല ലഭിച്ചത്.
വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷ് എഴുതിയ ‘പരിശുദ്ധ ജപമാലയുടെ പ്രാധാന്യവും മനോഹാരിതയും‘ എന്ന വളരെ പ്രസിദ്ധമായ പുസ്തകത്തിൽ വിശുദ്ധ ഡൊമിനിക്കിന് എങ്ങനെ ജപമാല ലഭിച്ചു എന്നതിനെക്കുറിച്ചുള്ള കഥ വിവരിച്ചിട്ടുണ്ട്. അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.
ആൽബിജെൻസിയൻസിന്റെ മാനസാന്തരം തടസ്സപ്പെടുന്നത് മനസ്സിലാക്കിയത് വിശുദ്ധ ഡൊമിനിക്ക് ടോലോസിനടുത്തുള്ള ഒരു വനത്തിലേക്ക് പിൻവാങ്ങി. അവിടെ അദ്ദേഹം മൂന്നു ദിനരാത്രങ്ങൾ ഇടവിടാതെ പ്രാത്ഥിച്ചു. ഈ സമയമത്രയും സർവ്വശക്തനായ ദൈവത്തിന്റെ കോപം ശമിപ്പിക്കാൻവേണ്ടി അദ്ദേഹം കരഞ്ഞു. കഠോരമായ പ്രായശ്ചിത്തങ്ങൾ അനുഷ്ഠിക്കുകയും അവരുടെ പാപത്തിന്റെ കാഠിന്യം ക്ഷമിക്കണമെന്നപേക്ഷിക്കുകയും മാത്രമാണ് ചെയ്തത്.
അതികഠിനമായ പ്രായശ്ചിത്തമുറകൾ അനുഷ്ഠിച്ചതുനിമിത്തം ഡൊമിനിക്കിന്റെ ശരീരത്തിലാകെ മുറിവുണ്ടായി. ഒടുവിൽ അദ്ദേഹം അബോധാവസ്ഥയിലായിത്തീർന്നു. ഈ സമയത്ത് മൂന്നു മാലാഖമാരോടൊപ്പവും പരിശുദ്ധ കന്യകാമാതാവ് അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ മാതാവ് പറഞ്ഞു: “പ്രിയപ്പെട്ട ഡൊമിനിക്, ലോകത്തെ നവീകരിക്കുവാനായി ഏത് ആയുധം ഉപയോഗിക്കണമെന്ന് പരിശുദ്ധ ത്രിത്വം ആഗ്രഹിക്കുന്നതെന്ന് നിനക്കറിയാമോ?”
ഡൊമിനിക് പറഞ്ഞു: “എന്റെ മാതാവേ, എനിക്കറിയുന്നതിനേക്കാൾ കൂടുതൽ നന്നായി അത് അങ്ങേക്കറിയാം. കാരണം, അങ്ങേ പുത്രനായ യേശുക്രിസ്തു കഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ രക്ഷയുടെ മുഖ്യ ഉപകരണം എപ്പോഴും അങ്ങുതന്നെയാണ്“
അപ്പോൾ മാതാവ് പറഞ്ഞു: “ഇത്തരത്തിലുള്ളൊരു യുദ്ധത്തിൽ ഇപ്പോഴും ശത്രുവിനെ അടിച്ചുതകർക്കുന്ന ഈ കൂടം, പുതിയ നിയമത്തിന്റെ അടിസ്ഥാന ശിലയായി മാലാഖയുടെ കീർത്തനമായിരുന്നുവെന്ന് നീ അറിയണം. അതിനാൽ കഠിനഹൃദയരായ ഈ ആത്മാക്കളിൽ എത്തിച്ചേരുവാനും ദൈവത്തിനുവേണ്ടി എന്റെ കീർത്തനം പ്രഘോഷിക്കുക.”
ആശ്വാസചിത്തനായ ഡൊമിനിക് എഴുന്നേറ്റു. ആ ജില്ലയിലുവരുടെ മാനസാന്തരത്തിനുവേണ്ടി ജ്വലിക്കുന്ന ആവേശത്തോടെ അദ്ദേഹം നേരെ കത്തീഡ്രലിലേക്ക് നടന്നു. ഉടനെ അദൃശ്യനായ മാലാഖമാർ ആളുകളെ ഒരുമിച്ചുകൂട്ടുവാനായി മണി മുഴക്കി. ഡൊമിനിക് പ്രസംഗം ആരംഭിച്ചു. ഉടനെത്തന്നെ അതിഭയങ്കരമായ ഒരു കൊടുങ്കാറ്റ് വീശുവാൻ ആരംഭിച്ചു. ഭൂമി കുലുങ്ങി; സൂര്യൻ ഇരുണ്ടു. ഭീകരമായ ഇടിമിന്നൽ കണ്ട സകലരും ഭയന്നുവിറച്ചു.
ആ കത്തീഡ്രലിൽ പ്രധാന സ്ഥലത്ത് പരിശുദ്ധ ദൈവമാതാവിന്റെ ഒരു ചിത്രം സ്ഥാപിച്ചിരുന്നു. ആളുകൾ ആ ചിത്രത്തിലേക്ക് നോക്കിയപ്പോൾ ഒരു കാഴ്ച കണ്ടു. മാനസാന്തരപ്പെടുവാനും ജീവിതത്തിൽ പരിവർത്തനം വരുത്തുവാനും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാനും അവർ പരാജപ്പെടുന്നുവെങ്കിൽ ദൈവത്തിന്റെ പ്രതികാരം അവരുടെമേൽ പതിപ്പിക്കുവാനായി മാതാവ് തന്റെ കാര്യങ്ങൾ സ്വർഗ്ഗത്തിലേക്ക് മൂന്നുതവണ ഉയർത്തുന്നു! അതോടെ ജനം കൂടുതൽ സംഭ്രാന്തരായി.
ഈ അതിസ്വാഭാവിക പ്രതിഭാസങ്ങളിലൂടെ പരിശുദ്ധ ജപമാലയോടുള്ള പുതിയ ഭക്തി പ്രചരിക്കുവാനും അത് കൂടുതൽ പ്രശസ്തമാക്കുവാനും ദൈവം ആഗ്രഹിച്ചിരുന്നു. ഒടുവിൽ ഡൊമിനിക് പ്രാർത്ഥിച്ചപ്പോൾ കൊടുങ്കാറ്റ് ശമിച്ചു; അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു. വളരെയധികം തീക്ഷണതയോടെയും മതിപ്പുളവാക്കും വിധത്തിലുമാണ് പരിശുദ്ധ ജപമാലയുടെ പ്രാധാന്യത്തെയും മൂല്യത്തെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. അങ്ങനെ ടോലോസിലെ എല്ലാവരുംതന്നെ ജപമാലയെ അംഗീകരിക്കുകയും തെറ്റായ വിശ്വാസങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഒരു വലിയ പുരോഗമനം ആ പട്ടണത്തിലുണ്ടായി. ജനം ക്രിസ്തീയ ജീവിതം നയിക്കാനരംഭിക്കുകയും മുൻകാല ദുഃശീലങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.
വി. ലൂയിസ് ഡി മോണ്ട്ഫോർട്ട്