ഉല്പ 17:1-8അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും.അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും.രാജാക്കന്മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും.നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും.
നോഹയുമായി ദൈവം ഉടമ്പടി നടത്തി. എന്നാൽ ഉടമ്പടി പൂർത്തിയാകുന്നതും വ്യവസ്ഥാപിതമാകുന്നതും സത്താപരവും വൈയക്തികമാവുന്നതും അബ്രാഹവുമായുള്ളതിലാണ്. “ഞാൻ എന്നേക്കും നിനക്കും നിന്റെ സന്തതികൾക്കും ദൈവമായിരിക്കും.” ദൈവത്തിനു നമ്മോടുള്ള സ്നേഹവും നിസീമമായ കാരുണ്യവുമാണ് ഈ മഹാ ഉടമ്പടി വ്യക്തമാക്കുക.
ഇത്രയധികം സ്നേഹവും കാരുണ്യവും നമ്മിലേക്ക് ചൊരിയുന്ന ദൈവത്തോട് എത്രയധികം നന്ദിയും സ്നേഹവുമാണ് നമുക്കുണ്ടായിരിക്കേണ്ടത്! പാപത്തിനു അടിമകളായ നമ്മെ സ്വാതന്ത്രരാക്കാൻ കരുണാമയൻ തിരുമനസാകുന്നതും നാം നശിച്ചു പോകാതിരിക്കാൻ പൊന്നോമന പുത്രനെ ഭൂമിയിലേക്ക് അയച്ചതും അനുബന്ധങ്ങളുമെല്ലാം സ്നേഹവും കരുണയുമായ ദൈവത്തിനു നമ്മോടുള്ള വലിയ കരുതലിന്റെയും കാവലിന്റെയും ഒക്കെ ആവിഷ്ക്കാരമാണ്. “എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏക ജാതനെ നല്കാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16). തിരുവചനത്തിന്റെ കേന്ദ്രവാക്ക്യം, പരമപ്രധാന വചനം ആയാണ് ഇതിനെ ബൈബിൾ പണ്ഡിതർ വിലയിരുത്തുക. ഈ തിരുവചനം വൈയക്തികമായി രുചിച്ചറിയുന്നതിനു ചെറിയൊരു രൂപഭേദം ഏറെ സഹായിക്കും. എന്തെന്നാൽ ഈശോമിശിഹായിൽ വിശ്വസിക്കുന്ന ഞാൻ നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏക ജാതനെ എനിക്ക് നല്കാൻ തക്കവിധം പിതാവായ ദൈവം എന്നെ അത്രയധികം സ്നേഹിക്കുന്നു.
പൗലോസ് ഈ തിരുവചനം തന്റെ വാക്കുകളിൽ അവതരിപ്പിക്കുന്നത് വായിക്കുക. “നാം പാപികളായിരിക്കെ, ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ.5:8). തന്റെ തിരുസുതന്റെ മരണത്തിൽ നാം ദൈവവുമായി രമ്യതപ്പെട്ടു. അതുകൊണ്ടു അവന്റെ ജീവൻ മൂലം നാം രക്ഷിക്കപ്പെടും, തീർച്ച.