മെർളിൻ മണ്റോ ഇങ്ങനെ കുറിച്ചുവച്ചു: ‘എനിക്ക് എല്ലാമുണ്ട്. പക്ഷേ, എന്റെ മനസ്സ് അങ്ങേയറ്റം അസ്വസ്ഥമാണ്. എന്റെ ഉള്ളിൽ എന്തിനോവേണ്ടിയുള്ള തേങ്ങലാണ്. ആത്മഹത്യയല്ലാതെ എനിക്കുമറ്റുമാർഗ്ഗമൊന്നുമില്ല’. യൂദാസിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. അവർക്ക് ഈ അവസ്ഥയുണ്ടാകുവാനുള്ള കാരണമാണു നാം മനസ്സിലാക്കേണ്ട ഗൗരവമായ കാര്യം. ഇരുവരും തങ്ങളിലേക്കുതന്നെ നോക്കി. സഹനത്തിന്റെ മൂല്യം, കുരിശിന്റെ വില, അവർ ഗ്രഹിച്ചില്ല. സഹനം, കുരിശു, രക്ഷാകരമാണെന്ന സത്യം അവർക്കു മനസ്സിലായില്ല. വിജയത്തിന്റെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ അടയാളമാണു കുരിശ്.
ഒരു വ്യക്തിക്കുണ്ടായ ഒരു സവിശേഷ സ്വപ്നം ഇവിടെ വളരെ പ്രസക്തമാണ്. ഈശോ അയാളെ സന്ദർശിക്കുന്നു. തുടർന്ന് ഏറെ നേരം അവർ ഒരുമിച്ചു നടന്നു സംഭാഷിക്കുന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷം അയാൾക്ക് അനുഭവപ്പെടുന്നുണ്ട്. എല്ലാം അയാൾ ഗ്രഹിക്കുന്നത് പാതയിൽ പതിയുന്ന നാലു കാല്പാദങ്ങളുടെ ദൃശ്യത്തിലൂടെയാണ്. രണ്ടുപാദങ്ങൾ ഈശോയുടെയും രണ്ടു പാദങ്ങൾ അയാളുടേയും. എന്നാൽ, ആ സന്തോഷം നീണ്ടുനിന്നില്ല. എന്തൊക്കെയോ കാരണങ്ങളാൽ അയാൾ വലിയ ദുഃഖക്കയത്തിലാകുന്നു. ഈശോ കൂടെയുണ്ടെന്ന ചിന്ത അയാൾക്കു കുറച്ച് ആശ്വാസം പകർന്നെങ്കിലും, താമസിയാതെ അതും അസ്ഥാനത്താകുന്നു. രണ്ടു കാൽപാദങ്ങളേ അയാൾ ഇപ്പോൾ കാണുന്നുള്ളു.
ഇത്രയേറെ താൻ വിഷമിക്കുന്ന സമയത്ത് ഈശോ അകന്നുപോയല്ലോ എന്ന ചിന്ത അയാളുടെ ദുഃഖം ശതഗുണീഭവിപ്പിക്കുന്നു. പക്ഷെ, അയാൾക്കു യാതൊരു നിരാശയുമില്ല. ദൈവത്തിന്റെ പദ്ധതിക്ക് അയാൾ തന്നെത്തന്നെ വിട്ടുകൊടുക്കുന്നു.
പെട്ടെന്ന് അയാളുടെ പ്രയാസങ്ങളെല്ലാം നീങ്ങുന്നു. ഇപ്പോൾ ഈശോ കൂടെയുണ്ടെന്നും അയാൾ തിരിച്ചറിയുന്നു. കാരണം, നാലു കാല്പാദങ്ങളും അയാൾക്കു ദൃശ്യമാണ്. അയാൾ ചോദിക്കുന്നു: ‘എന്റെ ഈശോയേ, ഞാൻ ഇത്രയേറെ വേദനിച്ച സമയത്ത് അങ്ങ് എന്താണ് എന്നെ കൈവിട്ടത്?’ ‘ഞാൻ കൈവിട്ടെന്നു നീ എങ്ങനെ അറിഞ്ഞു?’, ഈശോ തെരക്കുന്നു. അയാളുടെ മറുപടി ഇങ്ങനെ: ‘ഞാൻ കദനക്കടലിൽ മുങ്ങിത്താണപ്പോൾ രണ്ടുപാദങ്ങളേ എനിക്കു ദൃശ്യമായിരുന്നുള്ളൂ’. ‘ആ കാല്പാദങ്ങൾ ആരുടേതായിരുന്നു?’ എന്ന് ഈശോ ചോദിച്ചപ്പോൾ, അയാൾ പറഞ്ഞത് ‘എന്റേത്’ എന്നാണ്. ഈശോയുടെ അടുത്ത മറുപടി ഏറ്റം ശ്രദ്ധേയമാണ്. ‘മകനേ, നീ കണ്ട രണ്ടു പാദങ്ങൾ നിന്റേതല്ലായിരുന്നു, എന്റേതായിരുന്നു. നിന്റെ സഹനസമയമെല്ലാം ഞാൻ നിന്നെ എന്റെ കരങ്ങളിലെടുത്ത് എന്റെ മാറോടു ചേർത്തണച്ചിരിക്കുകയായിരുന്നു’.
സഹനത്തെക്കുറിച്ചു വലിയൊരു വെളിപാടാണ് ഈശോ നടത്തിയത്. ഈശോ, ദൈവം, ക്ഷമയോടെ, വിശ്വസ്ഥതയോടെ സഹനദാസനെ, സഹനത്തിന്റെ പാരമ്യത്തിൽ തന്റെ തോളിലെടുത്ത് അവനെ സുരക്ഷിതനായി വഴിനടത്തുന്നുണ്ട്. പക്ഷെ, സഹനത്തിന്റെ ബലിവേദിയിൽ ആയിരിക്കുന്നവന് ഈ സംരക്ഷണം, ഈ പരിപാലന പലപ്പോഴും, അനുഭവവേദ്യമാവില്ലെന്നത് വാസ്തവമാണ്. അനുഭവവേദ്യമാവാൻ രക്ഷാകര പദ്ധതിയുടെ ‘ടെക്നിക്’ ക്രമീകരണം, സഹനത്തിന്റെ ദൈവശാസ്ത്രം മനസ്സിലാക്കണം.
യാഥാർത്ഥത്തിൽ, കുരിശു സ്വർഗ്ഗത്തിലേക്കുള്ള ഗോവണിയാണ്. അതിലൂടെയല്ലാതെ ആരും സ്വർഗ്ഗത്തിലെത്തുകയില്ല. ‘എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു (നിത്യരക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്നവൻ) തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ’ (മത്താ.16:24)