ഒരു ദിവസം ഒരു മനുഷ്യൻ ഓടയിൽ വീണുകിടക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അമ്മ അയാളെ എടുത്ത് നിർമ്മൽ ഹൃദയിൽ കൊണ്ടുവന്നു. അയാളുടെ ശരീരം നിറയെ വ്രണങ്ങളായിരുന്നു. അയാളെ കുളിപ്പിച്ച്, വ്രണങ്ങൾ കഴുകി വൃത്തിയാക്കി, മരുന്നുവച്ചുകെട്ടി. ഭക്ഷിക്കാൻ കൊടുത്തു. അയാൾക്ക് പേടിയോ പരാതികളോ ഇല്ലായിരുന്നു. സന്തോഷവാനായ ആ മനുഷ്യൻ പുഞ്ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു: ”ജീവിതം മുഴുവൻ മൃഗത്തെപ്പോലെ ഞാൻ തെരുവിൽ കഴിച്ചുകൂട്ടി. ഇപ്പോഴിതാ ഒരു മാലാഖയെപ്പോലെ ഞാൻ എന്റെ ഭവനത്തിലേയ്ക്ക് പോകുന്നു”. അമ്മ അയാൾക്കുവേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു. മൂന്നു മണിക്കൂറിനുള്ളിൽ അയാൾ സമാധാനമായി മരിച്ചു.
വേണമെങ്കിൽ നിങ്ങൾ എന്നെ കൊന്നോളു
കാളീഘട്ടിലെ സത്രം ഒരു കത്തോലിക്കാ സന്യാസിനി കൈവശം വച്ചുകൊണ്ടിരിക്കുന്നത് പല ഹൈന്ദവ സഹോദരങ്ങൾക്കും ഇഷ്ടപ്പെട്ടില്ല. അവർ സംഘടിച്ചു നിർമ്മൽ ഹൃദയിക്ക് എതിരേ തിരിഞ്ഞു. കന്യാസ്ത്രീകൾ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുകയാണെന്നും മരിക്കുന്നവരെ ക്രിസ്തുമതാചാരമനുസരിച്ചാണ് സംസ്കരിക്കുന്നതെന്നു മറ്റുമുള്ള ആരോപണങ്ങൾ ഉന്നയിച്ചു. പൊടുന്നനെ അവർ അക്രമാസക്തരായി. അവർ സത്രത്തിനു കല്ലെറിയുവാനും നാശനഷ്ടങ്ങൾ വരുത്തുവാനും തുടങ്ങി. ക്രുദ്ധരായി നിൽക്കുന്ന സഹോദരന്മാരുടെ ഇടയിലേയ്ക്ക് ധൈര്യമായി ഇറങ്ങിച്ചെന്ന് മുട്ടുകുത്തി ശാന്തസ്വരത്തിൽ അമ്മ പറഞ്ഞു: ”വേണമെങ്കിൽ നിങ്ങൾ എന്നെ കൊന്നോളൂ. ഇവിടുത്തെ പാവം മനുഷ്യരെ ദയവായി ഉപദ്രവിക്കരുത്. സ്വസ്ഥമായി മരിക്കാനെങ്കിലും അവരെ അനുവദിക്കൂ”.
പരിശുദ്ധ അമ്മയാണ് തനിക്ക് ധൈര്യം പകർന്നു നൽകിയതെന്നു മദറിന് ഉറപ്പാണ്. അവർ അമ്മയ്ക്ക് നന്ദി പറഞ്ഞു. മദറിന്റെ അസാധാരണമായ ധൈര്യം ബഹളക്കാരെ ശാന്തരാക്കി തിരിച്ചയച്ചു.
നിയമപാലകരുടെ സഹായത്തോടെ പ്രസ്തുത സഹോദരന്മാർ വീണ്ടും നിർമ്മൽ ഹൃദയ്ക്കെതിരെ തിരിഞ്ഞു. മദറിനെയും മറ്റു സഹോദരിമാരെയും അറസ്റ്റ് ചെയ്ത് എല്ലാം അവസാനിപ്പിക്കണമെന്ന വാശിയോടെ ഒരുപറ്റം യുവാക്കൾ പോലീസ് കമ്മീഷണറോടും കോർപ്പറേഷൻ അധികാരിയോടുമൊപ്പം നിർമ്മൽ ഹൃദയിലെത്തി. കമ്മീഷണറും കോർപ്പറേഷൻ അധികാരിയും ഉള്ളിലേയ്ക്ക് കടന്നു. ക്ഷുഭിതരായ യുവാക്കൾ മദറിനെയും മറ്റു സഹോദരിമാരെയും അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതു കാണാൻ പുറത്തു നിലയുറപ്പിച്ചു. അകത്തുകടന്ന അധികാരികൾക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അഴുകി പഴുത്ത് ദുർഗന്ധം വമിക്കുന്ന വ്രണങ്ങളുമായി തളർന്നു കിടക്കുന്ന ഒരു സഹോദരന്റെ മുറിവുകൾ കഴികി അമ്മ വച്ചുകെട്ടുന്നതാണ് അവർ കണ്ടത്. വേദനകൊണ്ടു നീറിപ്പിടയുന്ന ആ സഹോദരനോട് അയാളുടെ മതത്തിലെ പ്രാർത്ഥനകൾ ചൊല്ലാൻ പ്രാർത്ഥനയുടെ അമ്മ ആവശ്യപ്പെട്ടു. അയാളതു ചൊല്ലി അമ്മയും പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പ്രാർത്ഥനയിൽനിന്ന് അയാൾ സാന്ത്വനം അനുഭവിക്കുന്നുണ്ടായിരുന്നു.
അമ്മയുടെ സഹോദരികൾ നാലുപാടും ഓടിനടന്ന് രോഗികളെ പരിചരിക്കുകയായിരുന്നു. ചെളിക്കുണ്ടിൽനിന്നും പൊക്കിയെടുത്തു കൊണ്ടുവരുന്നരെ ചെറുചൂടുവെള്ളത്തിൽ കുളിപ്പിച്ച് ആവശ്യമായ ഭക്ഷണം കൊടുക്കുന്നതും വൃത്തിഹീനമായ വസ്ത്രങ്ങൾ അലക്കുന്നതും വ്രണങ്ങൾ വൃത്തിയാക്കി വച്ചുകെട്ടുന്നതും മലമൂത്ര വിസർജ്ജനങ്ങളാൽ മലിനമായ വസ്ത്രങ്ങൾ മാറ്റി അലക്കി വെടിപ്പാക്കിയവ ധരിപ്പിക്കുന്നതും അവരോടു സ്നേഹത്തോടെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുന്നതും വേദനിച്ചു പുളയുന്നവരെ വാത്സല്യത്തോടെ തഴുകി തലോടുന്നതും മരിക്കാൻ കിടക്കുന്ന ഹിന്ദു സഹോദരരുടെ നാവിൻ തുമ്പിൽ ഗംഗാജലം ഇറ്റുവീഴ്ത്തുന്നതും എല്ലാവരാലും പരിത്യക്തരെപ്പോവും ഏറ്റം പ്രിയത്തോടെ ശുശ്രൂഷിക്കുന്നതും കണ്ട ആ അധികാരികളുടെ മനസ്സലിഞ്ഞു. ദൈവത്തിന്റെ ജീവിക്കുന്ന മാലാഖയെ അവർ കണ്ടിരിക്കുന്നു.
ജീവകാരുണ്യത്തിന്റെ ആർദ്രഭാവങ്ങൾ അനുഭവിച്ചു തരളിതമായ ആ ഹൃദയങ്ങൾ അറിയാതെ അഗതികളുടെ സഹോദരിമാരുടെ മുമ്പിൽ കൈകൾ കൂപ്പി. അനന്തരം മണിക്കൂറുകൾ തന്നെ രോഷാകുലരായി പുറത്തുനിന്ന യുവജനങ്ങളോട് അവർ പറഞ്ഞു. മദർ തെരേസയെയും മറ്റ് സന്യാസിനികളെയും ഇവിടെനിന്നും ഞങ്ങൾ ഇറക്കിവിടാം. പക്ഷേ, അതിനുമുമ്പ് നിങ്ങൾ ഞങ്ങൾക്ക് വാക്കുതരണം നിർമ്മൽ ഹൃദയ്ക്കുള്ളിൽ ആ പാവപ്പെട്ട സന്യാസിനികൾ സസന്തോഷം സമർപ്പിക്കുന്ന ഏറ്റം വെറുക്കപ്പെട്ട ജോലികൾ നിങ്ങളുടെ അമ്മമാരും സഹോദരിമാരും ചെയ്തുതീർക്കുമെന്ന്. നിങ്ങൾക്കതിനാവുമോ? മദർ തെരേസ ജീവിക്കുന്ന നമ്മുടെ ദേവിയാണ്. കരിങ്കൽ മൂർത്തിയല്ല.
വലിയൊരു കൊടുങ്കാറ്റും പേമാരിയും ശമിച്ച പ്രതീതി. ആക്രമിക്കാൻ എത്തിയവർ അജഗണത്തിന്റെ ശാന്തതയോടെ തിരികെ പോയി. പിന്നീടൊരിക്കലും അവർ തങ്ങളെ വേദനിപ്പിച്ചിട്ടില്ലെന്ന് കനിവിന്റെ അമ്മ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അമ്മയെന്നും വിശ്വസിച്ചിരുന്ന ഒരു സത്യമുണ്ട്. ദൈവം പാവങ്ങളുടെ പക്ഷത്താണ്. കൽക്കട്ട കോർപ്പറേഷനിലെ ചില മുതിർന്ന കൗൺസിലേഴ്സ് അഗതികളുടെ സന്യാസിനികൾ കാളിഘട്ട് സത്രം ഉപയോഗിക്കുന്നതിനെതിരെ മേയർക്ക് പരാതി നൽകി. കാളീദേവിയുടെ പരിശുദ്ധമായ അമ്പലത്തെ മലിനമാക്കുന്ന പലതും നിർമ്മൽ ഹൃദയിൽ നടക്കുന്നുവെന്നും അതിനാൽ സിസ്റ്റേഴ്സിനെ അവിടെ നിന്ന് ഇറക്കിവിട്ട് ശുദ്ധികലശം നടത്തി സത്രം ക്ഷേത്രത്തിനു തിരികെ നൽകണമെന്നായിരുന്നു പരാതി.
ദൈവം പാവങ്ങൾക്കു വേണ്ടി വാദിക്കുന്നു
ദൈവം പാവങ്ങൾക്കുവേണ്ടി വാദിക്കുമെന്നു മദറിന് ഉറപ്പുണ്ടായിരുന്നു. കൗൺസിൽ കൂടി ചർച്ച നടത്തി. ചർച്ചയിൽ അഗതികളുടെ സഹോദരിമാരെ എതിർത്ത് സംസാരിച്ചത് രണ്ട് പേർ മാത്രം. ദൈവാനുഗ്രഹത്താൽ മൂന്നാമതൊരാൾ ഒരു ഭേദഗതി അവതരിപ്പിച്ചു. മൃതപ്രായരെ കിടത്തി ശുശ്രൂഷിക്കാൻ മറ്റൊരിടം കിട്ടുന്നതുവരെ മദർ നിർമ്മൽ ഹൃദയിൽ തുടരട്ടെ. ആ ഭേദഗതി പാസ്സായി എന്നു മാത്രമല്ല, തങ്ങളുടെ പ്രവർത്തനത്തിനൊരു അംഗീകാരമെന്ന നിലയിൽ ഒരു നിശ്ചിത തുക മരണാസന്നരെ സഹായിക്കാൻ കോർപ്പറേഷൻ മാസംതോറും അനുവദിച്ചു നൽകുകയും ചെയ്തു. അമ്മ സാക്ഷ്യപ്പെടുത്തുന്നു: പാവങ്ങൾക്ക് ഒരു കുറവും വരുത്താൻ കർത്താവ് ഇടയാക്കിയിട്ടില്ല. അവിടുത്തെ കരങ്ങളുടെ ശക്തമായ സാന്നിദ്ധ്യം എന്നും കൂടെ ഉണ്ടായിരുന്നു. കോർപ്പറേഷനുമായുള്ള ഏറ്റുമുട്ടലിന്റെ അവസാനദിവസം അമ്മ ഉറങ്ങാൻ കിടന്നപ്പോൾ പരിശുദ്ധ അമ്മയുടെ സ്തോത്രഗീതത്തിന്റെ ഈരടികൾ- ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്- ഓർമ്മയിൽ ഓടിയെത്തി.
ഒരു ദിവസം കാളിക്ഷേത്രത്തിനു മുമ്പിൽ കുറച്ച് പേർ കൂടി നിൽക്കുന്നു. ഒരു ബ്രാഹ്മണൻ മണ്ണിൽ വീണ് കിടന്നു പുളയുന്നു. ആരും കടന്ന് ചെന്നില്ല. എല്ലാവരും ഭയന്ന് പിന്മാറി. മനം പുരട്ടുണ്ടാക്കുന്ന രീതിയിൽ ശരീരം മുഴുവൻ മലത്തിലും ഛർദ്ദിയിലും കുഴഞ്ഞുകിടന്ന അയാളെ വാരിയെടുത്ത് നിർമ്മൽ ഹൃദയിലേയ്ക്ക് കൊണ്ടുപോയി. അയാളെ കഴുകി വൃത്തിയാക്കി വസ്ത്രം ധരിപ്പിച്ച് അല്പം കരിക്കിൻവെള്ളം കൊടുത്തു. പ്രസന്നമായി അയാളുടെ മുഖം. മദറും അയാളും ഒരുമിച്ച് പ്രാർത്ഥിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ മദറിനോട് പറഞ്ഞു: അമ്മേ ഞാൻ മരിക്കാൻ പോവുകയാണ്. എന്റെ നാവിൽ പുണ്യജലമായ ഗംഗാതീർത്ഥം തൊടുവിക്കുമോ?
അമ്മ അയാളുടെ നാവിൽ ഗംഗാജലം പകർന്ന് കൊടുത്തു. അമ്മയുടെ മടിയിൽ കിടന്ന് അയാൾ സ്വസ്ഥമായി മരിച്ചു. ഹൈന്ദവവിധി പ്രകാരം ഗംഗാതീരത്ത് ശവദാഹം നടത്തുന്നതിനുള്ള സൗകര്യം അമ്മ ചെയ്തു കൊടുത്തു. ആർദ്രതയുടെ, സ്നേഹത്തിന്റെ, കനിവിന്റെ, ദീനദയയുടെ ഈ പ്രവർത്തി കാളിഘട്ടിലെ പൂജാരികളുടെ കണ്ണ് തുറപ്പിച്ചു. മരിച്ചയാൽ കാളിഘട്ടിലെ ഒരു പൂജാരിയായിരുന്നു. അവർക്ക് മദറിനോടുള്ള ശത്രുത കുറഞ്ഞ് തുടങ്ങി. ആയിടയ്ക്കു തന്നെ പൂജാരികളുടെ സ്നേഹാദരവ് പിടിച്ചുപറ്റാൻ തമ്പുരാൻ ഒരവസരം കൂടി അമ്മയ്ക്ക് നൽകി.
അഗതികളുടെ സഹോദരിമാരുടെ കടുത്ത ശത്രുവായിരുന്ന കാളിഘട്ടിലെ ഒരു പൂജാരിക്ക് അതികഠിനമായ രോഗം ബാധിച്ചു. ചുമച്ചും ചോര ഛർദ്ദിച്ചും അവശനായ അയാൾ പല ആശുപത്രികളിലും കയറിയിറങ്ങി. അയാൾ ജീവിക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്നതിനാൽ ഒരാശുപത്രിയിലും അയാളെ സ്വീകരിച്ചില്ല. ഒടുവിൽ നിരാശനായ അയാൾ നിർമ്മൽ ഹൃദയിയുടെ വാതിലിൽ മുട്ടി. മനസ്സും ശരീരവും തളർന്ന ആ മനുഷ്യനെ കണ്ടപ്പോൾ മദറിന്റെ ഹൃദയം അലിഞ്ഞു. സ്നേഹത്തോടെ മദർ അയാളെ സ്വീകരിച്ചു. രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയോടെ അയാളെ ശുശ്രൂഷിച്ചു. ദൈവാനുഗ്രഹത്താൽ അയാളുടെ സ്ഥിതി മെച്ചപ്പെട്ടുവന്നു. കുറച്ച് നാൾകൊണ്ട് അയാൾ സുഖപ്പെട്ടു. അയാളുടെ മനസിനേറ്റ അപമാനക്ഷതങ്ങളുടെയും തിരസ്കരണത്തിന്റെയും മുറിവുകൾ ഉണങ്ങി. വലിയ സന്തോഷത്തോടെ അയാൾ മടങ്ങിപ്പോയി. ഈ സംഭവം മറ്റു പൂജാരികളുടെ ഇടയിൽ വലിയ വാർത്തയായി. ഒരു പ്രഭാതത്തിൽ അമ്മ രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോൾ ആ പൂജാരി കടന്നു വന്നു തന്റെ കാൽക്കൽ വീണ് നമസ്കരിച്ച് കൊണ്ട് പറഞ്ഞു, ”അമ്മേ, അമ്മ ദേവിയാണ്, മുപ്പതുവർഷമായി ഞാൻ കാളിദേവിയെ പൂജിക്കുന്നു. പക്ഷേ, ആ ദേവി മനുഷ്യരൂപം ധരിച്ച് ഇതുപോലെ നിൽക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല”.
അയാളുടെ ഹൃദയം ആനന്ദനിർവൃതിയിലാവുകുന്നതും കണ്ണുകൾ നിറയുന്നതും അമ്മയ്ക്കു കാണാനായി. തങ്ങളുടെ എളിയ പ്രവർത്തനത്തിലൂടെ ആ പൂജാരിക്ക് ദൈവദർശനം ലഭിക്കാൻ ഇടയായ നിമിഷത്തെ ഓർത്ത് അമ്മ ദൈവത്തെ സ്തുതിച്ചു.
അത്ഭുതങ്ങളുടെ ഭവനം
നിർമ്മൽ ഹൃദയ് അത്ഭുതങ്ങളുടെ ഭവനമാണ്. ദൈവകാരുണ്യം അത്ഭുതങ്ങളുടെ പെരുമഴയായി ഇതുപോലെ ചെയ്യുന്നത് വേറെ ഒരിടത്തും കണ്ടിട്ടില്ല. അമ്മയുടെ തന്നെ വാക്കുകൾ.
ഒരിക്കൽ പാവപ്പെട്ട ഒരു സ്ത്രീ തെരുവിലെ അഴുക്കിൽ കിടക്കുന്നതു മദർ കണ്ടു. ആർക്കും അറപ്പും ഉളവാക്കുന്നവിധം ശോചനീയമായിരുന്നു അവളുടെ അവസ്ഥ. മദർ അവരെ നിർമ്മൽ ഹൃദയിൽ കൊണ്ടുവന്നു. അമ്മ തന്നെ അവരെ പരിചരിച്ചു. എല്ലാം ഏറ്റം സ്നേഹത്തോടെ അമ്മ ചെയ്തു. ഈശോയെയാണ് ഞാൻ ശുശ്രൂഷിക്കുന്നതെന്ന് അമ്മ ഉറച്ച് വിശ്വസിച്ചു. ആ സാധുസ്ത്രീയെ അമ്മ കുളിപ്പിച്ചു തുടച്ച് നല്ല വസ്ത്രം ധരിപ്പിച്ചു. കുടിക്കാൻ ഇളനീരും കൊടുത്തു. അവർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് അമ്മ ഇതെല്ലാം ചെയ്തത്. ഇളനീർ കുടിച്ച് കഴിഞ്ഞപ്പോൾ ആ കണ്ണുകൾ ദൈവത്തിലേയ്ക്ക് ഉയരുന്നതായി അമ്മയ്ക്കു തോന്നി. അമ്മയുടെ കരം പിടിച്ച് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു അമ്മേ, നന്ദി. അധികം താമസിയാതെ തന്നെ മാടി വിളിക്കുന്ന മഹോന്നതന്റെ മടിത്തട്ടിലേയ്ക്ക് തൂമന്ദഹാസത്തോടെ ആ തരുണീമണി പറന്നുപോയി.
അമ്മ പറയുന്ന: ”ആ മരണം എന്റെ ഹൃദയത്തെ സ്പർശിച്ചു. അതൊരു വിശുദ്ധയുടെ മരണമായിരുന്നു. മരണനേരത്തും നന്ദിചൊല്ലാൻ മറക്കാതെ നന്മയുടെ നറുമലരായി തീർന്ന ആ വിശുദ്ധ ശരീരത്തെ ഞാൻ നമസ്കരിച്ചു. ഞാൻ പ്രാർത്ഥിച്ചു: ദൈവമേ ഒരിക്കലും ആവലാതി പറയാതെ കിട്ടുന്നതുകൊണ്ടു തൃപ്തയാകാൻ ലഭിച്ച ദാനങ്ങൾക്കു നന്ദിപറയാൻ എന്നെ അനുഗ്രഹിക്കേണമെ”.