വായാടിയായ ആത്മാവിന്റെ ഉള്ളു പൊള്ളയാണ്.അതിന് ആവശ്യം വേണ്ട പുണ്യങ്ങളുടെ കുറവുണ്ട്. ദൈവവുമായി അതിന് ദൃഢ സൗഹൃദമില്ല. തന്മൂലം, കർത്താവ് വസിക്കുന്ന,സമാധാനവും ആന്തരിക നിശബ്ദതയുള്ള, ശാന്തമായ ആധ്യാത്മിക ജീവിതം അതിന് സ്വപ്നം കാണാൻ പോലും ആവില്ല. അസ്വസ്ഥമായ ആത്മാവ് മറ്റുള്ളവരുടെ ആന്തരിക നിശബ്ദതയെ അസ്വസ്ഥമാക്കുന്നു. നാവിൽ ജീവനുണ്ട്. എന്നാൽ മരണവും അതിൽത്തന്നെയുണ്ട്. ചില സന്ദർഭങ്ങളിൽ നാം നാവുകൊണ്ട് കൊല്ലുന്നു. ഇതു ഗൗരവമായ കൊലപാതകം തന്നെയാണ്. ഇതിനെ ആരും നിസ്സാരമായി കണക്കാക്കരുത്. ഇത്തരത്തിലുള്ള മനസ്സാക്ഷിയെ കുറിച്ച് ദൈവം വേദനിക്കുന്നു.
നാവുകൊണ്ടുള്ള കൊലപാതകം ബലിയാടുകളെ പലപ്പോഴും നിരാശരും നിരാലംബരും രോഗികളുമാ ക്കുന്നു. അതിന്റെ പരിണിതഫലം മിക്കപ്പോഴും അങ്ങേയറ്റം വേദനാജനകമായിരിക്കും. എന്റെ ഈശോയേ,ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.!. കർത്താവേ, ഈ മേഖലയിൽ ഞങ്ങൾ ചെയ്തു കൂട്ടുന്ന പാപത്തിന്റെ ഗൗരവം പലപ്പോഴും ഞങ്ങൾ മനസ്സിലാക്കുന്നില്ല.എല്ലാവർക്കും വേണ്ടി അങ്ങയുടെ കരുണ യാചിക്കുന്നു.