“ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്പിലുണ്ട്”ഏശ. 49 : 16.
സ്തുതികളിൽ വസിക്കുന്നവനാണ് ദൈവം. ദൈവാരാധനയുടെ മകുടഭാവമാണ് സ്തുതിപ്പ്. സങ്കീർത്തനങ്ങൾ എല്ലാം തന്നെ ദൈവത്തിന് നൽകുന്ന സ്തുതിപ്പുകളാണ്. യഹൂദർ സങ്കീർത്തന സമുച്ചയത്തെ സ്തുതിപ്പുകളുടെ പുസ്തകം എന്നാണ് വിളിക്കുക. യഹൂദ പാരമ്പര്യം ഈശ്വരോപാസന കീർത്തനങ്ങളെ കൂട്ടുപിടിച്ചതിന്റെ ഫലങ്ങളാണ് 150 സങ്കീർത്തനങ്ങൾ.
ക്രിസ്ത്യാനുഭവത്തിന്റെ പാരമ്യത്തിലെത്തിയ പൗലോസ് നിർന്നിമേഷനായി പ്രഖ്യാപിക്കുന്നത് നാം കണ്ടു. ” എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് (ഫിലിപ്പി 1:21)എന്ന്. സങ്കീർത്തകനായ ദാവീദിനെ പൗലോസിന്റെ മുന്നോടിയായി കാണാവുന്നതാണ്. അവനെക്കുറിച്ച് ദൈവം തന്നെ പ്രസ്താവിക്കുന്നു: അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ സംരക്ഷിക്കും.”സങ്കീ 91:14.
സങ്കീ 91 അത്യുന്നതന്റെ സംരക്ഷണത്തെക്കുറിച്ച് ആണല്ലോആദ്യന്തം പ്രതിപാദിക്കുന്നത്. ദൈവം സങ്കീർത്തകന്റെ സങ്കേതവും രക്ഷയുമാണ്. അതുകൊണ്ട്,അവൻ ദൈവത്തിന് കൃതജ്ഞത സമർപ്പിക്കണം, സർവ്വോപരി അവിടുത്തെ സ്തുതിക്കണം. അവിടുന്ന് പീഡിതരുടെയും സഹായകനാണ്(വാ.3,4). അവിടുന്ന് സകലരെയും കെണിയിൽ നിന്ന് രക്ഷിക്കുന്നു. പരദൂഷണവും പരിഹാസവും വഴി പീഡിപ്പിക്കുന്നവരിൽ നിന്ന് അവരെ സ്വതന്ത്രരാക്കുന്നു. കെരൂബുകളുടെ ചിറകുകൾ സംരക്ഷണത്തിന്റെ പ്രതീകങ്ങളാണ്. വാ 5,6 പൈശാചിക ശക്തികളെയാണ് പ്രധാനമായും ഉദ്ദേശിക്കുക. പകൽപ്പറക്കുന്ന അസ്ത്രങ്ങൾ നാശവും രോഗവും വിതയ്ക്കുന്നു.
പക്ഷേ സങ്കീർത്തകന്‍ അത്യുന്നതൻ അഭയവും കോട്ടയവുമായുണ്ട് (വാ.9) അതുകൊണ്ട് അവന് ഒരു തിന്മയും ഭവിക്കുകയില്ല (വാ. 10 ).
കർത്താവ് പീഡിതരുടെ പരിരക്ഷകനാണ്.
അതുകൊണ്ട് അവൻ എല്ലാ ഭീഷണിയെയും അപകടങ്ങളെയെയും അതിജീവിക്കും(വാ.13). വാ.14-16 കർത്താവിന്റെ നേരിട്ടുള്ള അരുളപ്പാടാണ്. അവിടുന്ന് സങ്കീർത്തകനെ കുറിച്ച് അഭിമാനം കൊള്ളുകയും അവനുള്ള നിരന്തര സംരക്ഷണം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് അവന്റെ നിലവിളിക്കും യാചനകൾക്കും ഉത്തരം നൽകും. അവിടുന്ന് അവനെ രക്ഷിക്കും.
ദൈവത്തിന്റെ സംരക്ഷണവും പരിപാലനയും അനുഭവിക്കാത്ത മനുഷ്യരില്ല. ഇതു പലർക്കും അനുഭവപ്പെട്ടെന്നുവരില്ല.കാരണം അവർക്ക് ദൈവവുമായി ആഴമേറിയ ആത്മ ബന്ധമില്ല . ദൈവപരിപാലന അനുഭവിക്കാനുള്ള മാർഗം അവിടുന്ന് തന്നെ. സങ്കീ 91:14ൽ പറയുന്നു: അവിടുത്തോടു ഹൃദയപൂർവ്വം സസ്നേഹം ചേർന്നുനിൽക്കണം. അപ്പോൾ അവന്റെ കഷ്ടതയിൽ ദൈവം അവനോട് ചേർന്ന് നിൽക്കും.
നമുക്ക് വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും ദൈവത്തോട് ചേർന്ന്, അവിടുത്തെ നിരന്തരം തഴുകി നില്ക്കാം. ഇതായിരിക്കട്ടെ നമ്മുടെ ആത്മമന്ത്രം. ” ദൈവമേ,അങ്ങാണ് എന്റെ ആശ്രയം, സങ്കേതം, എന്റെ കോട്ട, എന്റെ ദൈവം,