കായേനും ആബേലും
1 ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള് ഗര്‍ഭംധരിച്ചു കായേനെപ്രസവിച്ചു. അവള് പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച് എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു.2 പിന്നീട് അവള് കായേന്റെ സഹോദരന് ആബേലിനെപ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന് കൃഷിക്കാരനുമായിരുന്നു.3 ഒരിക്കല്‍ കായേന് തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു.4 ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു.5 എന്നാല്‍ കായേനിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു.6 കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്?7 ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്ക്കല്ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.8 ഒരു ദിവസം കായേന് തന്റെ സഹോദരന് ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന് ആബേലിനോടു കയര്‍ത്ത് അവനെകൊന്നു.9 കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന് ആബേല്‍ എവിടെ? അവന് പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍ ?10 എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു.11 നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും.12 കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും.13 കായേന് കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ.14 ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും.15 കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെ മേല്‍ ഒരടയാളം പതിച്ചു.16 കായേന് കര്‍ത്താവിന്റെ സന്നിധിവിട്ട് ഏദനു കിഴക്കു നോദുദേശത്ത് വാസമുറപ്പിച്ചു.
കായേന്റെ സന്താനപരമ്പര
17 കായേന് തന്റെ ഭാര്യയുമായി ചേര്‍ന്നു. അവള് ഗര്‍ഭം ധരിച്ച് ഹെനോക്കിനെ പ്രസവിച്ചു. കായേന് ഒരു നഗരം പണിതു. തന്റെ പുത്രനായ ഹെനോക്കിന്റെ പേര് അതിനു നല്കി.18 ഹെനോക്കിന് ഈരാദും, ഈരാ ദിന്മെഹുയായേലും ജനിച്ചു. മെഹുയായേ ലിന് മെഥൂശായേലും, മെഥൂശായേലിനു ലാമെക്കും ജനിച്ചു.19 ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു- ആദായും സില്ലായും.20 ആദായുടെ മകനായിരുന്നുയാബാല്‍. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന് .21 അവന്റെ സഹോദരന്റെ പേര്യൂബാല്‍. കിന്നരവുംവേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവന് .22 സില്ലായ്ക്കും ഒരു പുത്രനുണ്ടായി. തൂബല്കയീന്. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവായിരുന്നു അവന് . തൂബല്കയീന് നാമാ എന്നൊരു സഹോദരിയുണ്ടായിരുന്നു.23 ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്റെ ഭാര്യമാരേ, എനിക്കുചെവി തരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരുചെറുപ്പക്കാരനെയും ഞാന്‍ കൊന്നുകളഞ്ഞു.24 കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്‍േറ ത് എഴുപത്തേഴിരട്ടിയായിരിക്കും.25 ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. അവള് ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനു പേരിട്ടു. കാരണം, കായേന് കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ് അവന് എന്ന് അവള് പറഞ്ഞു.26 സേത്തിനും ഒരു പുത്രന് ജനിച്ചു. സേത്ത് അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത് മനുഷ്യര്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍ തുടങ്ങി.