ജോസഫിനെ വില്‍ക്കുന്നു
1 യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്‍ത്തിരുന്ന കാനാന്‍ദേശത്തു വാസമുറപ്പിച്ചു.2 ഇതാണു യാക്കോബിന്റെ കുടുംബചരിത്രം. പതിനേഴു വയസ്സുള്ളപ്പോള്‍ ജോസഫ് സഹോദരന്മാരുടെകൂടെ ആടുമേയ്ക്കുകയായിരുന്നു. അവന് തന്റെ പിതാവിന്റെ ഭാര്യമാരായ ബില്‍ഹായുടെയും സില്‍ഫായുടെയും മക്കളുടെ കൂടെ ആയിരുന്നു. അവരെപ്പറ്റി അശുഭവാര്‍ത്ത കള്‍ അവന് പിതാവിനെ അറിയിച്ചു.3 ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്നേഹിച്ചിരുന്നു. കാരണം, അവന് തന്റെ വാര്‍ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന് ജോസഫിനു വേണ്ടി ഉണ്ടാക്കി.4 പിതാവ് ജോസഫിനെ തങ്ങളെക്കാളധികമായി സ്നേഹിക്കുന്നു എന്നു കണ്ടപ്പോള്‍ സഹോദരന്മാര് അവനെ വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.5 ഒരിക്കല്‍ ജോസഫിന് ഒരു സ്വപ്നമുണ്ടായി. അവന് അത് സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍വെറുത്തു.6 അവന് അവരോടു പറഞ്ഞു; എനിക്കുണ്ടായ സ്വപ്നം കേള്‍ക്കുക:7 നമ്മള് പാടത്തു കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴിതാ, എന്റെ കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റും വന്ന് എന്റെ കറ്റയെ താണുവണങ്ങി.8 അവര്‍ ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നാണോ? അവന്റെ സ്വപ്ന വും വാക്കുകളും കാരണം അവര്‍ അവനെ അത്യധികം ദ്വേഷിച്ചു.9 അവനു വീണ്ടുമൊരു സ്വപ്നമുണ്ടായി. അവന് തന്റെ സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം കണ്ടു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെതാണുവണങ്ങി.10 അവന് ഇതു പിതാവിനോടും സഹോദരന്മാരോടും പറഞ്ഞപ്പോള്‍ പിതാവ് അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു: എന്താണു നിന്റെ സ്വപ്നത്തിന്റെ അര്‍ഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണുവണങ്ങണമെന്നാണോ?11 സഹോദരന്മാര്ക്ക് അവനോട് അസൂയതോന്നി. പിതാവാകട്ടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു.12 അവന്റെ സഹോദരന്മാര് പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്കു പോയി. ഇസ്രായേല്‍ ജോസഫിനോടുപറഞ്ഞു:13 നിന്റെ സഹോദരന്മാര് ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന് മറുപടി പറഞ്ഞു.14 നീ പോയി നിന്റെ സഹോദരന്മാര്ക്കും ആടുകള്‍ക്കും ക്ഷേമം തന്നെയോ എന്ന് അന്വേഷിച്ച് വിവരം എന്നെ അറിയിക്കണം. ജോസഫിനെ അവന് ഹെബ്റോണ്‍ താഴ്വരയില്‍നിന്നുയാത്രയാക്കി. അവന് ഷെക്കെമിലേക്കു പോയി.15 അവന് വയലില്‍ അലഞ്ഞുതിരിയുന്നതു കണ്ട ഒരാള്‍ അവനോടു ചോദിച്ചു:16 നീ അന്വേഷിക്കുന്നതെന്താണ്? അവന് പറഞ്ഞു: ഞാന്‍ എന്റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്. അവര്‍ എവിടെയാണ് ആടുമേയ്ക്കുന്നത് എന്നു ദയവായി പറഞ്ഞുതരിക.17 അവന് പറഞ്ഞു: അവര്‍ ഇവിടെ നിന്നുപോയി. പോകുമ്പോള്‍ നമുക്ക് ദോത്താനിലേക്കു പോകാം എന്ന് അവര്‍ പറയുന്നതു ഞാന്‍ കേട്ടു. സഹോദരന്മാരുടെ പുറകേ ജോസഫും പോയി, ദോത്താനില്‍വച്ച് അവന് അവരെ കണ്ടുമുട്ടി.18 ദൂരെവച്ചുതന്നെ അവര്‍ അവനെ കണ്ടു. അവന് അടുത്തെത്തും മുന്‍പേ, അവനെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി.19 അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്.20 വരുവിന്‍, നമുക്ക് അവനെകൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ.21 റൂബന്‍ ഇതു കേട്ടു. അവന് ജോസഫിനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ചു. അവന് പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്.22 അവനെ നിങ്ങള്‍ മരുഭൂമിയിലെ ഈ കുഴിയില്‍ തള്ളിയിടുക. പക്ഷേ, ദേഹോപദ്രവമേല്പിക്കരുത്. അവനെ അവരുടെ കൈയില്‍നിന്നു രക്ഷിച്ച് പിതാവിനു തിരിച്ചേല്പിക്കാനാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്.23 അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്മാര് അവന് ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു.24 അവനെ ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.25 അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലയാദില്‍നിന്നുവരുന്ന ഇസ്മായേല്യരുടെ ഒരുയാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു.26 അപ്പോള്‍ യൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക?27 വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള് ഉപദ്രവിക്കേണ്ടാ. അവന് നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരന്മാര് അതിനു സമ്മതിച്ചു.28 അപ്പോള്‍ കുറെമിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്മാര് അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.29 റൂബന്‍ കുഴിയുടെ അടുത്തേക്കു തിരിച്ചു ചെന്നു. എന്നാല്‍ ജോസഫ് കുഴിയില്‍ ഇല്ലായിരുന്നു.30 അവന് തന്റെ ഉടുപ്പു വലിച്ചുകീറി, സഹോദരന്മാരുടെ അടുത്തുചെന്നു വിലപിച്ചു. കുട്ടിയെ കാണാനില്ല. ഞാനിനി എവിടെപ്പോകും.31 അവര്‍ ഒരാടിനെക്കൊന്ന് ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി.32 കൈ നീളമുള്ള ആ നീണ്ട കുപ്പായം തങ്ങളുടെ പിതാവിന്റെ യടുക്കല്‍ കൊണ്ടുചെന്നിട്ട് അവര്‍ പറഞ്ഞു: ഈ കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്‍േറതാണോ അല്ലയോ എന്നു നോക്കുക.33 അവന് അതു തിരിച്ചറിഞ്ഞു. അവന് പറഞ്ഞു: ഇത് എന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നു. ജോസഫിനെ അതു കടിച്ചുകീറിക്കാണും.34 യാക്കോബു തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ മകനെക്കുറിച്ചു വിലപിച്ചു.35 അവന്റെ പുത്രന്മാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എന്റെ മകന്റെ യടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന് തന്റെ മകനെയോര്‍ത്തു വിലപിച്ചു;36 ഇതിനിടെ മിദിയാന്‍കാര്‍ ജോസഫിനെ ഈജിപ്തില്‍ ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്പടയുടെ നായകനുമായ പൊത്തിഫറിനു വിറ്റു.