യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന് അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു.
ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന് കണ്ടു:
കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും
കര്‍ത്താവിനു സ്വീകാര്യമായ വത്സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.
പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന് ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
അവന് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.
ലൂക്കാ 4 : 16-21
ഈശോയുടെ പരസ്യ ജീവിതത്തിന്റെ ഉദ്ഘാടന പ്രഭാഷണം എന്ന് ഈ വചനഭാഗത്തെ വിശേഷിപ്പിക്കാം. നസറത്തിലെ സിനഗോഗ് ആണ് “ഉദ്ഘാടന പ്രസംഗ”വേദി. അവിടുത്തെ സ്വന്തം സ്ഥലമാണത്. 30 വയസ്സുവരെ അവിടുന്ന് നസറത്തിൽ മാതാപിതാക്കളോടത്ത് ആയിരുന്നു. പതിവുപോലെ ഒരു സാബത്ത് ദിവസം എന്ന വർണ്ണന ഇസ്രായേലിന്റെ തുടർച്ചയായി ദാവീദ് വംശജനായ ഈശോയെ അവതരിപ്പിക്കുന്നു.. അതായത് അവിടുന്ന് ഇസ്രായേലിന്റെ പാരമ്പര്യം കൃത്യമായി പിന്തുടർന്നുവെ ന്നർത്ഥം.
എന്നാൽ സാബത്തിലെ അവിടുത്തെ പ്രവർത്തനങ്ങൾ തന്റെ അനന്യത വെളിപ്പെടുത്താൻ പോന്നവയുമാണ്. ഏശയ്യാ6ഉം 58 :2ഉം അവിടുന്ന് സമഞ്ജസമായി സംയോജിപ്പിക്കുന്നു. അതായത് തന്റെ ശ്രുശ്രുഷയെ പ്രവാചക ശൈലിയിലും പ്രവചനത്തിന്റെ പൂർത്തീകരണമായും അവതരിപ്പിക്കുന്നതിന് പറ്റിയ തിരുവെഴുത്ത് ഭാഗം അവിടുന്ന് ബോധപൂർവ്വം തിരഞ്ഞെടുത്തു.
ഏശയ്യ പ്രവചനം ഉദ്ധരിച്ചുകൊണ്ടാണ് ലൂക്കാ തന്റെ രചന അവസാനിപ്പിക്കുന്നതും.അവര്‍ പരസ്പരം അഭിപ്രായ വ്യത്യാസത്തോടെ പിരിഞ്ഞുപോകുമ്പോള്‍ പൗലോസ് ഇങ്ങനെ പറഞ്ഞു: പ്രവാചകനായ ഏശയ്യായിലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിട്ടുള്ളതു ശരിയാണ്;
നീ പോയി ഈ ജനത്തോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല.
അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടുകേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യുക അ സാധ്യം. അത്രയ്ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
അതിനാല്‍, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുവിന്‍,
അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 25-28
വിമോചന ദൗത്യമാണ് ഈശോയുടേത്.
1.ദരിദ്രരോട് സുവിശേഷിക്കുക.
2. ബന്ധിതർക്കു മോചനം നൽകുക.
3. അന്ധർക്ക് കാഴ്ച നൽകുക. 4.അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നൽകുക.
5. കർത്താവിന്റെ പ്രസാദവത്സരം പ്രഘോഷിക്കുക. ഇവയാണ് പ്രവാചക ദൗത്യത്തിന്റെ മാനങ്ങൾ.
അന്നത്തെ അന്നത്തിന് വകയില്ലാത്തവരാണ് ദരിദ്രർ. ദരിദ്രരോട് സുവിശേഷിക്കുക എന്ന പ്രയോഗത്തിൽ ഈശോയുടെ ദൗത്യത്തിന്റെ അന്ത:സത്ത തന്നെയുണ്ട് . സമഗ്ര മനുഷ്യന്റെ സമഗ്ര വിമോചനമാണ് ഇവിടെ വിവക്ഷ.
ബന്ധിതർക്കുമോചനം: പൈശാചിക ബന്ധനത്തിൽ നിന്നും മനുഷ്യനെ മോചിപ്പിച്ചു ദൈവത്തിന്റെ ഭരണത്തിൽ കീഴിൽ ആക്കുക എന്നതും ഈശോയുടെ ദൗത്യമാണ്.. പാപത്തിൽ നിന്നുള്ള മോചനവും ഇവിടെ വരുന്നുണ്ട്. ദരിദ്രർക്ക് സമാധാനം സമ്മാനിച്ച് അയക്കാൻ ആണ് പിതാവ് ഈശോയെ അയച്ചിരിക്കുന്നത്.
” സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും”( ലൂക്കാ 3:6 ) എന്ന ദൈവത്തിന്റെ പദ്ധതി പൂർത്തിയാക്കുക യാണ് ഈശോയുടെ വലിയ ദൗത്യം. രക്ഷകനേയും രക്ഷകനായ ദൈവത്തെയും കാണാതെ ഇരുട്ട് തപ്പി തടയുന്നവർക്ക് രക്ഷയുടെ കാഴ്ച (വെളിപ്പെടുത്തൽ) നൽകാൻ ആത്മാഭിക്ഷിതനായി പിതാവിനാൽ അയക്കപ്പെട്ടവൻ ആണ് ഈശോ.
കർത്താവിന്റെ പ്രസാദവത്സരം : മോചനത്തിന്റെയും (പാപത്തിൽ നിന്ന്, രോഗങ്ങളിൽ നിന്ന്, ദുഃഖ ദുരിതങ്ങളിൽ നിന്ന്) രക്ഷയുടെയും (സ്വർഗ്ഗ പ്രാപ്തി) നവയുഗം ഉദ്ഘാടനം ചെയ്യാനാണ് ഈശോ തന്റെ പെസഹാരഹസ്യം സാധ്യതമാക്കിയത്.. ഈ വസ്തുതയാണ് “കർത്താവിന്റെ പ്രസാദവത്സരം” എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന രക്ഷ തന്നിൽ യാഥാർത്ഥ്യമായി കഴിഞ്ഞിട്ടുണ്ടെന്ന് ” നിങ്ങൾ കേട്ടിരിക്കെ ത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു (4:2)എന്ന പ്രഖ്യാപനം വ്യക്തമാക്കുന്നു.