ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെയഥാര്ഥമായ ആരാധന.
നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍.
നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല.
അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്.
നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും,
ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അധ്യാപനവരം അധ്യാപനത്തിലും,
ഉപദേശ വരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവന് ഔദാര്യത്തോടെയും, നേതൃത്വം നല്കുന്നവന് തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവന് പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.
നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍; നന്മയെ മുറുകെപ്പിടിക്കുവിന്‍.
നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്.
തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്. (റോമാ 12:1-12).
ആത്മീയത എന്നത് കേവലം താത്വയ്ക വിചിന്തനമല്ല. സ്വന്തം ശരീരത്തിന്റെ കാമനകൾക്കും ഭാവനകൾക്കും കടിഞ്ഞാണിടുന്നതിലൂടെ മാത്രമേ അത് കൈവരിക്കാനാവൂ. സ്വന്തം ശരീരത്തിന്റെ ദുര്‍മോഹങ്ങളെ നിയന്ത്രിക്കാത്തിടത്തോളം കാലം ഒരുവനും ആത്മീയനാവുന്നില്ല; നിത്യരക്ഷ, സ്വർഗ്ഗപ്രാപ്തി സുനിശ്ചിതമാക്കുന്നുമില്ല. പാപം മൂലം നഷ്ട്ടമായ ദൈവിക ഛായയും സാദൃശ്യവും വീണ്ടെക്കുന്നവന് മാത്രമേ ദൈവത്തിന്റെ പ്രീതിഭാജനമാകാനാവൂ. പൂര്‍ണഹൃദയത്തോടും പൂര്ണമനസോടും പൂർണ്ണാത്മാവോടും സർവ ശക്തിയോടും ദൈവത്തെ സ്നേഹിക്കുന്നവൻ ദൈവത്തിന്റെ പ്രീതിക്ക് പാത്രമാകൂ.