പൗലോസ്ശ്ലീഹാ ഗലാത്യർക്കെഴുതിയ ലേഖനം 1:4 ‘ഈശോ ഏകരക്ഷകൻ’ എന്ന സത്യം സുതരാം വ്യക്തമാക്കുന്നതാണ്. ‘തിന്മനിറഞ്ഞ ഈ യുഗത്തിൽനിന്നു നമ്മെ മോചിപ്പിക്കേണ്ടതിന് പാപത്തിൽനിന്നു നമ്മെ വിമോചിപ്പിച്ചു സ്വർഗ്ഗത്തിന് അവകാശികളാക്കുന്നതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച്, നമ്മുടെ പാപങ്ങൾക്കുവേണ്ടി അവിടുന്ന് (ഈശോമിശിഹാ) സ്വയം ബലിയർപ്പിച്ചു’. ഇതാണു സുവിശേഷം. പൗലോസ് തുടരുന്നു: ‘വാസ്തവത്തിൽ വേറൊരു സുവിശേഷമില്ല. എന്നാൽ നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്നു വ്യത്യസ്തമായ ഒരു സുവിശേഷം (ഈശോ രക്ഷകനാണ്, ഏക രക്ഷകനാണ്. അവിടുന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്ക് എത്തുകയില്ല എന്ന സദ്വാർത്ത) ഞങ്ങൾ തന്നെയോ, സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ’!
ഈ രക്ഷ (ഓരോ മനുഷ്യനും നിത്യാനന്ദം അനുഭവിക്കുന്നതിന് അത്യന്താപേക്ഷിതമായ രക്ഷ) ഒരുവനു കൈവരുന്നത് ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെയാണ് (ഗലാ. 2:16). ഈ പ്രക്രിയയ്ക്കു പൗലോസ് നല്കുന്ന പേര് ‘നീതീകരണം’ എന്നാണ്. അവൻ വ്യക്തമായി പറയുന്നു: ‘നീതിമാൻ വിശ്വാസംവഴിയാണു ജീവിക്കുക’ (ഗലാ. 3:11). ‘ഈശോമിശിഹായിൽ വിശ്വസിക്കുന്നവരെല്ലാം ദൈവപുത്രരാണ്’ (ഗലാ. 3:26). ക്രിസ്തുവിനോട് ഐക്യപ്പെടാൻ അവിടുന്നു പ്രസംഗിച്ച, സ്ഥാപിച്ച, വിശുദ്ധ മാമ്മോദീസാ എന്ന സ്ഥായിയായ കൂദാശ അത്യന്താപേക്ഷിതമാണ്. ഇപ്രകാരം മാമ്മോദീസ സ്വീകരിക്കുന്നവരെല്ലാം ക്രിസ്തുവിനെ ധരിക്കുന്നു. അവർ ക്രിസ്തുവാഹകരാകുന്നു- ക്രിസ്റ്റഫർ, മറ്റൊരു ക്രിസ്തു, ജീവിക്കുന്ന ക്രിസ്തു ആകുന്നു (ഗലാ. 3:27).
വിമോചനത്തിന്റെ സദ്വാർത്ത
ഈശോ നല്കുന്ന രക്ഷ വിമോചനമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള വിമോചനം (ഗലാ. 5:1). ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന് എട്ടു നൂറ്റാണ്ടുകൾക്കുമുമ്പ് ലോകത്തിലേക്കു വരാനിരിക്കുന്ന രക്ഷകന്റെ ദൗത്യത്തെക്കുറിച്ച് ഏശയ്യാ പ്രവാചകൻ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ‘ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനവും ബന്ധിതർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവർക്കു സമാശ്വാസം നല്കാനും (പിതാവ്) എന്നെ അയച്ചിരിക്കുന്നു’ (ലൂക്കാ 4:16-21).
തന്നെക്കുറിച്ചുള്ള ഈ പ്രവചനം നൂറു ശതമാനവും വാസ്തവമാണെന്നും അത് അക്ഷരശഃ നിറവേറിയിരിക്കുന്നുവെന്നും ഈശോതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഈശോ താൻ വളർന്ന സ്ഥലമായ നസ്രത്തിൽവന്നു, പതിവുപോലെ, ഒരു സാബത്തുദിവസം, അവിടുന്ന്, അവരുടെ സിനഗോഗിൽ പ്രവേശിച്ചു വായിക്കാൻ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോൾ എഴുതിയിരിക്കുന്നത് അവിടുന്നു കണ്ടു. ”കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവിടുന്ന് ഇരുന്നു. സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും അവിടുത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവിടുന്ന് അവരോടു പറയാൻതുടങ്ങി: നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.
കാൾബാർത്ത് എന്ന വിശ്വവിഖ്യാതനായ ദൈവശാസ്ത്രജ്ഞൻ ഒരിക്കൽ ഒരു മേജർ സെമിനാരി സന്ദർശിക്കാനിടയായി. ദൈവശാസ്ത്ര വിദ്യാർത്ഥികൾ അദ്ദേഹത്തോടു പലചോദ്യങ്ങളും ചോദിച്ചു. അവർക്ക് അദ്ദേഹം മറുപടികൾ നല്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു വിദ്യാർത്ഥി അദ്ദേഹത്തോടു ചോദിച്ചു: സർ, അങ്ങു മനസ്സിലാക്കിയിരിക്കുന്ന ഏറ്റവുംവലിയ സത്യമേതാണ്? ചോദ്യകർത്താവിന് ഉത്തരത്തിനുവേണ്ടി ഒട്ടും കാത്തുനില്ക്കേണ്ടിവന്നില്ല. അദ്ദേഹം നിസ്സങ്കോചം പറഞ്ഞു: ‘പാപിയായ എന്നെ രക്ഷിക്കാൻ, എന്നെ സ്വതന്ത്രനാക്കാൻ, പാപശാപങ്ങളിൽനിന്ന്, രോഗപീഡകളിൽനിന്ന് പൈശാചിക ബന്ധനങ്ങളിൽനിന്ന്, എന്നെ എന്നേക്കുമായി മോചിപ്പിക്കാൻ, സ്വതന്ത്രനാക്കാൻ, സർവ്വശക്തനായ എന്റെ തമ്പുരാൻ, വിണ്ണുവിട്ടു മണ്ണിൽവന്ന്, ഈ ഭൂമിയിൽ ജീവിച്ചു, മരിച്ചു, എന്നേക്കുമായി ഉയിർത്തു, എന്നതാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്ന ഏറ്റവും വലിയ സത്യം’.
പത്രോസ് ശ്ലീഹായുടെ രക്ഷയെക്കുറിച്ചുള്ള പ്രബോധനം ലളിതസുന്ദരമാണ്. ‘നമ്മുടെ പാപങ്ങൾ സ്വന്തംശരീരത്തിൽ വഹിച്ചുകൊണ്ട് അവിടുന്നു കുരിശിലേറി. അതു നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കാൻ വേണ്ടിയാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമാക്കപ്പെട്ടിരിക്കുന്നു’ (1 പത്രോ. 2:24). ഈ സൗഖ്യം പൂർണ്ണമാകുക എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ ഞാൻ പരിപൂർണ്ണമായി വിശ്വസിക്കുമ്പോഴാണ്. ഇതിന് ഓരോ വിശ്വാസിയും അവിടുത്തോടുകൂടെ ക്രൂശിതനാവണം (ഗലാ. 2:2). ക്രിസ്തുവിലുള്ള വിശ്വാസമെന്നു പറയുന്നത് അവിടുത്തെ നാമത്തിലുള്ള ,അവിടുത്തെ വ്യക്തിത്വത്തിലുള്ള, വിശ്വാസമാണ്. അവിടുന്നുമായി യഥാർത്ഥമായ താദാത്മ്യപ്പെടൽ സംഭവിക്കലാണിത് – അവിടുത്തേക്കുള്ള, കലവറയില്ലാത്ത, സമർപ്പണം.
മനുഷ്യനെ പാപത്തിന്റെ അടിമത്തത്തിൽനിന്നു മോചിക്കാൻ ഈശോമിശിഹായ്ക്കുമാത്രമേ കഴിയൂ. അവിടുത്തെ തിരുരക്തത്തിനു മാത്രമേ അവന്റെ പാപക്കറകൾ കഴുകിക്കളയാനാവൂ. കറയും കളങ്കവുമില്ലാത്ത ആ കുഞ്ഞാടിന്റെ രക്തമാണു മനുഷ്യരുടെ സകലപാപങ്ങളും ദൂരീകരിക്കുക. ദൈവത്തിനു മാത്രമല്ലേ പാപം മോചിക്കാനാവൂ. ഈശോമിശിഹാ ദൈവമാണ്. അതുകൊണ്ടാണ് അവിടുത്തേക്കു സകലരുടെയും സകല പാപങ്ങളും മോചിക്കാൻ ആവുക. അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടും (നട. 10:43). ‘അവിടുത്തെ (പിതാവിന്റെ) പുത്രനായ ഈശോമിശിഹായുടെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു’ (1 യോഹ.1:7).
നാമെല്ലാവരും പാപികൾ. പാപമില്ലാത്തവൻ ദൈവം മാത്രം. നമുക്ക് പാപമില്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും. അപ്പോൾ നമ്മിൽ സത്യമില്ലെന്നുവരും. എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ അവിടുന്നു വിശ്വസ്തനും നീതിമാനുമാകയാൽ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിൽനിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും’ (1 യോഹ. 1:8,9). മത്തായിയുടെ സുവിശേഷം 1:21-ൽ സുവിശേഷകൻ രേഖപ്പെടുത്തുന്നു: ‘കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും’. സ്നാപകന്റെ പ്രഖ്യാപനം സുപ്രസിദ്ധമല്ലേ? ‘ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ (യോഹ. 1:29). റോമ 6:6-7 വ്യക്തമാക്കുന്നു: നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധ, പാപപൂർണ്ണമായ ശരീരത്തെ നശിപ്പിക്കാൻവേണ്ടി, നമ്മിലെ പഴയമനുഷ്യൻ അവനോടുകൂടെ (ഈശോയോടുകൂടെ) ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്ക് അറിയാമല്ലോ. ഈശോമിശിഹായോടൊപ്പം പാപത്തിനു മരിച്ചവൻ (ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിച്ചവൻ) പാപത്തിൽനിന്നു മോചിതനായിരിക്കുന്നു. ഇപ്രകാരം പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവർ ഈശോമിശിഹായിൽ ദൈവത്തിനുവേണ്ടി ജീവിക്കും (റോമ. 6:8-11). നീതീകരണത്തിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകളാണവർ. പാപത്തിൽനിന്നു പരിപൂർണ്ണ മോചനം പ്രാപിച്ച്, അവർ ദൈവത്തിന് അടിമകളായിരിക്കുന്നു. അവർക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവിനുമാണ്. ഈശോമിശിഹാവഴിയുള്ള നിത്യജീവൻ (റോമ 6:15-23).
ഈ പ്രക്രിയയിൽ ഉണ്ടാകാവുന്ന പ്രലോഭനങ്ങളെ ആരും ഭയപ്പെടരുത്. ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല (1 കൊറി. 10:13).
ഈശോ മാനവരാശിയെ മോചിപ്പിക്കുന്നതു പാപത്തിൽനിന്നു മാത്രമല്ല; സകല ശാപങ്ങളിൽനിന്നും മോചിപ്പിച്ച്, മാനവരാശിയെ അവിടുന്ന് സ്വതന്ത്രരാക്കുകയും ചെയ്യുന്നു. ”മിശിഹാ, നമ്മെപ്രതി, ശപിക്കപ്പെട്ടവനായിത്തീർന്നുകൊണ്ട് നിയമത്തിന്റെ ശാപത്തിൽനിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാൽ മരത്തിൽ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഒരുവൻ മരണശിക്ഷയ്ക്ക് അർഹമായ കുറ്റം ചെയ്യുകയും മരണത്തിന് വിധിക്കപ്പെടുകയും ചെയ്താൽ, അവനെ നീ മരത്തിൽ തൂക്കുക (നിയ. 2:22). ഈശോ കറയും കളങ്കവുമില്ലാത്ത കുഞ്ഞാടാണെന്നു നാം അറിയുന്നു. ഇവിടെ ഒരു കാര്യം വ്യക്തം. തന്റെ പാപങ്ങൾക്കു ശിക്ഷയായല്ല ഈശോ കുരിശിൽ മരിച്ചത്. അവിടുന്നു പാപലേശമില്ലാത്തവനാണ്. അവിടുന്ന് സ്വമനസ്സാ കുരിശിൽ മരിച്ചതു മാനവരാശിയെ മുഴുവൻ പാപശാപങ്ങളിൽനിന്നു മോചിപ്പിക്കാനാണ്. അവിടുന്നു നേടിത്തന്ന രക്ഷ സകല മനുഷ്യരും സ്വന്തമാക്കണമെന്നതാണ് അവിടുത്തെ അത്യുൽക്കടമായ ആഗ്രഹം. അതെ, നമ്മുടെ ശാപങ്ങളിൽനിന്നു നമ്മെ എന്നേക്കുമായി മോചിപ്പിക്കാൻ മിശിഹാ ശപിക്കപ്പെട്ടവനെപ്പോലെ കുരിശിൽ മരിച്ചു.
മനുഷ്യനു മോചനം, സ്വാതന്ത്ര്യം അത്യാവശ്യമായ മറ്റൊരു മേഖലയാണു ദാരിദ്ര്യം. സാമ്പത്തികമേഖലയിലുണ്ടാകുന്ന ദാരിദ്ര്യത്തെക്കാൾ കൂടുതൽ ഗുരുതരമാണ് ആത്മീയമേഖലയിലുള്ള ദാരിദ്ര്യം. ഈ മേഖലയിലെ പാപ്പരത്തമാണ് ഏറ്റം പരിതാപകരം. ഈ പാപ്പരത്തം ഒരുവന്റെ നിത്യരക്ഷതന്നെ അവതാളത്തിലാക്കും. പൗലോസ് വ്യക്തമാക്കുന്നു: നമ്മുടെ കർത്താവായ ഈശോമിശിഹായുടെ കൃപ നിങ്ങൾക്കറിയാമല്ലോ. അവിടുന്നു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി. തന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻവേണ്ടിത്തന്നെ (1 കോറി. 8:8-9). ആരും ദാരിദ്ര്യത്തിന്റെയോ മറ്റേതിന്റെയെങ്കിലുമോ അടിമത്തത്തിൽ കഴിയാൻ ദൈവം ആഗ്രഹിക്കുന്നില്ല. പുത്രൻ എല്ലാവരെയും സ്വതന്ത്രരാക്കിയിരിക്കുന്നു. വിശ്വസിച്ച്, അനുതപിച്ചു മാമ്മോദീസാ സ്വീകരിക്കുകയും ഈ കൃപാവരത്തിൽ നിലനില്ക്കുകയും ചെയ്യുന്ന എല്ലാവരും സ്വതന്ത്രരാണ്.
മനുഷ്യനെ ബന്ധിക്കുന്ന മറ്റൊരു ഘടകമാണ് രോഗത്തിന്റെ അടിമത്തം. ഈ അടിമത്തത്തിൽനിന്നും ഈശോമിശിഹാ മനുഷ്യനെ സ്വതന്ത്രനാക്കിയിരിക്കുന്നു. സങ്കീ. 107:13ൽ നാം വായിക്കുന്നു: കഷ്ടതയിൽ അവർ കർത്താവിനോടു നിലവിളിച്ചപേക്ഷിച്ചു. അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്. ജീവന്റെയും മരണത്തിന്റെയുംമേൽ അങ്ങേയ്ക്ക് അധികാരമുണ്ട് (ജ്ഞാനം 16:12,13). അവിടുന്ന് വചനമയച്ച് അവരെ സുഖപ്പെടുത്തിയെന്നും നാം തിരുവചനത്തിൽ വായിക്കുന്നു. ഈശോയുടെ ക്ഷതങ്ങളാൽ മാനവരാശി മുഴുവൻ സൗഖ്യം പ്രാപിച്ചു. അവന്റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി (ഏശ. 53:5).
പലരെയും വളരെയധികം അലട്ടുന്ന ഒന്നാണ് ഭയം. പക്ഷെ, തിരുവചനം നൂറുനൂറു പ്രാവശ്യം ആവർത്തിച്ചു നമ്മോടു പറയുന്ന കാര്യമാണ് ‘ഭയപ്പെടേണ്ടാ’ എന്നത്. ഭയത്തിനു ശാഖോപശാഖകളുണ്ടെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. മാമ്മോദീസായിലൂടെ ലഭിച്ചിരിക്കുന്ന പൗരോഹിത്യാധികാരം ഉപയോഗിച്ച് ഏതൊരു വ്യക്തിക്കും ഭയത്തെ (പ്രലോഭനങ്ങളെ രോഗങ്ങളെ, പാപങ്ങളെ, നിരാശയെ-എല്ലാം ശാസിച്ചുബന്ധിച്ചു ദൂരെയകറ്റാവുന്നതാണ്. വചനം ഉരുവിട്ടും വിശ്വാസപ്രമാണം ചൊല്ലിയും കുരിശടയാളം വരച്ചുമൊക്കെ ഒരുവനു ഇവയെ ബന്ധിക്കാവുന്നതാണ്. തികഞ്ഞ വിശ്വാസത്തിൽ ചെയ്യണമെന്നു മാത്രം. ”ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല” (2 തിമോ. 2:9) എന്നോർക്കുക.
പിശാചിന്റെ അടിമത്തമാണ് ഏറ്റം ഭയാനകം. ഇതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഉപവാസവും പ്രാർത്ഥനയും വചനവുംവഴി ഏതൊരുവനും പിശാചിന്റെ തല തകർക്കാം. കാരണം, ഈശോ അതു തകർത്തുകഴിഞ്ഞിരിക്കുന്നു. അവന് അങ്ങേയറ്റം ചെയ്യാനാവുന്നത് അവിടുത്തെ കുതികാലിന് അല്പം പരിക്കേല്പിക്കുക മാത്രം (ഉൽപ. 3:15). രാജകീയ പൗരോഹിത്യമുള്ള എല്ലാവർക്കും പിശാചിനെ ബന്ധിക്കാൻ അധികാരമുണ്ട്. അവനെതിരായി വചനമാകുന്ന വാളെടുത്ത് ആഞ്ഞുവെട്ടുക. തിരുരക്തത്തിന്റെ ശക്തി അവകാശപ്പെട്ടുകൊണ്ടു പ്രാർത്ഥിക്കുക. ‘ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രു (പിശാച്)വിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടുനടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല’ (ലൂക്കാ 10:19).
നാം ബന്ധിച്ചു പ്രാർത്ഥിക്കുന്നത് യേശുനാമത്തിലായിരിക്കണം. സങ്കീർത്തകൻ സാക്ഷ്യപ്പെടുത്തുന്നു: ”ദുരിതങ്ങളിൽ അകപ്പെടുമ്പോൾ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു. എന്റെ പ്രാർത്ഥന കേട്ട് അവിടുന്ന് എന്നെ മോചിപ്പിച്ചു. കർത്താവ് എന്റെ പക്ഷത്തുണ്ട്” (118:5,6).
നിന്നെ രക്ഷിക്കാൻ നിഖിലേശൻ നിന്റെ ഹൃദയകവാടത്തിൽ നിരന്തരം മുട്ടുന്നുണ്ട്. തുറന്നുകൊടുത്താൽ അവിടുന്നു നിന്നെ രക്ഷിക്കും. ”അതുകൊണ്ട് തീഷ്ണതയുള്ളവനാകുക; അനുതപിക്കുക. ഇതാ ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും, എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നുതന്നാൽ ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും” (വെളി.3:20).
പാപത്തിൽനിന്നും അതിന്റെ പരിണതഫലങ്ങളിൽനിന്നും മനുഷ്യകുലത്തെ മോചിപ്പിക്കാൻ, അവയെ ദൈവത്തിന്റെ മക്കളും സ്വർഗ്ഗത്തിന് അവകാശികളുമാക്കാൻ, അതിനായി പിതാവിനാൽ നിയോഗിതനായ ഈശോമിശിഹായ്ക്കു മാത്രമേ കഴിയൂ. ജറെമിയായിലൂടെ ദൈവം അരുളിച്ചെയ്യുന്നു: ”ഞാൻ നിനക്കു വീണ്ടും ആരോഗ്യം നല്കും. നിന്റെ മുറിവുകൾ സുഖപ്പെടുത്തും” (ജെ:. 30:17, പുറ. 15:26) യേശു ഏക രക്ഷകൻ എന്ന സത്യത്തോടു വളരെയധികം ബന്ധപ്പെട്ടു നില്ക്കുന്ന ഒരു തിരുവാക്യമാണ്. ‘കർത്താവ് അരുളിച്ചെയുന്നു. ”നീ നിന്റെ ദൈവമായ കർത്താവിന്റെ സ്വരം ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയിൽ ശരിയായതു പ്രവർത്തിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചട്ടങ്ങൾ പാലിക്കുകയും ചെയ്താൽ, ഞാൻ ഈജിപ്തുകാരുടെമേൽ വരുത്തിയ മഹാമാരികളൊന്നും, നിന്റെമേൽ വരുത്തുകയില്ല. ഞാൻ നിന്നെ സുഖപ്പെടുത്തുന്ന, രക്ഷിക്കുന്ന, വിമോചിപ്പിക്കുന്ന, ശത്രുവിന്റെ കെണിയിൽനിന്നു സ്വതന്ത്രനാക്കുന്ന കർത്താവാണ്’.