ഈശോയുടെ ദൃശ്യ സാന്നിധ്യം നഷ്ടപ്പെടാൻ പോകുന്നു എന്ന ചിന്ത ശിഷ്യരെ ഏറെ ദുഃഖിതരാക്കി. ഈ ലോകത്തിൽ പീഡനവും ഞെരുക്കവും അവർക്ക് അനുഭവപ്പെടുമെന്നുള്ള ഈശോയുടെ മുന്നറിയിപ്പ് അവരുടെ ദുഃഖം വർദ്ധിപ്പിച്ചു. അതുകൊണ്ട് ഈശോ അവരെ ആശ്വസിപ്പിക്കുകയാണ്. തന്റെ ദൃശ്യ സാന്നിധ്യം താൽക്കാലികമായി മാത്രമാണ് അവർക്ക് നഷ്ടപ്പെടുന്നതെന്നും അതുവഴി സഹായകനായ പരിശുദ്ധാത്മാവിലൂടെയുള്ള അവിടുത്തെ അദൃശ്യ സാന്നിധ്യം അവർക്ക് ലഭിക്കുമെന്നുള്ള ഉറപ്പ് അവിടുന്ന് അവർക്കു നൽകുന്നു . പരിശുദ്ധാത്മാവ് ഈശോമിശിഹായുടെ ആത്മാവ് തന്നെയാണ്.
യോഹന്നാൻ ശ്ലീഹാ വ്യക്തമായി രേഖപ്പെടുത്തുന്നു: ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
യോഹന്നാന്‍ 20 : 22.
പരിശുദ്ധാത്മാവിലൂടെ ശിഷ്യസമൂഹത്തിന്റെ അഥവാ സഭയുടെ ജീവനായി ഈശോ സഭയിൽ വസിക്കുന്നു. സഭ മിശിഹായുടെ ശരീരമാണ് ; സഭയുടെ ആത്മാവ് മിശിഹായുടെ ആത്മാവും( പരിശുദ്ധാത്മാവ്). സഭയിലുള്ള ഈശോയുടെ സാന്നിധ്യമാണ് പരിശുദ്ധാത്മാവ്. തന്റെ സഹന മരണോത്ഥാനങ്ങൾ തന്റെ ആത്മാവിനെ സഭയ്ക്ക് നൽകാൻ ഈശോയെ സജ്ജനാക്കി. തന്റെ സഹനമരണോത്ഥാനങ്ങളിലൂടെ ഈശോ മഹത്വീകരിക്കപ്പെട്ടു.
തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്. അതുവരെയും ആത്‌മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
യോഹന്നാന്‍ 7 : 37-39.
പരിശുദ്ധാത്മാവിലൂടെയുള്ള മിശിഹായുടെ ഈ സാന്നിധ്യം ശിഷ്യരെ വിശ്വാസത്തിൽ വളർത്തി. അവരുടെ വിശ്വാസ ജീവിതത്തെ പക്വതയിൽ എത്തിച്ചു. ഈശോ ജീവിച്ചിരുന്നപ്പോൾ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ,അവർ പരിഹാരത്തിനായി അവർക്ക് പ്രത്യക്ഷമായി, അവിടുന്നിലേക്ക് തിരിയാമായിരുന്നു. എന്നാൽ അവിടുത്തെ മഹത്വീകരണാനന്തരം അവർ അരൂപിയായി, ആത്മാവായി, തങ്ങളിൽ വസിച്ചിരുന്ന മിശിഹായിലേക്ക് തിരിഞ്ഞ്, അവിടുന്നിൽ, അവിടുന്നിലൂടെ, അവിടുന്നിൽത്തന്നെ , അവർ പ്രശ്നങ്ങൾ പരിഹരിച്ചു. ഇവിടെ അവശ്യം ആവശ്യമായിരിക്കുന്നത് വിശ്വാസമാണ്. വിശ്വാസത്തിൽ അപ്പോസ്തലന്മാർ പക്വത പ്രാപിക്കുന്നത് തിരുവചനം നമുക്ക് വെളിപ്പെടുത്തിത്തരുന്നുമുണ്ട്.
സഭയിലും സഭാതനയർക്കും ഇന്നും എന്നും വിശ്വാസത്തിൽ വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികളെ നേരിടാനും പരീക്ഷണങ്ങളെ അതിജീവിച്ച് വിശ്വാസത്തിൽ നിലനിൽക്കുവാനും വളരുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവിലൂടെ നമ്മിൽ സന്നിഹിതനായിരിക്കുന്ന ഈശോമിശിഹായുടെ ആത്മാവാണ് ( പരിശുദ്ധാത്മാവാണ് )