കർത്താവിന്റെ കാരുണ്യത്തിന് സാക്ഷ്യം നൽകുന്നവയാണ് അവിടുന്ന് നൽകിയ സൗഖ്യങ്ങൾ. യഹൂദർ കുഷ്ഠരോഗികളെ അശുദ്ധരായാണ് കരുതിയിരുന്നത്. അവർക്ക് പ്രാർത്ഥനാ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍, പാണ്ട് ശരീരത്തില്‍ വ്യാപിക്കാതെ അതേ സ്ഥാനത്തുമാത്രം മങ്ങിയിരുന്നാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന് അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.
ഒരു പുരുഷന്റെ യോ സ്ത്രീയുടെയോ തലയിലോ താടിയിലോ വ്രണമുണ്ടായാല്‍, പുരോഹിതന് അതു പരിശോധിക്കണം.
അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം നേര്‍ത്തു മഞ്ഞനിറത്തിലുള്ളതുമാണെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു ചിരങ്ങാണ്, തലയിലെയോ താടിയിലെയോ കുഷ്ഠം.
പുരോഹിതന് ചിരങ്ങുള്ളിടം പരിശോധിക്കുമ്പോള്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ അവനെ ഏഴുദിവ സത്തേക്കു പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.
ഏഴാംദിവസം വീണ്ടും പരിശോധിക്കട്ടെ. ചിരങ്ങു വ്യാപിക്കുകയും ത്വക്ക് കുഴിയുകയും രോമം മഞ്ഞയ്ക്കുകയും ചെയ്തിട്ടില്ലെങ്കില്‍
അവനെ ക്ഷൗരം ചെയ്യണം; ചിരങ്ങുള്ള ഭാഗം ക്ഷൗരം ചെയ്യരുത്. അവനെ ഏഴുദിവസത്തേക്കുകൂടി പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം.
ഏഴാംദിവസം പരിശോധിക്കുമ്പോള്‍ ചിരങ്ങു ത്വക്കില്‍ വ്യാപിക്കുകയോ അവിടം കുഴിയുകയോ ചെയ്തിട്ടില്ലെങ്കില്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവന് തന്റെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധനാകട്ടെ.
എന്നാല്‍, ശുദ്ധീകരണത്തിനുശേഷം ചിരങ്ങു പടരുകയാണെങ്കില്‍
പുരോഹിതന് അവനെ പരിശോധിക്കണം. ചിരങ്ങു പടര്‍ന്നിട്ടുണ്ടെങ്കില്‍ മഞ്ഞരോമമുണ്ടോ എന്നു നോക്കേണ്ടതില്ല. അവന് അശുദ്ധനാണ്.
പരിശോധനയില്‍ ചിരങ്ങു വ്യാപിക്കാതെ അതില്‍ കറുത്തരോമം വളര്‍ന്നിട്ടുണ്ടെങ്കില്‍ അവന് രോഗവിമുക്തനായിരിക്കുന്നു. അവന് ശുദ്ധനാണ്; അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.ലേവ്യര്‍ 13 : 28-37.
അത്തരമൊരു കുഷ്ഠരോഗിയുടെ അടുത്തേക്കാണ് മിശിഹാ തമ്പുരാൻ തന്റെ കാരുണ്യ സ്പർശവുമായി കടന്നുചെല്ലുന്നത്. വെറും നാല് വാക്യങ്ങളിൽ മത്തായി ഈ അത്ഭുത സൗഖ്യം അവതരിപ്പിക്കുന്നു (8:1-4). യേശു മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.
യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു.
യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ള കാഴ്ച ജനത്തിന്റെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.
മത്തായി 8 : 1-4
ഏറെ പ്രസക്തമായ കാര്യങ്ങൾ തൽസമയം സംഭവിക്കുന്നുണ്ട്. കുഷ്ഠരോഗി ഈശോയുടെ അധികാരവും ശക്തിയും തിരിച്ചറിയുന്നു. അവയ്ക്ക് അയാൾ സാക്ഷ്യം നൽകുന്നു. അവിടുന്ന് ആരാധനയ്ക്ക് അർഹനാണെന്ന് തിരിച്ചറിഞ്ഞ് ആ രോഗി അവിടുത്തെ അടുക്കൽ ചെന്ന് താണു വണങ്ങുന്നു. ഈശോയുടെ വ്യക്തിത്വത്തിലുള്ള അവന്റെ വിശ്വാസമാണ് നാം ഇവിടെ കാണുക. അവിടുത്തെ അസാധാരണ വ്യക്തിത്വത്തിലുള്ള അഗാധമായ വിശ്വാസം അവൻ പ്രകടമാക്കുന്നു. “കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും” (8 :2). ഈ സംഭവത്തിന്റെ കേന്ദ്രബിന്ദു ഈശോ കുഷ്ഠരോഗിയോട് കരുണാപൂർവ്വം പറയുന്ന വാക്കുകളാണ്. അവിടുന്ന് കൈ നീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറയുന്നു :’എനിക്ക് മനസ്സുണ്ട് നിനക്ക് ശുദ്ധി വരട്ടെ”(മത്താ 8:3).
മനുഷ്യരുടെ അടുത്തേയ്ക്കുള്ള ഈശോയുടെ ആഗമനം ഇരു മനസ്സോടു കൂടിയായിരുന്നു. രക്ഷാകര കാലത്തിന്റെയും രക്ഷകന്റെ സാന്നിധ്യത്ത്തിന്റെയും അടയാളങ്ങളിൽ പെടുന്നതാണ് ഈശോ കനിഞ്ഞു നൽകിയ ഈ സൗഖ്യം. യേശു പന്ത്രണ്ടു ശിഷ്യന്മാര്ക്കും നിര്‍ദേശങ്ങള്‍ നല്കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.
യോഹന്നാന് കാരാഗൃഹത്തില്‍വച്ച് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു:
വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?
യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക.
അന്ധന്മാര് കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര് നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
എന്നില്‍ ഇടര്ച്ചതോന്നാത്തവന് ഭാഗ്യവാന്.
മത്തായി 11 : 1-6.
സൗഖ്യം ലഭിക്കാൻ കുഷ്ഠരോഗി ചെയ്തതൊക്കെ ഏറെ ശ്രദ്ധേയമാണ്.അവൻ തന്നെത്തന്നെ പൂർണ്ണമായും ഉറച്ച വിശ്വാസത്തോടും തികഞ്ഞ പ്രത്യാശയോടും കൂടെ ഈശോയ്ക്ക് സമർപ്പിക്കുന്നു. ഇത്തരത്തിലുള്ള തീവ്രവും തീക്ഷ്ണവുമായ പ്രാർത്ഥന എപ്പോഴെങ്കിലും അവിടുന്ന് തിരസ്കരിച്ചതായി സുവിശേഷങ്ങളിൽ യാതൊരു സൂചനയുമില്ല. പാപികളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും രോഗികളെയും അവശരെയും ആർത്തരെയും ആലംബഹീനരെയും രക്ഷിക്കാനാണ്, ദൈവമക്കളാക്കാനാണ്, സ്വർഗ്ഗത്തിന് അവകാശികൾ ആക്കാനാണ്, അവിടുന്ന് വിണ്ണു വിട്ടു മണ്ണിൽ വന്നത്.
സുഖമാക്കപ്പെട്ടവനോട് മോശയുടെ നിയമങ്ങൾ അനുസരിച്ചുള്ള കടമകൾ പൂർണ്ണമാക്കാൻ ഈശോ ആവശ്യപ്പെടുന്നത് ശ്രദ്ധേയമാണ്. നിയമത്തെ ഇല്ലാതാക്കാൻ അല്ല പൂർത്തിയാക്കാൻ ആണ് ഈശോ വന്നത് എന്നതിന് തെളിവാണ് അത്.