ജോഷ്വാ 1:5-9
നിന്റെ ആയുഷ്കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്പിക്കാന് സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും.
ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന ദേശം ഇവര്‍ക്ക് അവകാശമായി വീതിച്ചു കൊടുക്കേണ്ടതു നീയാണ്.
എന്റെ ദാസനായ മോശ നല്‍കിയിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. അവയില്‍ നിന്ന് ഇടംവലം വ്യതിചലിക്കരുത്. നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും.
ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.
ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ദൈവം അനുനിമിഷം നമ്മോടൊപ്പമുണ്ടെങ്കിൽ ഒരു ശക്തിക്കും നമ്മെ പരാജയപെടുത്താനാവില്ല. അവിടുത്തോടൊപ്പം ആയിരിക്കുന്നവനെ അവിടുന്ന് ഒരിക്കലും കൈവിടുകയില്ല. നിരന്തരം ദൈവസാനിധ്യനുഭവത്തിൽ ജീവിക്കുന്നതിനു അവിടുത്തെ കൽപ്പനകൾ അഭംഗുരം പാലിക്കുക അത്യന്താപേക്ഷിതമാണ്. ‘ഇമ്മാനുവേൽ’ അനുഭവത്തിൽ ആഴപ്പെട്ടിരിക്കുന്ന വ്യക്തിക്ക് ശക്തനും ധീരനും ആയിരിക്കാൻ കഴിയും.
പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഇവിടെ തികച്ചും സംഗതമാണ്. റോമാ. 8:31-39 ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്ക്കും?
സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്പിച്ചുതന്നവന് അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്കാതിരിക്കുമോ?
ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക?
മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ.
ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു; കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.
നമ്മെ സ്നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികള്‍ക്കോ
ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.