ദൈവിക പുണ്യങ്ങൾ നമ്മിൽ മൊട്ടിട്ടു വളരുന്നതിന് സുനശ്ചിതമായ വഴി ദൈവ സ്നേഹത്തിൽ ആഴപ്പെടുകയാണ്. കാരണം ,അവയുടെയെല്ലാം ഉറവിടം ദൈവം തന്നെയാണ്. തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം സർവ്വവും വാഗ്ദാനം ചെയ്തിരിക്കുന്നു. ദൈവ സ്നേഹത്തിൽ ആഴപ്പെടുന്നതനുസരിച്ചു നമ്മുടെ പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും.
ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു സംഭവം ലൂക്കാ.7 :36-48 ലുണ്ട് . ” ഫരിസേയരിൽ ഒരുവനായ ശിമയോൻ തന്നോടുത്തു ഭക്ഷണം കഴിക്കാൻ ഈശോയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു ഈശോ അവൻ്റെ വീട്ടിൽ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.
അപ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ, ഈശോ ഫരിസേയൻറെ വീട്ടിൽ വിരുന്നു കഴിക്കുന്ന വിവരം അറിഞ്ഞു. അവൾ ഒരു വെൺ കൽഭരണി നിറയെ സുഗന്ധ തൈലവുമായി അവിടെയെത്തി. അവൾ അവിടുത്തെ പിന്നിൽ, പദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു, കണ്ണുനീരുകൊണ്ടവൾ അവിടുത്തെ പാദങ്ങൾ കഴുകുകയും തലമുടി കൊണ്ട് ആ കണ്ണീർ തുടക്കുകയും ആ പുണ്യപാദങ്ങൾ ചുംബിക്കുകയും ചെയ്തു .
ആതിഥേയൻ ഇതുകണ്ടു സ്വഗതമായി പറഞ്ഞു “ഇവൻ പ്രവാചകനാണെകിൽ, തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരിയെന്നും മനസ്സിലാക്കുമായിരുന്നു.ഇവൾ ഒരു പാപിനിയാണല്ലോ. (അവൻ്റെ ആത്മഗതം മനസ്സിലാക്കി ) ഈശോ അവനോടു പറയുന്നു: ശിമയോനെ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ , അരുളിച്ചെയ്താലും എന്ന് അവൻ പറഞ്ഞു .
ഒരു ഉത്തമർണ്ണനു രണ്ടു കടക്കാർ ഉണ്ടായിരുന്നു ഒരുവൻ അഞ്ഞൂറും മറ്റവൻ അമ്പതും ദേനാറാ കടപ്പെട്ടിരുന്നു. വീട്ടാൻ കഴിവില്ലാത്തതുകൊണ്ട് ഇരുവർക്കും അവൻ ഈ കടം ഇളച്ചുകൊടുത്തു. ആ രണ്ടു പേരിൽ ആരായിരിക്കും ആ ഉത്തമർണ്ണനെ കൂടുതൽ സ്നേഹിക്കുക ? ശിമയോൻ പറഞ്ഞു: ആർക്കു കൂടതൽ ഇളവു ചെയ്തതോ അവൻ എന്നു ഞാൻ കരുതുന്നു. ഈശോ പറഞ്ഞു : നീ ശരിയായി തന്നെ വിധിച്ചു. അനന്തരം ആ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമയോനോട് പറഞ്ഞു : നീ സ്ത്രീയെ കാണുന്നല്ലോ, ഞാൻ നിന്റെ വീട്ടിൽ ( നിൻ്റെ ക്ഷണമനുസരിച്ചു) വന്നു. കാലുകഴുകാൻ നീ എനിക്ക് വെള്ളം തന്നില്ല. എന്നാൽ ഇവൾ (സ്വന്തം) കണ്ണീരുകൊണ്ടു എൻ്റെ കാലു കഴുകുകയും തലമുടി കൊണ്ട് തുടക്കുകയും ചെയ്തു …… അതിനാൽ ഞാൻ നിന്നോടു പറയുന്നു: ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ഇവൾ അധികം സ്നേഹിച്ചു … ഈശോ അവളോട് പറഞ്ഞു: നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക .
നമുക്കിന്ന് ഏറ്റം ആവശ്യം പശ്ചാത്താപത്തിൻറെ കണ്ണീരല്ലേ ?