യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന് അവന്റെ അടുക്കല്‍ വന്ന്യാചിച്ചു:
കര്‍ത്താവേ, എന്റെ ഭൃത്യന് തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു.
യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം.
അപ്പോള്‍ ശതാധിപന് പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന് സുഖപ്പെടും.
ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന് പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന് വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന് അതു ചെയ്യുന്നു.
യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല.
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
യേശു ശതാധിപനോടു പറഞ്ഞു: പൊയ്ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന് സുഖം പ്രാപിച്ചു.
മത്തായി 8 : 5-13
തന്റെ ഭൃത്യനെ ചേർത്തുപിടിക്കുന്ന ശതാധിപൻ തളർവാതം പിടിപെട്ട് കഠിനവേദന അനുഭവിക്കുന്ന തന്റെ പ്രിയ ഭ്രത്യനെ സുഖപ്പെടുത്തണമെന്ന് ആവശ്യവുമായി കരുണയുടെ ഉറവിടവും സാഗരവുമായ ഈശോയെ അനിതര സാധാരണമായ വിശ്വാസത്തോടും പ്രത്യാശയോടു മാണ് സമീപിക്കുന്നത്. അയാളുടെ വിശ്വാസം പരിഗണിച്ച്,ശാരീരിക സാന്നിധ്യമോ സ്പർശനമോ ഇല്ലാതെ തന്നെ, അകലെനിന്ന് അത്ഭുതം പ്രവർത്തിച്ച (ഈശോ ദൂരത്തിന്റെയും കർത്താവാണ് ) അയാളുടെ ഭ്രത്യനു രോഗശാന്തി നൽകാൻ ഈശോ തയ്യാറായി. അയാളുടെ ആഴമേറിയ വിശ്വാസവും ഈശോയോടുള്ള വിസ്മയനിയമായ ആദരവും സമാനതകളില്ലാത്തതാണ്. അവിടുന്ന് തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു.,
” ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽ പോലും ഞാൻ കണ്ടിട്ടില്ല”( മത്തായി 8 :10).
ശതാധിപന്റെ ഭൃത്യനെ വീട്ടിൽ ചെന്ന് സുഖപ്പെടുത്താമെന്ന് അവിടുന്ന് ഉറപ്പ് കൊടുത്തപ്പോൾ, അവിടുന്ന് തന്റെ വീട്ടിൽ വരാനുള്ള യോഗ്യത തനിക്കില്ലെന്ന് ഏറ്റുപറഞ്ഞ് അവിടുത്തെ അയാൾ ആ ബുദ്ധിമുട്ട് നിന്ന് ഒഴിവാക്കുകയാണ്.
ഈശോ അകലെ നിന്ന് ആജ്ഞാപിച്ചാൽ, തന്റെ ഹൃദയം സുഖപ്പെടാൻ അതു ധാരാളം മതിയെന്ന് ശതാധിപനു തികഞ്ഞ ഉറപ്പായിരുന്നു.
അവിടുത്തെ ‘കർത്താവെ’ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവിടുത്തെ അധികാരത്തിന് യാതൊരു പരിമിതികളും ഇല്ലെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു. പരിമിതികളെ അതി ലംഘിക്കുന്ന ആ വിശ്വാസത്തെയാണ് ഈശോ പുകഴ്ത്തി പറഞ്ഞത്.
ശതാധിപന്റെ ഈ വിശ്വാസത്തിന്റെ വെളിച്ചത്തിൽ, രക്ഷ എല്ലാവർക്കും ഉള്ളതാണെന്നു കൂടി സ്ഥാപിക്കുക ആയിരുന്നു ഈശോ. രക്ഷ തങ്ങൾക്ക് മാത്രമുള്ളതാണ് എന്നതായിരുന്നു യഹൂദർ വിശ്വസിച്ചിരുന്നത്. തീർച്ചയായും രക്ഷാകര ചരിത്രത്തിൽ ഇസ്രായേലിനു സവിശേഷമായ ഒരു സ്ഥാനമുണ്ട്. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കൂബിനോടും ആണ് ദൈവം ആദ്യം രക്ഷ വാഗ്ദാനം ചെയ്തത്. അവരെ ‘രാജ്യത്തിന്റെ മക്കൾ ‘എന്ന് അവിടുന്ന് വിശേഷിപ്പിക്കുന്നുമുണ്ട് (മത്താ.8:12). എന്നാൽ അബ്രാഹത്തോടെ ചെയ്ത രക്ഷാകര വാഗ്ദാനത്തിൽ സകല ജനപദങ്ങളെയും ദൈവം ഉൾപ്പെടുത്തിയിരുന്നു. അവിടുന്ന് അബ്രഹത്തോട് വാഗ്ദാനം ചെയ്യുന്നു
:” നിന്നിലൂടെ പൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതരാവും (ഉല്പത്തി 12:3 ).
കാലക്രമണ യഹൂദർ തങ്ങളുടെ രക്ഷയുടെത് മാത്രമാണെന്ന മിഥ്യ ബോധത്തിലേക്കു വഴുതി വീണു. കിട്ടിയ അവസരം ഉപയോഗിച്ച് ഈശോ ആ മിഥ്യാധാരണ തിരുത്തി കുറിക്കുന്നു.
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
മത്തായി 8 : 11