യെശ. 30:19-26
ജറുസലെമില്‍ വസിക്കുന്ന സീയോന് ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.
കര്‍ത്താവ് നിനക്കു കഷ്ടതയുടെ അപ്പവും ക്ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.
അപ്പോള്‍, നിങ്ങളുടെ വെള്ളിപൊതിഞ്ഞ കൊത്തുവിഗ്രഹങ്ങളെയും സ്വര്‍ണംപൂശിയ വാര്‍പ്പു വിഗ്രഹങ്ങളെയും നിങ്ങള്‍ നിന്ദിക്കും. ദൂരെപ്പോകുവിന്‍ എന്നു പറഞ്ഞ് നിങ്ങള്‍ അവയെ മലിനവസ്തുക്കളെന്നപോലെ എറിഞ്ഞുകളയും.
അവിടുന്ന് നീ വിതയ്ക്കുന്ന വിത്തിനു മഴ നല്‍കും; ധാന്യം സമൃദ്ധമായി വിളയും; അന്ന് നിന്റെ കന്നുകാലികള്‍ വിശാലമായ മേച്ചില്പുറങ്ങളില് മേയും.
നിലം ഉഴുകുന്ന കാളകളും കഴുതകളും കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും ഉപ്പു ചേര്‍ത്തതുമായ വൈക്കോല്‍ തിന്നും.
മഹാസംഹാരത്തിന്റെ ദിനത്തില്‍ ഗോപുരങ്ങള്‍ വീണു തകരുമ്പോള്‍ ഉന്നതമായ പര്‍വതങ്ങളിലും കുന്നുകളിലും വെള്ളം നിറഞ്ഞ അരുവികള്‍ ഉണ്ടാകും.
കര്‍ത്താവ് തന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുകയും തന്റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം ചന്ദ്രപ്രകാശം സൂര്യന്റെ ശോഭപോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയും ആകും.
മാനസാന്തരം ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷപെടുന്നതിനുമുള്ള രാജപാതയാണ്. അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുകയും ചെയ്യും. “ഉന്നതമായ പർവ്വതങ്ങളിലും കുന്നുകളിലും വെള്ളം നിറഞ്ഞ അരുവികൾ ഒഴുകും.” ഒരു വിധത്തിൽ വായിക്കുമ്പോൾ മനസാന്തരമാണ് തിരുവചനത്തിൽ ഉടനീളം കാണുന്ന ആഹ്വനം. കായേനോട് ദൈവം ചോദിക്കുന്ന ചോദ്യം തന്നെ വിരൽചൂണ്ടുന്നത് മനസാന്തരത്തിലേക്കാണ്. “ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാവില്ലെ?” (ഉല്പ. 4:7). നോഹയും കുടുംബവും രക്ഷപെട്ടത് മനസാന്തരറ്റണിന്റെ ജീവിതം നയിച്ചതുകൊണ്ടാണ് (cfr ഉല്പ. 6 – 9 അധ്യായങ്ങൾ). യഥാർത്ഥ പരിച്ഛേദനം മനസാന്തരമാണ് -ഹൃദയത്തിന്റെ പരിച്ഛേദനം – ആദിമ മനുഷ്യനെ മുറിച്ചു മാറ്റുക. പത്തു മനസാന്തരപ്പെട്ട (നീതിമാന്മാർ) ഉണ്ടായിരുന്നെങ്കിൽ സൊദോം ഗോമോരോ നശിപ്പിക്കപ്പെടുമായിരുന്നില്ല (ഉല്പ. 18:16-32). മനസാന്തരപ്പെട്ട വ്യക്തിയായതുകൊണ്ടാണ് അനുഗ്രഹങ്ങൾ ഒന്നൊന്നായി പൂർവ യൗസേപ്പിനെ അനുധാവനം ചെയ്തതു (ഉല്പ. 35:41). വിലാപസ്വരം (മാനസാന്തരം) കേട്ട് കരുണ കാണിക്കുന്നവനാണ് നമ്മുടെ ദൈവം.