ക്രൈസ്തവ ജീവിതം വിശ്വസത്തിലധിഷ്ഠിതമാണ്. നല്ല ദൈവം തന്നെതന്നെ മനുഷ്യന് വെളിപ്പെടുത്തുന്നു. അവിടുന്ന് അവനു സ്വയം ദാനം ചെയുന്നു. സ്വജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം അന്വേഷിക്കുന്ന അതി സമ്പുഷ്ട്ടമായ പ്രകാശം ദൈവം അവനു നൽകുന്നു. എല്ലാം തനിക്കായി നൽകുന്ന ഈ ദൈവത്തിനു അവൻ സസന്തോഷം സർവാത്മനാ നൽകുന്ന പ്രത്യുത്തരമാണ് വിശ്വാസം. സമ്പൂർണവും സാകല്യവും സമർപ്പിത ഭാവനാത്മകവുമായ (positive) ഒരു ബൗദ്ധിക മാനസിക വൈയക്തിക പ്രവർത്തിയാണിത്. വിശ്വാസത്തിന്റെ ഉറവിടവും പ്രത്യുത്തരവും സ്നേഹവുമാണ്. ദൈവം സ്നേഹമാണല്ലോ.
സങ്കീർത്തകന്റെ ഭാഷയിൽ ‘ആഴം’ ‘ആഴത്തെ’ വിളിക്കുന്നു, ‘ആഴം’ “ഇതാ ഞാൻ” എന്ന് സർവാത്മനാ സോത്സാഹം പ്രത്യുത്തരിക്കുന്നു എന്ന് ഇതിനെ വിശേഷിപ്പിക്കാം. ദൈവത്തിന്റെ സ്നേഹം സ്വമനസാ അംഗീകരിക്കുകയാണ്, നന്ദിപൂർവം ആയിരിക്കുകയാണ് വിശ്വാസി. വിശ്വാസത്തിലൂടെ തന്റെ സൃഷ്ട്ടാവിൽ സമ്പൂർണമായി ആശ്രയിച്ചുകൊണ്ടു സ്വയം അവിടുത്തേക്ക് സമർപ്പിക്കുകയാണവൻ.