ആമുഖം
”പാവപ്പെട്ടവരുടെ രക്ഷയ്ക്കായി സർവശക്തൻ സമ്മാനിച്ച വരദാനമാണ് മദർ തെരേസ”. പരിശുദ്ധ പിതാവിന്റെ ആ പ്രസ്താവന ഒരു വലിയ വെളിപ്പെടുത്തലാണ്. ”ദരിദ്രർ ക്രിസ്തുവിന്റെ കൂദാശ”യാണെന്ന തിരിച്ചറിവാണ് പാവങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും ഉള്ളതെല്ലാം അവരുമായി പങ്കുവയ്ക്കുവാനും അമ്മയെ സന്നദ്ധയാക്കിയത്. കൂരിരുട്ടിൽ ആർത്തന്മാർക്കും വെളിച്ചത്തിനായി കേഴുന്ന ആലംബഹീനർക്കും അഗതികൾക്കും ഈശോയുടെ ജീവനും സൗരഭ്യവും സത്യവും സാന്നിദ്ധ്യവും സ്നേഹവും തന്റെ പ്രവർത്തനങ്ങളിലൂടെ മദർ നൽകി. അതുകൊണ്ടുതന്നെ അമ്മയുടെ പ്രവർത്തനം നവീനരീതിയും സ്വഭാവവും ഉള്ളതായി. സത്യസന്ധവും ആത്മാർത്ഥവുമായ കാരുണ്യപ്രവർത്തനങ്ങൾ ഏവർക്കും പ്രത്യേകം കഠിനഹൃദയർക്കും പരിവർത്തനാത്മകമാണ്. ഇങ്ങനെയുള്ള ബഹുവിധകാരണങ്ങളാൽ മദർ തെരേസ ആധുനികയുഗത്തിന്റെ പ്രവാചിക ആയിത്തീർന്നു. ഉടഞ്ഞുതകർന്ന മൂല്യങ്ങളായ സ്നേഹം, കരുണ, മനുഷ്യത്വം തുടങ്ങിയവ തന്റെ നവീനരീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ വീണ്ടെടുക്കുക എന്ന പ്രവാചദൗത്യങ്ങളാണ് മദർ നിറവേറ്റിയത്.
ക്രിസ്തു ആരെന്നും അവിടുത്തെ ആവശ്യങ്ങൾ എന്തെന്നും വ്യക്തമാക്കുന്ന ഏതാനും വാക്കുകൾ മദർ ആശുപത്രിയിൽ വച്ച് ആലേഖനം ചെയ്തു. അവ ചുവടെ ചേർക്കുന്നു.
എനിക്ക് ഈശോ
”മാംസമുടുത്ത വചനം
നിത്യജീവന്റെ അപ്പം;
നമ്മുടെ അകൃത്യങ്ങൾക്കായി
ക്രൂശിൽ അർപ്പിക്കപ്പെട്ട കുർബാന;
വിളംബരം ചെയ്യേണ്ട സത്യം;
കാണേണ്ട പ്രകാശം;
സ്നേഹിക്കപ്പെടേണ്ട സ്നേഹം
പങ്കുവയ്ക്കപ്പെടേണ്ട ആനന്ദം;
അർപ്പിക്കപ്പെടേണ്ട ത്യാഗബലി;
നല്കപ്പെടേണ്ട ശാന്തി;
അനുഭവിക്കേണ്ട ജീവന്റെ അപ്പം;
ഭക്ഷണം നൽകേണ്ട വിശക്കുന്നവൻ;
ദാഹജലമാകുന്ന ദാഹാർത്തൻ;
വസ്ത്രം ഉടുപ്പിക്കേണ്ട നഗ്നൻ;
സ്വാസ്ഥ്യം നൽകേണ്ട രോഗി;
സ്നേഹിക്കപ്പെടേണ്ട ഏകാകി;
പ്രിയപ്പെട്ടവനാകേണ്ട ഒറ്റപ്പെട്ടവൻ;
വ്രണപ്പെട്ട കുഷ്ഠരോഗി;
പുഞ്ചിരിയോടെ കൊടുക്കേണ്ട യാചകൻ;
ചെവി കൊടുക്കേണ്ട മദ്യപൻ;
സംരക്ഷിക്കപ്പെടേണ്ട മാനസികരോഗി;
സമാശ്ലേഷിക്കേണ്ട കുരുന്ന്;
നയിക്കപ്പെടേണ്ട അന്ധൻ;
കേൾവികൊടുക്കേണ്ട അന്ധൻ;
കൂടെ നടത്തേണ്ട ലഹരിക്കടിമ;
സന്ദർശിക്കേണ്ട തടവുകാരൻ;
ശുശ്രൂഷിക്കേണ്ട തടവുകാരൻ;
എനിക്കേശു ദൈവമാണ്;
അവൻ എന്റെ നാഥനാണ്;
ജീവത്തിടമ്പാണ്ണ്;
യേശു എന്റെ ഏകമാത്ര സ്നേഹമാണ്;
അവൻ എന്റെ എല്ലാമെല്ലാമാണ്;
അവനാണ് എന്റെ സർവ്വസ്വവും;
അതുല്യമായ ഒരു വെളിപ്പെടുത്തലാണിത്;
പാവപ്പെട്ടവരിലൂടെ ഈശോയുമായി ഒന്നാകാനുള്ള മദറിന്റെ അഭിവാഞ്ച നിതരാം പ്രസ്പഷ്ടമാക്കുന്നു. മേലുദ്ധരിച്ച വചനങ്ങൾ ഈശോയുമായി പൂർണ്ണമായി ഐക്യപ്പെടുവാനുള്ള അമ്മയുടെ ഹൃദയദാഹം വ്യക്കമാക്കുന്നതാണ് തുടർന്നുള്ള ഉദ്ധരണി. ”ഈശോയെ ഞാൻ അങ്ങയുടെതായതുകൊണ്ട് എനിക്കുള്ളതു മുഴുവൻ പരിപൂർണ്ണമായി അങ്ങേക്കു സമർപ്പിക്കുന്നു. എന്റെ വിചാരവികാരങ്ങൾ അങ്ങ് കണക്കിലെടുക്കരുത്. നാഥാ എന്നെ പൂർണ്ണമായി ഉപയോഗിക്കൂ. ഞാൻ അങ്ങയുടെതുമാത്രമാണ്”. ഇപ്രകാരം ഈശോയുമായി ഒന്നാകുവാൻ അമ്മയെ സഹായിച്ച ഏറ്റം വലിയ ശക്തിയായിരുന്നു പരി. കുർബാന. അനുദിനം അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ക്രിസ്തുവിനു പൂർണ്ണമായി സമർപ്പിക്കപ്പെട്ട് ആർജിച്ച ദിവ്യശക്തിയാണ് മദർ മറ്റുള്ളവരുമായി പങ്കുവച്ചിരുന്നത്.
സ്വയം മറ്റുള്ളവർക്കു സമ്മാനിക്കുന്ന അത്യുന്നത സ്നേഹമാണ്, കരുണയാണ്, ബലിയാണ്, അതിരുകളില്ലാത്ത വാത്സല്യമാണ് മദർ തെരേസായുടെ ആത്മീയത. എല്ലാം ഈശോയ്ക്കു മാത്രം, ഈശോക്കുവേണ്ടി മാത്രം. ”ഞങ്ങൾ ഇവിടെയുള്ളത് ഈശോക്കു വേണ്ടിമാത്രമാണ്. ഞങ്ങളുടെ പ്രവർത്തനവും യേശുവിനു വേണ്ടി മാത്രമാണ്. എപ്പോഴും എവിടെയും ഈശോ നാഥൻ ആദ്യം. നാം ആദ്യം ദൈവാന്വേഷികളാകണം. അപ്പോൾ പാവപ്പെട്ടവരിൽ പാവപ്പെട്ടവരോടുള്ള നമ്മുടെ പെരുമാറ്റങ്ങൾ അവരുടെയും നമ്മുടെയും ആത്മീയവളർച്ചയ്ക്കു ഹേതുവാകും”.
അമ്മ വീണ്ടും പറയുന്നു, ”എന്നും ദൈവപുത്രൻ നമ്മെ കാണാൻ വരുന്നു, പാവങ്ങളിൽ, വേശ്യകളിൽ, ലഹരിമരുന്നിനടിമയായി ആരോരുമില്ലാത്ത അവസ്ഥയിൽ. ഇവരെ സ്വീകരിക്കുകയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നത് ഒരു മഹാ കാര്യമാണ്… ദൈവം വിദൂരതയിലെ അറിയപ്പെടാത്ത ഒരു ശക്തിയല്ല. മറിച്ച് അവിടുന്ന് എല്ലായ്പ്പോഴും വ്യക്തികളിലൂടെ നമുക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ടിരിക്കുന്നവനാണ്. അതുകൊണ്ട് വ്യക്തികളുടെ അത്യന്താപേക്ഷിതമായ ആവശ്യങ്ങൾ നിറവേറ്റുകവഴി നാം ദൈവത്തെ തിരിച്ചറിയുന്നു”.
ലോകജനതക്ക് മദർ തെരേസ ദൈവസ്നേഹത്തിന്റെ സാക്ഷിയും പ്രവാചികയുമായിരുന്നു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂർത്തിമദ്ഭാവം.
അന്യർക്ക് ഏകുവാനുള്ള ആത്മീയപ്രസാദത്തിന്റെ കൂമ്പാരമായിരുന്നു മദറിന്റെ എളിയ ജീവിതശൈലി. തന്റെ കാരുണ്യപ്രവർത്തിയിലൂടെ മദർ ജീവനില്ലാത്തിടത്തു ജീവനും പ്രത്യാശയില്ലാത്തിടത്തു പ്രത്യാശയും നൽകി. ഇന്ന് മാനവരാശിക്ക് ആവശ്യം വാക്കുകളെക്കാളേറെ പ്രവൃത്തിയാണ്. പ്രസംഗത്തെക്കാളാവശ്യം സാക്ഷ്യമാണ്. മദർ ചോദിക്കുന്നു: ”ദൃശ്യനായ തന്റെ സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവന് എങ്ങനെ അദൃശ്യനായ ദൈവത്തെ സ്നേഹിക്കാൻ കഴിയും?” ദൈവവും മനുഷ്യനും ഒന്നാകുന്ന ആത്മീയ സംഗമമാണ് മദർ വിഭാവനം ചെയ്യുന്നത്.
”നിങ്ങൾക്കു സ്നേഹിക്കാൻ കഴിയണമെങ്കിൽ ക്ഷമിക്കാൻ പഠിക്കുക”. ക്രൈസ്തവ ദൈവശാസ്ത്രം മുഴുവൻ അമ്മയുടെ ഈ വാക്കുകളിൽ ഒളിഞ്ഞിരുപ്പുണ്ട്. ക്ഷമിക്കാതെയും സ്നേഹിക്കാതെയും ഒരുവന് യഥാർത്ഥ ക്രൈസ്തവനായിരിക്കാൻ സാധിക്കുകയില്ല. ക്രിസ്റ്റഫർ ഹിച്ചിംഗ്സിന് അമ്മയെ ‘നരകത്തിലെ മാലാഖ’ എന്നു വിശേഷിപ്പിക്കാൻ ആയി. ഈ ആക്ഷേപത്തിനുള്ള അമ്മയുടെ മറുപടി ശ്രദ്ധിക്കൂ. ”ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം”. ഹിച്ചിംഗ്സിനു വേണ്ടി പ്രാർത്ഥിക്കുമെന്ന്. തിരുവചനം വളരെ വ്യക്തമാണ്. ”നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ. അനുഗ്രഹിക്കുകയല്ലാതെ, ശപിക്കരുത്” (റോമ 12:14). പ്രാർത്ഥനയേക്കാൾ വലിയ അനുഗ്രഹം വേറെ എന്താണുള്ളത്?
ജീവിക്കുന്ന പുണ്യവതി, ചേരിയിലെ വിശുദ്ധ, കനിവിന്റെ മാലാഖ, ഭൂമിയിലെ മാലാഖ, എന്നെല്ലാമുള്ള അപരനാമങ്ങൾ ലോകം മദറിനു നൽകി ആദരിച്ചപ്പോഴാണ് റല്ശഹ’ െമറ്ീരമലേ രംഗപ്രവേശം ചെയ്തത്. ഏതായാലും ഇന്നു മദർ വാഴ്ത്തപ്പെട്ട മദർ തെരേസയാണ്. സഭാചരിത്രത്തിൽ ഇതാദ്യമായാണെന്നു തോന്നുന്നു. ഇത്രയേറെ വേഗത്തിൽ ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടവൾ ആയി പ്രഖ്യാപിച്ചിട്ടുള്ളത്.