സഹിക്കുന്ന ആത്മാക്കളോട് മാലാഖമാർക്കും വിശുദ്ധർക്കും പ്രത്യേക സ്നേഹവും പരിഗണന കരുതലും ഉണ്ട്.ദൈവം ആരെ കൂടുതൽ സ്നേഹിക്കുന്നുവോ അവർക്ക് കൂടുതൽ സഹനം അനുവദിക്കും. ഉദാ. ഈശോ, പരിശുദ്ധ അമ്മ, വിശുദ്ധർ (വി.കൊച്ചുത്രേസ്യ, വി. അൽഫോൻസാമ്മ ). അവ അവിടുത്തെ സ്നേഹ പരീക്ഷണങ്ങളാണ്. അവയെ ഓർത്ത് അവിടുത്തേക്ക് സ്തുതിയും മഹത്വവും അർപ്പിക്കണം. അവിടുത്തെ സ്നേഹവും കരുണയും അളവറ്റതും അഗ്രാഹ്യവുമാണ്. നാഥാ, എന്റെ ആത്മാവിന് വേണ്ടി അങ്ങ് കരുതിയിരുന്നതെല്ലാം അങ്ങയുടെ കരുണയിൽ പൂരിതമായവയാണ്.
ദൈവദാനമായ സഹനമാണ് ഇവിടെ പരാമർശം. ഉപരിനന്മയ്ക്ക് എന്ന് കരുതി അവ ആരും ഒരിക്കലും വർദ്ധിപ്പിക്കരുത്. ദൈവം തന്റെ കണക്കിലും ക്രമത്തിലും ബലിയാത്മാക്കൾക്ക് അത് നൽകി കൊള്ളും. മറ്റുള്ളവരുടെ ഏതൊരു സഹനവും ആവുന്നിടത്തോളം ലഘുവാക്കാനാണ് നാം പരിശ്രമിക്കേണ്ടത്. ” എരിതീയിൽ എണ്ണ ഒഴിക്കരുത്” എന്ന ചൊല്ല് ഓർക്കുക. സഹിക്കുന്ന ആത്മാവിന്റെ ഭാരത്തെപ്പറ്റി നാം കരുതൽ ഉള്ളവർ ആയിരിക്കണം.
ഒരാത്മാവിന്റെ സഹനം കാണുമ്പോൾ അത് ലഘുകരിക്കാനായിരിക്കും ക്രിസ്തു ശിഷ്യന്റെ ശ്രമം. നാവ് ഒരു ചെറിയ അവയവമാണ്. എങ്കിലും വളരെയേറെ നന്മകൾ ചെയ്യാൻ അതിന് ആവും. നിർദ്ദിഷ്ട സമയങ്ങളിൽ പല നന്മകൾ ചെയ്യുന്ന ഈ നാവ് പോലും നിശബ്ദത പാലിക്കണം. ആന്തരിക നിശബ്ദത- ദൈവത്തിൽ ധ്യാനാത്മകമായിരിക്കുന്ന -നിശബ്ദതയാണ് ഇവിടെ വിവക്ഷ. ഈ
നിശബ്ദത ഭഞ്ജിക്കാതെ തന്നെ ഒരാൾക്ക്,അത്യാവശ്യത്തിന്, സംസാരിക്കാനാവും .