ആത്മാർത്ഥതയും തുറവിയും വിനയവും അനുസരണവും സഹനശക്തിയും ഉള്ള ആത്മാവിനെ ദൈവം അനായാസം പവിത്രീകരിക്കുന്നു. പ്രസ്തുത ആത്മാവിനെ ദൈവം പൂർണ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അവിടുന്ന് തന്നെ അതിന് ഒരുക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. അതായത് അവിടത്തേക്ക് അടുത്ത സമ്പർക്കം പുലർത്താൻ അതിനെ പ്രാപ്തയാക്കുന്നു. ആത്മാവ് കർത്താവുമായി ഒരു സ്നേഹ സമാധിയിൽ ആവുന്നു. അതീന്ദ്രിയമായി അത് ദൈവത്തോട് സംസാരിക്കുന്നു. തന്റെ ദിവ്യ പ്രകാശത്താൽ ദൈവം അതിനെ നിറയ്ക്കുന്നു.
ഇപ്രകാരം പ്രകാശിതമായ മനസ്സ് ദൈവത്തിന്റെ കണ്ണുകളിലൂടെ എല്ലാം കാണുന്നു. ആത്മീയ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ അത് വിവേചിച്ചറിയുന്നു. എപ്പോഴെല്ലാം ആണ് ദൈവവുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയിട്ടുള്ളതെന്നു അതു ശരിയായി മനസ്സിലാക്കുന്നു . അങ്ങനെ ആത്മാവ് മിഥ്യാബോധത്തിൽ നിന്ന് വിമുക്തമാവുന്നു. അതിന്റെ ആത്മീയത കൂടുതൽ നിഷ്കളങ്കവും ആഴമുള്ളതും ആവുന്നു. തുടർന്ന് പൂർണമായും ആത്മീയമായ ഒരു അവസ്ഥയിലേക്ക് ആ ആത്മാവിനെ ദൈവം പ്രവേശിപ്പിക്കുന്നു. ഇന്ദ്രിയങ്ങൾ നിർജീവമാവുന്നു. ആത്മാവ് അപ്പോൾ ദൈവവുമായി ഗാഢ ബന്ധത്തിലാവുന്നു. ദിവ്യത്വത്തിൽ നിമഗ്നമാവുന്നു. അങ്ങനെ അത് ദൈവദാനമായ ആനന്ദ ലഹരിയിൽ ആവുന്നു
വി. ഫൗസ്റ്റീന