ദാൻ വംശജനായ മനോവയുടെ ഭാര്യ വന്ധ്യയിരുന്നു. കർത്താവിന്റെ ദൂതൻ പ്രത്യക്ഷപെട്ടു അവളോട് പറഞ്ഞു: “വന്ധ്യയായ …. നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും… അവന്റെ തലയിൽ ഷൗര കത്തി തൊടരുത്. ജനനം മുതൽ അവൻ ദൈവത്തിനു നാസിർ വൃതക്കാരനായിരിക്കും. ഇസ്രയേലിനെ അവൻ ഫിലിസ്ത്യരുടെ കൈയിൽ നിന്നും വിടുവിക്കാൻ തുടങ്ങും” (ന്യായ. 13:15).
യഥാകാലം അവൾ ഒരു പുത്രനെ പ്രസവിച്ചു. സാംസൺ എന്ന് അവനു പേരിട്ടു. കുട്ടി വളർന്നു. കർത്താവു അവനെ അനുഗ്രഹിച്ചു. കർത്താവിന്റെ ആത്മാവ് അവനിൽ പ്രസരിച്ചു തുടങ്ങി (ന്യായ. 13:24, 25). അക്കാലത്തു ഫിലിസ്ത്യർ ഇസ്രയേലിന്റെ മേൽ ആധ്യപത്യം പുലർത്തിയിരുന്നു (ന്യായ. 14:4). മാതാപിതാക്കളോടൊപ്പം സാംസൺ തിമ്നയിലേക്കു പോയി. അവിടെ ഒരു മുന്തിരി തോപ്പിൽ എത്തിയപ്പോൾ ഒരു സിംഹകുട്ടി സാംസന്റെ നേരെ അലറി വന്നു. കർത്താവിന്റെ ആത്മാവ് അവനിൽ ശക്തമായി ആവസിച്ചു. ഒരു ആട്ടിൻകുട്ടിയെ എന്നപോലെ അവൻ അതിനെ ചീന്തിക്കളഞ്ഞു (ന്യായ. 14:6).
തിമ്നയിൽ ഒരു ഫിലിസ്ത്യ സ്ത്രീയെ സാംസൺ കണ്ടു. അവളെ അവനു ഇഷ്ട്ടപെട്ടു (14:7). അവർ വിവാഹിതരായി. സാംസൺ വിവാഹ വിരുന്നിൽ യുവാക്കളോട് പറഞ്ഞ കടംകഥയുടെ പൊരുൾ അവർക്കു മനസിലായില്ല (14:12-14). അവർ സാംസന്റെ ഭാര്യയെ രഹസ്യമായി ഭീഷണിപ്പെടുത്തി കടംകഥയുടെ പൊരുൾ ചോദിച്ചു പറയണമെന്ന് ആവശ്യപ്പെട്ടു. മരണഭീതി മൂലം അവൾ അവനെ നിർബന്ധിച്ചു പൊരുൾ പിടിച്ചെടുത്തു. അവർ സാംസണോട് പൊരുൾ വെളിപ്പെടുത്തിയപ്പോൾ തന്റെ ഭാര്യയിൽ നിന്നാണ് യുവാക്കൾക്ക് ഉത്തരം കിട്ടിയതെന്ന് സാംസണ് വ്യക്തമായി (ന്യായ. 14:18). ഈ സാഹചര്യത്തിൽ കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ശക്തിയോടെ വന്നു.
കൃപയിൽ ആയിരിക്കുന്നവർക്കു പരിശുദ്ധാത്മാവിന്റെ അഭിഷേകം സമൃദ്ധമായി ലഭിച്ചുകൊണ്ടിരിക്കും.