അഹംകാരം വിനാശത്തിന്റെ മുന്നോടി

Fr Joseph Vattakalam
2 Min Read

നോഹിന്റെ വംശ പരമ്പരയിൽ പെട്ടവർക്ക് ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷിനറിൽ ഒരു സമതലമുണ്ടായിരുന്നു. അവിടെ അവർ വാസമുറപ്പിച്ചു. അവർ പരസ്പരം പറഞ്ഞു: “നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീർത്തു പ്രശസ്തി നിലനിർത്താം” (ഉല്പ. 11:4). പ്രശസ്തി നിലനിർത്തുകയെന്ന അഹങ്കാര ചിന്തയാണ് ഈ യജ്ഞത്തിന് അവരെ പ്രേരിപ്പിച്ചത്. “ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുന്നു” (ലുക്കാ 1:51). അഹങ്കാരത്തിനു അടിമകളായ അവർ ഭിന്നിക്കപ്പെട്ടു. ഭൂമുഖത്തെല്ലാം അവർ ചിതറിക്കപ്പെട്ടു. അവർക്കു പരസ്പരം മനസിലാക്കാനായില്ല. പട്ടണം പണി ഉപേക്ഷിക്കാൻ അവർ നിര്ബന്ധിതരായി (ഉല്പ. 11:7,8).

പ്രഭാഷകൻ അഹങ്കാരത്തെക്കുറിച്ചു പറയുന്നു: “അഹങ്കാരിയുടെ കഷ്ടതകൾക്ക് പ്രതിവിധിയില്ല. എന്തെന്നാൽ ദുഷ്ടത അവനിൽ വേരുറച്ചു വളരുന്നു” (3:28).

നിർബന്ധബുദ്ധി നാശത്തിലൊടുങ്ങും; സാഹസബുദ്ധി അപകടത്തിൽ ചാടും. ദുശാഠ്യമനസ്സു കഷ്ടതകൾക്ക് അടിപ്പെടും. പാപി പാപം കുന്നുകൂട്ടും” (പ്രഭ. 3:26,27).

രാജാവ് പോലും സഹോദരനെക്കാൾ വലിയവനാണെന്നു ചിന്തിക്കുകയോ പ്രമാണങ്ങളിൽ നിന്ന് ഇടംവലം വ്യതിചലിക്കാതിരിക്കുകയോ ചെയ്യട്ടെ (നിയ. 17:20).

അനുതപിച്ചാൽ ദൈവകോപമുണ്ടാകുകയില്ല. “തന്റെ അഹങ്കാരത്തെക്കുറിച്ചു അവനും അവനോടൊത്തു ജെറുസലേം നിവാസികളും അനുതപിച്ചതിനാൽ കർത്താവിന്റെ ക്രോധം ഹെസക്കിയയുടെ കാലത്തു അവരുടെ മേൽ പതിച്ചില്ല” (2 ദിന. 32:26).

യുഡിത് ദൈവത്തോട് പ്രാർത്ഥിക്കുന്നു. “അവരുടെ അഹങ്കാരം കാണണമേ! അവരുടെമേൽ കോപം വാർഷിച്ചാലും” (യുഡിത് 9:8,9).

അഹംഭാവം, ഗർവ്, ദുർമാർഗം, ദുർവചനം ഇവ ദൈവം വെറുക്കുന്നു (cfr സുഭാ. 8:13) വീണ്ടും “അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോട് കൂടെ ജ്ഞാനവും” (സുഭാ: 11:2). 16:18 വ്യക്തമാക്കുന്നു അഹങ്കാരം വിനാശത്തിന്റെ മുന്നോടിയാണ്. അഹന്ത അധഃപതനത്തിന്റെയും. 21:24 ഏറെ പ്രസക്തമാണ്. “അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യന്റെ പേര് പരിഹാസകൻ എന്നാണ്; അവൻ ആരെയും കൂസാതെ ഗർവോടെ പ്രവർത്തിക്കുന്നു.” അഹങ്കാരി നിലംപതിക്കും; വിനീത ഹൃദയൻ ബഹുമതി നേടും (സുഭാ. 29:23).

പ്രഭാഷകന്റെ ഉപദേശം വളരെ സംഗതമാണ്. “അത്യന്തം വിനീതനാകുക; എന്തെന്നാൽ അധാർമ്മിക്കു അഗ്നിയും പുഴുവുമാണ് ശിക്ഷ” (7:17). അഹങ്കാരം വരുത്തുന്ന മറ്റൊരു അപകടം അത് മനുഷ്യനെ കർത്താവിൽ നിന്ന് അകറ്റുന്നുവെന്നതാണ്. “അഹങ്കാരം തുടങ്ങുമ്പോൾ കർത്താവില്നിന്നു അകലുന്നു, ഹൃദയം അവന്റെ സൃഷ്ട്ടാവിനെ പരിത്യജിക്കുന്നു” (പ്രഭ. 10:12). അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു. അതിനോട് ഒട്ടിനിൽക്കുന്നവൻ മ്ലേച്ഛത വമിക്കും. അതിനാൽ, കർത്താവു അപൂർവമായ പീഡകൾ അയച്ചു അവനെ നിശ്ശേഷം നശിപ്പിക്കുന്നു” (പ്രഭ. 10:13).

ലോത്തിന്റെ അയൽക്കാരെ അഹങ്കാരം നിമിത്തം ദൈവം വെറുത്തു; അവരെ അവിടുന്ന് വെറുതെ വിട്ടില്ല. (പ്രഭ. 16:18).

Share This Article
error: Content is protected !!