കരുതലുള്ള വൈദികനു ദുരിതമനുഭവിക്കുന്നവരോട് സവിശേഷമായ സഹാനുഭൂതി ഉണ്ടാവുക സ്വാഭാവികമാണ്. കഷ്ടതകൾ അനുഭവിക്കുന്നവരിൽ നിന്ന് വേറിട്ട് നിന്നുകൊണ്ട് ഒരു വൈദികനും അവരോട് സഹകരിക്കാൻ ആവില്ല. ആത്മപരിത്യാഗം, സമർപ്പിത യത്നങ്ങൾ തുടങ്ങിയവയിലൂടെ ഈശോയുടെ കുരിശുമായി തദാത്മ്യപ്പെടാൻ സാധിക്കും. അങ്ങനെ ഈശോയോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന ഒരാളെ അവിടുന്ന് തന്റെ മുറിപ്പാട് ചേർത്തുപിടിക്കും. അങ്ങനെ വൈദികന്റെ മുറിവുകൾ അവിടുന്ന് ‘തിരുമുറിവു’കളാക്കും. ഈ അനുഭവം സഹന ദാസരായ ആത്മാക്കളെ ആത്മ സമാധാനത്തിലേക്കും ആത്മീയാനന്ദത്തിലേയ്ക്കും നയിക്കാൻ അവനു സഹായകമാകും.
തന്റെ കരങ്ങളാൽ ഈശോ, സ്നേഹ സൗമ്യമായി ഹൃദയങ്ങളെ തൊടുമ്പോൾ, അവിടുത്തെ കരങ്ങളിൽ ആഴ്ന്നിറങ്ങിയ ആണികളുടെ ‘സൗഖ്യസ്പർശം’ തന്നെയായിരിക്കും അനുഭവസ്ഥന് അനുഭവവേദ്യമാവുക.
രോഗാതുരരുടെ സഹനങ്ങൾ തങ്ങളുടെ പാപങ്ങൾ വരുത്തിവെക്കുന്നതല്ല; തങ്ങളുടെ മുറിവുകളിലൂടെ തങ്ങളെ സൗഖ്യമാക്കുന്ന, പാപങ്ങൾ മോചിക്കുന്ന ഈശോയുടെ സഹനത്തിൽ അവർ പങ്കു ചേരുകയാണെന്നും അവരെ ബോധ്യപ്പെടുത്താൻ വൈദികന് സാധിക്കും. അജപാലന ശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണ് ഈ സ്നേഹ ശുശ്രൂഷ.
വിശുദ്ധരുടെ സഹനങ്ങൾ എല്ലാം അങ്ങനെയുള്ളവ ആയിരുന്നല്ലോ. എല്ലാമറിയുന്ന നല്ല പിതാവാണ് നമ്മുടെ ദൈവം. അവിടുന്ന് ഓരോ വ്യക്തിയെയും തന്റെ ഉള്ളം കൈയിൽ കാത്തുപരിപാലിക്കുന്നു. ഏറ്റം ഹൃദയസ്പർശിയാണ് ഏശയ്യായിലൂടെ അവിടുന്ന് നടത്തുന്ന ചോദ്യോത്തരങ്ങൾ. ” മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാകുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതെ ഇരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ നിന്നെ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു”(49:15, 16).
ദൈവം അറിയാതെ ഒരു പക്ഷിത്തൂവൽ എങ്കിലും കൊഴിയുകയോ ഒരു മുടിനാരെങ്കിലും കൊഴിഞ്ഞു വീഴുകയോ ഇല്ല. സങ്കീർത്തകനെപോലെ ആ ദൈവത്തിൽ നിർഭയനായി സധൈര്യം, ആശ്രയിക്കുക. “അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീർകണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്. അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ”(സങ്കീ 56:8)
” ദൈവം എന്റെ പക്ഷത്താണെന്ന് ഞാൻ അറിയുന്നു. ഞാൻ ആരുടെ വചനം പ്രകീർത്തിക്കുന്നുവോ ആ കർത്താവിൽ, ഞാൻ ആശ്രയിക്കും”(സങ്കീ 56:10, 11).