ഒരു വടവൃക്ഷം പോലെ
ഒരു വടവൃക്ഷം പോലെ എം.സി. സഭ വിരാജിക്കുകയാണ്. അതിന്റെ ശാഖകൾ ലോകമെങ്ങും പടർന്നു പന്തലിച്ചു നിൽക്കുന്നു. 123 രാജ്യങ്ങൾക്കാണ് ഇന്നതു തണലേകുന്നത്. ആ തണലിൽ സേവനം ചെയ്യുന്ന 4000ൽപരം സഹോദരിമാർ, ആയിരത്തോളം സഹോദരന്മാർ, രണ്ടായിരത്തോളം പ്രേഷിതർ. ഈ വലിയ വടവൃക്ഷത്തിന് അഞ്ചു പ്രധാന ശാഖകളാണുള്ളത്.
1. സഹോദരിമാരുടെ സമൂഹം
2. സഹോദരന്മാരുടെ സമൂഹം
3. വൈദിക സഹപ്രവർത്തകരുടെ സമൂഹം
4. സഹന സമൂഹം
5. സഹപ്രവർത്തകരുടെ സമൂഹം
ഈ മഹാവൃക്ഷത്തിന്റെ വിത്തു മുളപ്പിക്കാൻ തന്നെ തെരഞ്ഞെടുത്ത ദൈവത്തിന്റെ മഹാസ്നേഹമോർത്ത് മദർ പലപ്പോഴും ആനന്ദാശ്രുക്കൾ പൊഴിച്ചിരുന്നു. അമ്മയ്ക്കു കിട്ടിയ ഭുവന പ്രസിദ്ധമായ അവാർഡുകൾ ഒന്നും അമ്മയെ സന്തോഷിപ്പിച്ചില്ല. നോബൽ സമ്മാനം, ഭാരതരത്നം, ആൽബർട്ട് ഷൈ്വറ്റസർ അവാർഡ്, ടെമ്പിൾട്ടൺ അവാർഡ് ഇവയൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നിട്ടും. എന്നാൽ മറ്റൊരു അവാർഡ് അമ്മയ്ക്കിഷ്ടപ്പെട്ടതായുണ്ടായിരുന്നു.
ദുരിതമനുഭവിക്കുന്ന പാവങ്ങളുടെ കണ്ണുനീർ തുടയ്ക്കുമ്പോൾ ലഭിക്കുന്ന പുഞ്ചിരി. അതായിരുന്നു അമ്മയ്ക്ക് ഏറ്റം ഇഷ്ടപ്പെട്ട അവാർഡ്.
ഈശോയുടെ അവാർഡ്
ഈശോതന്നെ തന്റെ പ്രിയപ്പെട്ട മകൾക്ക് ഒരു അവാർഡ് നൽകി. 1997 സെപ്റ്റംബർ 5 നായിരുന്നു അതു നൽകപ്പെട്ടത്. ഇരുവരും പ്രതീക്ഷയോടെ കാത്തിരുന്ന അവാർഡ്. ഇതിനോടു താരതമ്യപ്പെടുത്തുമ്പോൾ മറ്റുള്ളവയൊക്കെ തൃണസമാനമാണ്. എന്നതെന്നല്ലേ ഈ അവാർഡ്? അതാണ് ഈശോ അമ്മയ്ക്കു സമ്മാനിച്ച സ്വർഗ്ഗം.
ഈശോ അമ്മയുടെ ജീവനെ തഴുകിത്തലോടി അതു തിരിയെ എടുത്തു. ആ സ്നേഹദീപം പൊലിഞ്ഞു, നിത്യതയിൽ പ്രകാശിക്കാൻ. സ്നേഹസാന്ത്വനങ്ങളുടെ അമൃതവർഷം ചൊരിഞ്ഞു മദറിന് ലോകം കണ്ണീരോടെ വിടനൽകി. അമ്മ അർഹിക്കുന്ന വിധത്തിലുള്ള അന്തിമോപചാരങ്ങൾ നൽകാൻ അതിനു സാധിച്ചു. അരനൂറ്റാണ്ടിലേറെ അമ്മയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന ആചാര്യ ജഗദീശ് ചന്ദ്രബോസ് റോഡിലെ മദർ ഹൗസിലാണ് അമ്മയുടെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നത്. സംസ്കാരവേളയിൽ ലോകത്തിന്റെ മുഴുവൻ പ്രാതിനിധ്യമുണ്ടായിരുന്നു. ഭരണാധികാരികൾ, നയതന്ത്രജ്ഞർ തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവർ മാതൃഭവനത്തിൽ തടിച്ചുകൂടി. സമൂഹത്തിന്റെ താഴേക്കിടയിലുള്ള അമ്മയ്ക്കേറ്റം പ്രിയപ്പെട്ട മക്കളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇനി തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ ശാരീരിക സാന്നിദ്ധ്യം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ ജനം ഏക മനസ്സായി വിതുമ്പി. ജാതിയുടെയും മതത്തിന്റെയും രാജ്യത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും വേലിക്കെട്ടുകൾ അവിടെ ഉണ്ടായിരുന്നില്ല.
അമ്മയുടെ ഭൗതികശരീരം സംസ്കരിച്ചത് സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു. നെഹൃവിന്റെയും ഗാന്ധിജിയുടെയും അന്ത്യയാത്രയ്ക്കായി ഉപയോഗിച്ച അതേ വാഹനമാണ് അമ്മയുടെ വിലാപയാത്രക്കായി ഉപയോഗിച്ചത്. രാഷ്ട്രം അമ്മയ്ക്കു നൽകിയ ഒടുവിലത്തെ ബഹുമതിയായിരുന്നു അത്.
അവശർക്കും ആർത്തർക്കും ആലംബഹീനർക്കും സ്വജീവിതം സാകല്യമായി സമർപ്പിച്ച അമ്മ അനുപമമായ സാമൂഹ്യ സേവനത്തിലൂടെ മനുഷ്യസ്നേഹത്തിന്റെ ഏറ്റം വലിയ പ്രവാചികയായി. ബഹുമതികളൊന്നും അമ്മ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ലോകം അമ്മയ്ക്ക് എല്ലാം ആവോളം നൽകി. അമ്മയെ എന്നും ഹൃദയത്തിന്റെ കോണിൽ സൂക്ഷിച്ചു. ഇപ്പോഴും സൂക്ഷിക്കുന്നു; എന്നെന്നും സൂക്ഷിക്കും. ആ മഹദ്ജീവിതം സൂര്യതേജസ്സായി എന്നും നിലകൊള്ളും.
അമ്മയുടെ ജീവിതദർശനം അമ്മയുടെ തന്നെ വാക്കുകളിൽ ചുവടെ ചേർക്കുന്നു.
ജീവിതം അവസരമാണ്, ഉപയോഗിക്കുക.
ജീവിതം സൗന്ദര്യമാണ്, ആസ്വദിക്കുക.
ജീവിതം അനുഗ്രഹമാണ്, അനുഭവിക്കുക.
ജീവിതം സ്വപ്നമാണ്, സഫലീകരിക്കുക.
ജീവിതം വെല്ലുവിളിയാണ്, നേരിടുക.
ജീവിതം കർത്തവ്യമാണ്, നിർവഹിക്കുക.
ജീവിതം മത്സരക്കളിയാണ്, കളിച്ചുതീർക്കുക.
ജീവിതം വിലയേറിയതാണ്, ശ്രദ്ധിക്കുക.
ജീവിതം സമ്പത്താണ്, സംരക്ഷിക്കുക.
ജീവിതം സ്നേഹമാണ്, അനുഭവിക്കുക.
ജീവിതം നിഗൂഢരഹസ്യമാണ്, മനസ്സിലാക്കുക.
ജീവിതം വാഗ്ദാനമാണ്, നിറവേറ്റുക.
ജീവിതം ദുഃഖമാണ്, കീഴടക്കുക.
ജീവിതം ഗാനമാണ്, ആലപിക്കുക.
ജീവിതം സമരമാണ്, അംഗീകരിക്കുക.
ജീവിതം ദുരന്ത നാടകമാണ്, നേരിടുക.
ജീവിതം സാഹസമാണ്, അഭിമുഖീകരിക്കുക.
ജീവിതം ജീവനാണ്, ഭാഗ്യമാക്കുക.
ജീവിതം അനർഘമാണ്, നശിപ്പിക്കാതിരിക്കുക.