ദൈവം കരുണ്യമാണ് , കരുണക്കടലാണ്. എന്നിൽ നിന്ന് അവിടുന്നു പ്രതീക്ഷിക്കുന്നതും കാരുണ്യം തന്നെ “ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ” എന്ന കർത്തൃ പ്രാർത്ഥനയിലെ വാക്കുകൾ, ദൈവത്തിൻറെ കാരുണ്യത്തിനു വേണ്ടിയുള്ള വിനയാന്വിതവും സത്യസന്ധവുമായ നമ്മുടെ അപേക്ഷയാണ് നാം ദൈവത്തിനു സമർപ്പിക്കുന്നത്. നാം എത്ര വലിയ തെറ്റു ചെയ്തു പോയാലും, അനുതപിച്ചു, തെറ്റ് ഏറ്റുപറഞ്ഞു കുമ്പസരിച്ചാൽ ദൈവം നമ്മോടു ക്ഷമിക്കും. ഉറപ്പ് യാതൊരു വ്യവസ്ഥയുമില്ലാതെ, നിരുപാധികമാണ് അവിടുന്നു നമ്മോടു ക്ഷമിക്കുക. അവിടുത്തെ മക്കളായ നമ്മളും മറ്റുള്ളവരോടു നിരുപാധികം ക്ഷമിക്കണം. ഇതു നമ്മുടെ പരമ പ്രധാനമായ കടമയും സ്വർഗ്ഗം പ്രാപിക്കുന്നതിനുള്ള വ്യവസ്ഥയുമാണ്.” ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും ഇല്ലാതെ ക്ഷമിക്കുന്നവർക്കേ സ്വർഗ്ഗപ്രാപ്തി ഉണ്ടാകൂ.
ഈശോ കുരിശിൽ ക്ഷമിച്ചതുപോലെ തന്നെ നാമും ക്ഷമിക്കണം. നമ്മെ ദ്രോഹിച്ചവരെ ഹൃദയപൂർവ്വം നീതികരിച്ചു കൊണ്ട്, അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവർക്കു നന്മവരാൻ അവരെ വിനയപൂർവം അനുഗ്രഹിച്ചു കൊണ്ട് ഒരു അവസരം നൽകിയതിനു ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇതു എൻറെ പരമപ്രധാന കടമ എന്ന നിലയിൽ വേണം ഓരോ പ്രാവശ്യവും നാം ക്ഷമിക്കുക . അപ്പോഴാണ് നാം തിന്മയെ നന്മകൊണ്ട് ജയിക്കുക. (മത്തായി.5:38-42 ) അങ്ങനെ വേണം നാം നമ്മുടെ ശത്രുവിനെ സ്നേഹിക്കാൻ. (മത്തായി.5:43 -48 ) അങ്ങനെയാണ് നാം നേരായവിധം സഹോദരനുമായി രമ്യപ്പെടുക. (മത്തായി.5:21-28 ) ദൈവത്തിൻറെ അനന്ത കാരുണ്യത്തിനു നന്ദിയായും ആയിരിക്കണം നാം മറ്റുള്ളവരോടു ക്ഷമിക്കുക.
മനുഷ്യർ തമ്മിൽ തമ്മിലുള്ള തെറ്റുകൾ ദൈവത്തിനെതിരെയുള്ള തെറ്റുകളാണ്. നമ്മുടെ ഓരോ തെറ്റിലും (പാപത്തിലും) സഹിക്കുന്നതും വേദനിക്കുന്നതും ദൈവം തന്നെയാണ്. തെറ്റിനെ അവഗണിച്ചും (മറന്നു) മനസ്സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത് ആത്മനാശത്തിനു തന്നെ കാരണമാകും, അതുകൊണ്ടു നാം അതിനെ കീഴ്പ്പെടുത്തണം. നമ്മുടെ തെറ്റുകൾ നമ്മോടു ക്ഷമിക്കുന്നതിനും നമുക്ക് ആന്തരികമായ സൗഖ്യം നൽകുന്നതിനും ദൈവത്തിനു തൻറെ പൊന്നോമനപ്പുത്രനെ മരണത്തിനു വിട്ടുകൊടുക്കേണ്ടിവന്നു എന്ന് ഓർക്കുക
ക്ഷമിക്കുക വലിയ ത്യാഗം ആവശ്യപ്പെടുന്നു. മറ്റുള്ളവരോടു പൂർണ്ണമായി ക്ഷമിക്കാൻ നാം ത്യാഗത്തിൻറെ പാതയിലൂടെ നടന്നേ മതിയാവൂ. നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ ദൈവപുത്രൻ നമ്മുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്നതു പോലെ, ക്ഷമിക്കാൻ, തനിക്കെതിരെ തെറ്റു ചെയ്തവൻറെ പക്കലേക്കു വിനയാന്വിതനായി ഇറങ്ങിച്ചെല്ലേണ്ടിരിക്കുന്നു. ” മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ, നിങ്ങളുടെ പിതാവു നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. (മത്തായി. 6:15)