ഇരുപത്തിരണ്ടാമദ്ധ്യായം
മരിക്കാനായി ഒരു വ്യക്തി മനുഷ്യനായവതരിച്ച ഒറ്റപ്പെട്ടൊരു സംഭവം ചരിത്രത്തിന്റെ ഏടുകളിൽ സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തരവും ഒറ്റപ്പെട്ട ചില സംഭവങ്ങൾ നടന്നു. ആ കല്ലറയുടെ മുമ്പിൽ ഭീരുക്കൾ ഊക്കൻ പാറക്കല്ലൊന്നുരുട്ടിവച്ചു. എന്നിട്ടതു സീലു ചെയ്തു. സായുധഭടന്മാരെ കാവലും നിറുത്തി. എന്തിനെന്നോ! മരിച്ചവൻ ഉയിർക്കാതിരിക്കാൻ. ഏതെന്നോ ആ കല്ലറ? ക്രിസ്തുവിന്റേത്. മറവു ചെയ്തൊരു ശവശരീരത്തിന്റെ മുമ്പിൽ പാറ ഉന്തിയിട്ട് അതിന്മേൽ മുദ്രയും കുത്തി സായുധഭടന്മാർ കാവൽ നില്ക്കുന്നതിനേക്കാൾ അപഹാസ്യമായൊരു ദൃശ്യമുണ്ടോ? സെൻറിനലുകൾ നിയോഗിക്കപ്പെട്ടു. മരിച്ചവൻ എഴുന്നേറ്റു നടക്കാതിരിക്കാൻ. നിശ്ശബ്ദൻ സംസാരിക്കാതിരിക്കാൻ. കുന്തംകൊണ്ടു ചീന്തിക്കീറിയ ഹൃദയം ജീവൻകൊണ്ടു ത്രസിക്കാതിരിക്കാൻ. അവിടുന്നു മരിച്ചെന്ന് അവർ പറഞ്ഞു. മരിച്ചെന്നവർക്കു മനസ്സിലാകയും ചെയ്തു. ഇനി അവിടുന്ന് ഉയിർക്കയില്ലെന്നും അവർ പറഞ്ഞു കാണു. എന്നിട്ടും അവർ കാവൽനിന്നു!.
സെന്റ് മാത്യു ഈ രംഗം സംവിധാനം ചെയ്തിരിക്കുന്നതിപ്രകാരമാണ്: സാബത്തു ലംഘിച്ചുകൊണ്ട് ശനിയാഴ്ച രാവിലെ മഹാപുരോഹിതന്മാരും പ്രീശന്മാരും പീലാത്തോസിനെ സമീപിച്ചു പറയുന്നു: യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ, ‘മൂന്നുനാൾ കഴിഞ്ഞു ഞാൻ ഉയിർക്കും’ എന്നു പറഞ്ഞതു ഞങ്ങൾ ഓർമ്മിക്കുന്നു. അവന്റെ ശിഷ്യന്മാർ പ്രവചനം പൂർത്തിയായെന്നു വരുത്താൻ ശവശരീരം മോഷ്ടിച്ചു മറ്റെവിടെയെങ്കിലും മറവു ചെയ്തിട്ട് അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്നു പറയുകയും ഒടുവിലത്തെ ചതിവ് ആദ്യത്തേതിലും വിഷമകരമാവുകയും ചെയ്തേക്കാം. ഇതിനെത്തടയാൻ മൂന്നാം ദിവസംവരെ കല്ലറക്കൽ കാവൽനില്ക്കാൻ കല്പിക്കുക (മത്താ.27: 6364)
യഹൂദർ കാവൽക്കാരെ ആവശ്യപ്പെട്ടതു ശിഷ്യന്മാരെ ഭയന്നിട്ടല്ല. പിന്നെയോ, ഉത്ഥാനത്തെ സംബന്ധിച്ച മിശിഹായുടെ പ്രവചനം ഓർത്താണ്. ആ യഹൂദപ്പരിഷയെ കാണാൻതന്നെ പീലാത്തോസ് കാംക്ഷിച്ചില്ല. നിഷ്ക്കളങ്കന്റെ രക്തം ചിന്താൻ അയാൾക്കു വിധിക്കേണ്ടിവന്നത് അവർ കാരണമാണല്ലോ? ഔദ്യോഗികവൃത്തങ്ങളിൽ നിന്ന് ഔപചാരികമായിത്തന്നെ ക്രിസ്തു മരിച്ചെന്നയാൾ മനസ്സിലാക്കി. മറവുചെയ്ത മൃതശരീരത്തിനു കാവൽ നില്ക്കാൻ സീസറിന്റെ സൈന്യത്തെ നിയോഗിക്കാൻമാത്രം പമ്പര വിഡ്ഢിയല്ല അയാൾ. ‘പോകൂ, നിങ്ങൾക്കു കാവൽക്കാരുണ്ടല്ലോ അവരെ ഉപയോഗിച്ച് ആവുന്നതൊക്കെ ചെയ്തുകൊള്ളൂ’ (മത്താ 27:65)
അതെ, ബലപ്രയോഗത്തെ തടയാനാണു കാവൽ. വഞ്ചനയെ വിപാടനം ചെയ്യാനാണ് മുദ്ര. മനുഷ്യപുത്രന്റെ താല്ക്കാലിക വിശ്രമസ്ഥലത്ത് ഒരു മുദ്രയുണ്ടായിരിക്കണം. അവിടുത്തെ എതിരാളികൾതന്നെ വച്ചുകൊള്ളും അത്. അവിടെ ഒരു കാവലുവേണം. വിരോധികൾതന്നെ അതിനു തയ്യാറാവണം. ക്രിസ്തുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റേയും സർട്ടിഫിക്കറ്റുകൾ അവതരിപ്പിക്കുന്നത് അവിടുത്തെ കടുത്ത വിരോധികൾതന്നെ ആയിരിക്കണം. ‘അവർ ചെന്നു കല്ലിനു മുദ്രവച്ചു കാവൽ നിറുത്തി കല്ലറ സുരക്ഷിതമാക്കി’ (മത്താ 27:66)
മൃതന്റെമേലുള്ള ഈ കാവൽ വിസ്മയാവഹമായൊരു വസ്തുത വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന്റെ ശത്രുക്കൾ അവിടുത്തെ ഉത്ഥാനം പ്രതീക്ഷിച്ചു. എന്നാൽ, അവിടുത്തെ സ്നേഹിതന്മാർ ഇത്തരമൊരു പ്രതിഭാസം പ്രതീക്ഷിച്ചില്ല. വിശ്വാസികൾതന്നെയാണു സംശയാലുക്കളും. അവരുടെ വിശ്വാസം വളരെ വികലമാണ്. മറ്റൊന്നുകൊണ്ടുമല്ല അവർ തെളിവുകൾ ആവശ്യപ്പെടുക. ഉത്ഥാന നാടകത്തിലെ എല്ലാ രംഗങ്ങളിലും സങ്കടവും അവിശ്വാസവും പ്രകടമായിരുന്നു.
ശിഷ്യന്മാരും അനുഗാമികളും ക്രിസ്തുവിന്റെ ഉത്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്നതു സുപ്രധാനമായൊരു സത്യമാണ്. അവിടുത്തെ ഉത്ഥാനദിനം രാവിലെ ഒഴിഞ്ഞു കിടന്ന കല്ലറയിൽ കയറിയ സെന്റ് ജോൺ ഏറ്റു പറയുന്നുണ്ട്., അദ്ദേഹമുൾപ്പെടെ അപ്പസ്തോലന്മാരും പുനരുത്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു വിശുദ്ധ ലിഖിതങ്ങളിലുള്ള പ്രസ്താവനകളും നാഥന്റെതന്നെ പ്രവചനങ്ങളും മനസ്സിലാക്കിയിരുന്നില്ലെന്ന്. ‘അവിടുന്നു മരിച്ചവരിൽ നിന്നുയിർക്കുമെന്ന് അങ്ങയെപ്പറ്റി എഴുതപ്പെട്ടിരുന്നത് അതുവരെ അവർ ഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല’ (യോഹ 20:9). യഹൂദർ ഒരു രക്ഷകനെ പ്രതീക്ഷിച്ചിരുന്നു. അവിടുന്നു തങ്ങളെ രാഷ്ട്രീയാടിമത്തത്തിൽ നിന്നു വിമോചിപ്പിക്കുമെന്നവർ വിശ്വസിച്ചു. പക്ഷേ, അവിടുന്നു മൃതരിൽനിന്നുത്ഥാനം ചെയ്യുമെന്നു കരുതിയില്ലവരാരും.
സുവിശേഷകന്മാർ നാലു പേരും ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഉൽക്കടവശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങളിലും അവതരണത്തിലും ചില വ്യത്യാസങ്ങളൊക്കെ ഉണ്ടെങ്കിൽത്തന്നെ. കല്ലറയ്ക്കു സമീപമുള്ള തോട്ടത്തിലാണ് ഈശോ ഞായറാഴ്ച പ്രഭാതത്തിൽ പ്രത്യക്ഷനായത്. സുഗന്ധലേപനങ്ങളും കൊണ്ടു ഭക്തസ്ത്രികൾ പോയത് പ്രഭാതം വെള്ളവീശിയപ്പോൾതന്നെയാണെന്ന് എല്ലാവരും ഊന്നിപ്പറയുന്നു.
ഉഷസ്സിന്റെ അവ്യക്തത നീങ്ങുന്നതിനുമുമ്പുതന്നെ തോട്ടത്തിലും പരിസരങ്ങളിലുമുള്ള ഭൂമി കുലുങ്ങി. മിന്നൽപ്പിണർ കണക്കെ പ്രശോഭിതനായൊരു ദൈവദൂതൻ സത്വരം അവിടെ പ്രത്യക്ഷനായി. ഈ സംഭവം കണ്ട പടയാളികൾ പേടിച്ചു വിറച്ചു. കല്ലറവാതില്ക്കൽ വച്ചിരുന്ന കല്ല് അയാൾ തട്ടിമാറ്റി. അതിന്മേൽ ആസനസ്ഥനായി, അഭിമന്യനായൊരധികാരിയെപ്പോലെ. കാണികൾ കണ്ടു വിശ്വസിക്കട്ടെയെന്നു കരുതിയായിരിക്കണം ദൂതൻ അവ്വിധം ചെയ്തത്. ഇതിനു വളരെമുമ്പുതന്നെ.
‘സൂര്യന്റെ നാളതിനുഷസ്സിലനേകലക്ഷം
സൂര്യൻതൊഴും പ്രഭമഹസ്സിവ ചേർന്നു യേശു
ആര്യപ്രഭാവമൊടുയിർത്തെഴുന്നള്ളി ചിത്രം!
ക്രൌര്യം മികച്ച ഭടരായതറിഞ്ഞില്ല.
ഭദ്രം ജഗത്തിനരുളാൻ പ്രസുവിന്റെ കന്യാ-
മുദ്രയ്ക്കു ഭംഗമണയാതെ പിറന്നവണ്ണം
ഛിദ്രത്തിൽനിന്നു മിശിഹാ നിജവൈഭവത്താൽ
മുദ്രയ്ക്കിളക്കമിയലാതെ പുറത്തിറങ്ങി’.
– കട്ടക്കയം
‘നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല നിന്റെ പരിശുദ്ധനെ ദ്രവത്വം കാണാൻ സമ്മതിക്കുകയുമില്ല’ എന്ന പ്രവചനം അങ്ങനെ പൂർത്തായായി.
ഭക്തസ്ത്രീകൾ നാഥന്റെ മേനി അഭിഷേചിക്കാൻ ധാരാളം സുഗന്ധ ദ്രവ്യങ്ങളോടെ അതിരാവിലെ കല്ലറയ്ക്കലെത്തി. വാതില്ക്കലെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതു കണ്ട് അവർ പരിഭ്രമിച്ചു. ദൂതൻ സ്ത്രീകളെ സമാധാനിപ്പിച്ചു. ‘ഭയപ്പെടേണ്ട നിങ്ങൾ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ അന്വേഷിക്കുന്നുവെന്നെനിക്കറിയാം. അവിടുന്ന് ഇവിടെയില്ല. താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു. അവിടുന്നു ശയിച്ച സ്ഥലം വന്നു കാണുവിൻ. മരിച്ചവരിൽ നിന്നദ്ദേഹം ഉത്ഥാനംചെയ്തു. ഈ വിവരം ശിഷ്യന്മാരോടു വേഗം ചെന്നു പറയുവിൻ. അവിടുന്നു നിങ്ങൾക്കു മുമ്പേ ഗലീലായിക്കു പോകുന്നു. അവിടുത്തെ നിങ്ങൾക്കു കാണാം’.
ഒട്ടും വൈകിയില്ലവർ. യാത്രപുറപ്പെട്ടു കഴിഞ്ഞു. തങ്ങൾ കണ്ടതും കേട്ടതും അവർക്ക് അപ്പസ്തോലന്മാരെ അറിയിക്കണം; വിവരമറിഞ്ഞ പീറ്ററും ജോണും ക്രിസ്തുവിന്റെ കല്ലറയ്ക്കലേക്കോടി, വികാരതരളിതരായി. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനാണല്ലോ ജോൺ. അയാൾ ആദ്യം ഓടിയെത്തി. എങ്കിലും അകത്തു പ്രവേശിച്ചില്ല. പീറ്റർ വരുന്നതുവരെ കാത്തുനിന്നു. പീറ്റർ വന്ന ഉടനെ ഒട്ടും മടിക്കാതെ പ്രേതാലയത്തിൽ പ്രവേശിച്ചു പിറകേ ജോണും. അവരിരുവരും ‘വസ്തുതകൾ കണ്ടു വിശ്വസിച്ചു’.
ഈ ഒറ്റപ്പെട്ട സംഭവം കല്ലറ കാവൽക്കാരിൽ പല പ്രത്യാഘാതങ്ങളും ഉളവാക്കി. അവർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. വധശിക്ഷയാണിനി അവരുടെ അവകാശം. പ്രധാനാചാര്യന്മാരോ, കൊടിയ നിരാശയിൽ കുത്തനെ വീണു. അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. സ്വന്ത ശക്തിയിലാണു മിശാഹാ ഉയിർത്തതെന്നും അവർ മനസ്സിലാക്കി. ഭൂചലനം, വാനദൂതദർശനം, ശൂന്യമായ പ്രേതാലയം, തുടങ്ങിയ അലൗകികസംഭവങ്ങൾ കാവൽക്കാർ അവരെ അറിയിച്ചിരുന്നു.
എങ്ങനെയാണ് ഈ അത്ഭുത പ്രതിഭാസത്തെ നേരിടുക? സെൻഹെദ്രീൻ സമ്മേളിച്ചു. ക്രിസ്തു മൃതരിൽനിന്നുയിർത്തു വീണ്ടും ജീവിക്കുമെന്നു ജനങ്ങൾ അറിഞ്ഞാൽ അവർ അവിടുത്തെ രക്ഷകനായി സ്വീകരിച്ചംഗീകരിക്കും. ഈ അപകടത്തെ നേരിടാൻ സെൻഹെദ്രീൻ ഒരു സൂത്രം കണ്ടുപിടിച്ചു. അവരുടെ സ്വഭാവത്തിനനുയോജ്യമായൊരു പ്രതിരോധപദ്ധതി. കാവൽക്കാർക്കു കോഴകൊടുക്കുക. എന്നിട്ടവരെക്കൊണ്ടു പറയിക്കുക: ഞങ്ങൾ ഉറങ്ങിക്കിടക്കയിൽ ക്രിസ്തുശിഷ്യന്മാർ വന്ന് അവിടുത്തെ മോഷ്ടിച്ചുകൊണ്ടുപോയി എന്ന്.
ദേശാധിപൻ കേൾക്കുന്നതായാൽ അയാളോടു സമാധാനം പറഞ്ഞുകൊള്ളാമെന്നും അവർക്കു യാതൊരു ദോഷവും വരികയില്ലെന്നും വ്യക്തമാക്കിയപ്പോൾ പടയാളികൾ കൈക്കൂലി വാങ്ങി. എങ്കിലും കൈക്കൂലി വാങ്ങിയാലുണ്ടാകാവുന്ന വരുംവരായ്കകളെപ്പറ്റി ചിന്തിക്കയെങ്കിലും ചെയ്തു ആ റോമൻ ഭടന്മാർ: ഇന്നു കൈക്കൂലി വാങ്ങുക പുണ്യമായിക്കരുതുന്നവരാണ് അമ്പേ പലരും. അിശേരീൃൃൗുശേീി റലുമൃാേലിേൽ പ്രവേശനത്തിനുവേണ്ടി കോഴ കൊടുക്കാൻ പണിപ്പെട്ട ഒരുവനെപ്പറ്റി എങ്ങോ വായിച്ചതായി ഓർമ്മിക്കുന്നു. സത്യധർമ്മാദികളുടെ സങ്കേതമെന്നു സമ്മതിക്കപ്പെട്ടിരുന്ന ആർഷഭാരതത്തിലിത്തരം പ്രതിഭാസങ്ങളോ? ഭാരതാംബ ഹൃദയം പൊട്ടിക്കരയുകയാണ്. അവളുടെ അരുമമക്കള അക്രമത്തിന്റേയും അനീതിയുടെയും അസത്യത്തിന്റെയും പാതയിലൂടെ ചരിക്കുന്നതു കാണുമ്പോൾ.
സംശയിച്ചെങ്കിലും അവസാനം ആ റോമൻ ഭടന്മാർ സെൻഹെദ്രീന്റെ പിണിയാളുകളായി. അവർ പറഞ്ഞു പരത്തിയ പച്ചക്കള്ളം ചിലരെല്ലാം ഇന്നും വിശ്വസിച്ചു പോരുന്നതു വിചിത്രമായിരിക്കുന്നു. ഈ കള്ളക്കഥയുടെ തനിനിറം സെന്റ് അഗസ്റ്റിൻ വ്യക്തമാക്കുന്നതു കേൾക്കൂ: ‘പടയാളികൾ ഉറക്കമായിരുന്നെങ്കിൽ അവർക്കെങ്ങനെ കാണാൻ കഴിഞ്ഞു? അവർ കണ്ടില്ലെങ്കിൽപ്പിന്നെ അവരുടെ സാക്ഷ്യത്തിനെന്തു വിലയാണുള്ളത്’?
ജറുസലേമിലും പ്രാന്തപ്രദേശങ്ങളിലുമായി പലതവണ ഉത്ഥിതനായ ക്രിസ്തു തന്റെ അനുഗാമികൾക്ക് പ്രത്യക്ഷനായി. മഗ്ദലനമറിയത്തിനാണ് ആദ്യം അവിടുന്നു പ്രത്യക്ഷനായത്. എമ്മാവൂസിലേയ്ക്കു യാത്ര ചെയ്ത രണ്ടു ശിഷ്യന്മാർക്കു രണ്ടാമത്. രണ്ടു പ്രാവശ്യം വഴിമദ്ധ്യേയും രണ്ടു പ്രാവശ്യം ഭക്ഷണശാലയിലും മിശിഹാ അപ്പസ്തോലന്മാർക്കും ദർശനം നല്കി,അപ്പസ് തോലന്മാർക്കുള്ള ദർശനങ്ങളുടെ സാഹചര്യങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ സംശയാതീതമായി സ്ഥിരീകരിക്കാൻ പോരുന്നവയാണ്. എമ്മാവൂസിൽനിന്നു ക്രിസ്തുവിനെക്കണ്ടു സന്തോഷഭരിതരായി മടങ്ങിയ ശിഷ്യന്മാർ ഭക്ഷണശാലയിൽ ഭയവിഹ്വലരായിക്കഴിഞ്ഞിരുന്ന അപ്പസ്തോലന്മാരുടെ പക്കലെത്തി. ആ സമയത്ത് അവർ തങ്ങളുടെ ഗുരുനാഥന്റെ പുനരുത്ഥാനത്തെപ്പറ്റി ചർച്ച ചെയ്യുകയായിരുന്നു. നമ്മുടെ കർത്താവു സത്യമായി ഉയിർക്കുകയും സൈമണു പ്രത്യക്ഷനാവുകയും ചെയ്തിരിക്കുന്നു എന്ന സന്തോഷസംദായകമായ സ്വാഗതവചസ്സുകളായിരിക്കണം ആ രണ്ടു ശിഷ്യന്മാർ ശ്രവിച്ചത്. ആ അർദ്ധരാത്രിക്കവർ എമ്മാവൂസിൽനിന്ന് ഓടിയെത്തിയതും ഉത്ഥാനരഹസ്യം വെളിപ്പെടുത്താൻതന്നെയാണ്. തങ്ങളുടെ അനുഭവഭാണ്ഡം അപ്പസ്തോലന്മാരുടെ മുമ്പിലവർ അഴിച്ചു നിരത്തുകയാണ്. അത്ഭുതമേ, നാഥൻ അവരുടെ മുമ്പിൽ?
‘ഉന്നിദ്രമോദമഖിലേശ്വര പുത്രനപ്പോൾ
വന്നിട്ടമന്ദമവധാനമവർക്കു ചൊല്ലി’!
സംഭവ്യമോ ഇത്? തങ്ങൾ സ്വപ്നം കാണുന്നുവോ? ശിഷ്യന്മാർക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ അമ്പരന്നു. പുനരുത്ഥാനത്തെക്കുറിച്ചാണവർ സംസാരിച്ചിരുന്നതെങ്കിലും ഈ പ്രത്യക്ഷത്തിൽ അവർ അത്ഭുതപ്പെടുകയും സംശയിക്കയുമാണ്. ഒരു ഭൂതത്തെയോ മറ്റോ ആണു തങ്ങൾ കാണുന്നതെന്നവർ കരുതി. ശിഷ്യന്മാരുടെ വിചാരങ്ങൾ ഗ്രഹിച്ച നാഥൻ അരുൾ ചെയ്തു:
‘നാനാവിചാരനിര നിങ്ങളൊഴിച്ചു ശങ്കാ-
ഹീനാന്തരംഗമൊടു മെൻകുഴൽ, കൈ, വിലാവും
പീനാശയത്തെളിവെഴും പടി കണ്ടു കൊൾവിൻ;
ഞാനാണരൂപി പിശിതാസ്ഥികളുള്ളൊരാളോ?’
ശിഷ്യർക്കു വിഭ്രാന്തി വരുത്തിയ ഭയസർപ്പം പത്തിയൊരുക്കി പതിയിരുന്നുപോയി. പകരം ആനന്ദ ദേവത അവരുടെ ഹൃദയശ്രീകോവിലുകളിൽ നൃത്തംചെയ്തു തുടങ്ങി. എങ്കിലും സംശയലക്ഷ്മി ക്ഷണിക്കപ്പെടാതെതന്നെ കയറി വന്ന് ഇറയത്തിരുന്നു. പരിതഃസ്ഥിതികൾ പരിപൂർണ്ണമായും ഗ്രഹിച്ച ഈശോ ക്ഷണിക്കപ്പെടാത്ത ആ അതിഥിയെ ആട്ടിയോടിക്കാൻതന്നെ തീരുമാനിച്ചു. തന്നിടുവിൻ മമ ഭുജിപ്പതിനുള്ളതിപ്പോൾ. ഒരു കഷണം വറുത്ത മീനും ഒരു തേൻകട്ടയും വേവ്വേറെ പാത്രങ്ങളിൽ അവിടുത്തെ മുമ്പിൽ നിരന്നു. ഈശോ അല്പം ഭക്ഷിച്ചു. ബാക്കി അവർക്കുതന്നെ തിരിച്ചുകൊടുത്തു. അനന്തരം പാപമോചനത്തിനധികാരവും നല്കിയിട്ട് ദൈവപുത്രൻ അപ്രത്യക്ഷനായി.
ഈ അനുഗ്രഹീതനിമിഷത്തിൽ സെന്റ് തോമസ് അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം വന്നപ്പോൾ മറ്റു ശിഷ്യന്മാർ ഗുരുനാഥന്റെ ദർശനത്തെപ്പറ്റി പറഞ്ഞു അതു വിശ്വസിക്കാൻ തോമസ് തയ്യാറായില്ല. എട്ടു ദിവസങ്ങളോളം ഇക്കാര്യത്തെക്കുറിച്ചു പ്രസ്താവങ്ങൾ ഉണ്ടായിട്ടും ഒരു മറുപടി മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. അങ്ങയുടെ കൈകളിൽ ആണിപ്പഴുതുകൾകണ്ട് അവയിൽ എന്റെ വിരലുകൾ കടത്തി, വിലാവിലെ മുറിവിൽ കൈയുമിട്ടല്ലാതെ ഞാൻ വിശ്വസിക്കില്ല. സ്വന്തം ഗുരുവിനെ ഒരു നോക്കു കാണാനുള്ള അനുഗ്രഹത്തിന് അങ്ങിൽത്തന്നെ അവശ്വസ്തത നടിക്കുന്ന സഹതാപാർഹമായ രംഗം! എന്തൊരുത്ക്കടാഭിവാഞ്ഛ!.
തന്റെ അരുമശിഷ്യന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ക്രിസ്തുനാഥൻ മുന്നോട്ടുവരുന്നു. ആദ്യത്തെ പ്രത്യക്ഷത്തിനുശേഷം എട്ടാംദിവസം. തോമസ് ഉൾപ്പെടെ എല്ലാവരും ഊട്ടുമുറിയിലുണ്ട്. അപ്പോൾ ഈശോ അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവർക്കു സമാധാനം അരുളി. എന്നിട്ടു തോമസിനോട്:
‘വരിക, കരം, കാലിവ നീ
പരിശോധിച്ചെൻ വിലാവിലിടുക വിരൽ
വിശ്വാസക്ഷതിമതി; നീ
വിശ്വാസം തേടിയാലുമുൾക്കാമ്പിൽ’.
തോമസിന്റെ സംശയമെല്ലാം എങ്ങോ പോയി മറഞ്ഞു. ലോകം ദർശിച്ചിട്ടുള്ളതിൽ ഏറ്റം മഹത്തമമായ വിശ്വാസപ്രഖ്യാപനമാണു തുടർന്നു നടന്നത്. ഉൾക്കളം തുള്ളിതുളുമ്പി അദ്ദേഹം ഉദീരണം ചെയ്തു: ‘എന്റെ കർത്താവേ, എന്റെ ദൈവമേ!’.
ഷീന്റെ വാക്കുകളിൽ:
“In one burning utterance, Thomasgathered up all of the doubts of a depressed humanity to have them healed by the full implications of the exclamation, “My Lord and My God”. It was an acknowledgement that Immanuel of Isiah was before him. He, who was the last to believe, was the first to make the full confession of the Divinity of the Risen Saviour”.
ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുമതത്തിന്റെ അടിസ്ഥാനമാണ്. വിശ്വാസികളും അവിശ്വാസികളും അംഗീകരിക്കും ഈ വസ്തുത. അവിശ്വാസികൾ ആവുംവിധമെല്ലാം അതിനെ തെളിയിക്കുന്നതു ഇതുകൊണ്ടുതന്നെ. ഇതിനു ദൃക്സാക്ഷികളാരുമില്ല. ഉണ്ടെന്ന് ആരും, സുവിശേഷകന്മാരോ സെന്റ് പോളോ, അവകാശപ്പെടുന്നുമില്ല. അവരുടെ മൗനം അവരുടെ സത്യസന്ധതയത്രെ വെളിപ്പെടുത്തുക. മരിച്ചതിനുശേഷം ക്രിസ്തുവിനെ അനേകംപേർ കാണുകയും സംസാരിക്കുകയും അങ്ങയോടൊത്തു ഭക്ഷിക്കുകയും ചെയ്തെന്നു തുടങ്ങിയ വസ്തുതകൾ ആ ധന്യ ജീവിതത്തിന്റെ മൗലികവും പരമശ്രേഷ്ഠവുമായ ഈ സത്യത്തിനു സ്ഥായിയായ തെളിവുകളാണ്.
ഉത്ഥാനത്തിനുശേഷം നാല്പതു നാളോളം ക്രിസ്തു ലോകത്തിൽത്തന്നെയായിരുന്നു. തന്റെ അസാന്നിദ്ധ്യത്തെ സഹിക്കാൻ ശിഷ്യന്മാരെ പരിശീലിപ്പിക്കയായിരുന്നവിടുന്ന്. ആശ്വാസപ്രദനെ സ്വീകരിച്ചാണ് ഇതു സാധിക്കേണ്ടത്. ആ പരിശുദ്ധാത്മാവിനെ അയക്കയാണ് ഇനിയത്തെ ദൗത്യം. ‘ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു….ഞാൻ പോകുന്നതു നിങ്ങൾക്കു നല്ലതാണ്….സത്യാത്മാവിനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപം, നീതിന്യായവിധി ഇവയെപ്പറ്റി ലോകത്തിനു ബോധ്യം വരുത്തും'(യോഹ 16:58). പക്ഷെ ഉന്നതത്തിൽ നിന്നു ശക്തി ധരിക്കുവോളം അവർ കാത്തിരിക്കണം.
ജറുസലേമിൽവച്ചു മിശിഹാ തന്റെ അവസാന നിർദ്ദേശങ്ങൾ നല്കി. തന്നെക്കുറിച്ചു പ്രവചിച്ചിട്ടുള്ളവയെല്ലാം അക്ഷരശ്ശഃ നിറവേറിയ വസ്തുത അവരെ അനുസ്മരിപ്പിച്ചു. സൈമൺ പീറ്ററെ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഏല്പിച്ചു ശിഷ്യന്മാർക്കെല്ലാം പാപമോചനാധികാരം നല്കി.
അനന്തരം യേശു ശിഷ്യരുമായി ഒലിവു മലയിലേയ്ക്കു പോയി. അവിടെവച്ച് അവർക്ക് അന്തിമാശിസ്സുകൾ നല്കി. തത്സമയം ‘ഒരു മേഘം അവിടുത്തെ സ്വീകരിച്ചു’. മിശിഹാ സ്വർഗ്ഗാരോഹണം ചെയ്തു.
ദുർബലാടിസ്ഥാനമുള്ള ക്ഷണിതാനന്ദങ്ങൾ പലതുണ്ട് ഈ ലോകത്തിൽ. എന്നാൽ ഉദ്ധാരകന്റെ ഉയിർപ്പിന്റെ ആനന്ദം സത്യത്തിൽ അധിഷ്ഠിതമാണ്. നമ്മുടെ വിശ്വാസം വ്യർത്ഥമല്ല. നമ്മുടെ ശരണം മൃതനിലല്ല, പ്രത്യുത ജീവപൂർണ്ണതയുള്ളവനിലാണ്. ഇവയൊക്കെ പുനരുത്ഥാനം പ്രസ്പഷ്ടമാക്കുന്നു, ‘ഞാൻ ജീവനും ഉയിർപ്പുമാണ്. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'(യോഹ.11:25). സത്യത്തെ ആത്മാർത്ഥതയോടെ അന്വേഷിച്ചാശ്ലേഷിക്കുന്നവർക്കേ പുനരുത്ഥാനത്തിൽ പൂർണ്ണമായി ആനന്ദിക്കാനാവൂ.
ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ ഓഹരിക്കാരാകുന്നതിനു തിന്മയുടെ കുഴിമാടത്തിൽ നിന്നു നാം ഉയിർക്കണം. നിത്യസംതൃപ്തി ഉളവാക്കുന്ന നന്മയുടെ ഉറവയിലേയ്ക്കു നീങ്ങി അതിൽനിന്നു നാം ആവോളം കുടിക്കണം.