ഒരു വൈദികൻ 18 വർഷക്കാലം തുടർച്ചയായി ഒരു പള്ളിയിൽ വികാരിയായിരുന്നു. പതിനെട്ടാം വർഷത്തിന്റെ അന്ത്യത്തോടടുക്കുന്ന ഒരു ശനിയാഴ്ച സായാഹ്നത്തിൽ അച്ചൻ പതിവില്ലാതെ, ചിന്താമഗ്നനായി, മ്ലാനവദനനായി ഇരിക്കുന്നതു കണ്ടപ്പോൾ, കപ്യാരു കുറിയാക്കോയ്ക്ക് ഏറെ വിഷമം തോന്നി. എന്തോ ഗൗരവമായ കാര്യത്തിന്മേൽ അച്ചൻ വിഷമിച്ചിരിക്കയാണെന്ന് അയാൾക്കു തോന്നി. അയാൾ അടുത്തുചെന്ന് അച്ചനോടു ചോദിച്ചു: ‘എന്താ, അച്ചൻ പതിവില്ലാതെ, ഇങ്ങനെ വിഷാദമൂകനായി കാണപ്പെടുന്നത്? ഗൗരവാവഹമായ എന്തെങ്കിലും പ്രശ്നങ്ങൾ അച്ചനെ അലട്ടുന്നുണ്ടോ?’ അച്ചൻ: ‘എന്റെ കുറിയാക്കോ ഞാൻ ഒരു പരമ സങ്കടത്തിലാടാ. എടാ, പതിനെട്ടു വർഷം ആയില്ലേ, ഈ ജനത്തോടു ഞാൻ വചനം പ്രസംഗിക്കാൻ തുടങ്ങിയിട്ട്? എടാ, നാളത്തേക്ക് ഒരു വിഷയവും മനസ്സിലേക്കു വരുന്നില്ല’.
കപ്യാർ: ‘അത്രയുമേ ഉള്ളോ അച്ചാ കാര്യം. അച്ചന്റെ പ്രശ്നത്തിനു ഞാനൊരു പരിഹാരം പറയാം. ഇപ്പോഴത്തെ കൊച്ചച്ചന്മാരൊക്കെ ചെയ്യുന്നതുപോലെ, അച്ചനും ഒരു കഥ പറഞ്ഞു പ്രസംഗം തുടങ്ങണം. കഥയുടെ ചുവടു പിടിച്ചു വല്ലതുമൊക്കെ പറഞ്ഞ് അങ്ങ് അവസാനിപ്പിക്കണം’.
അച്ചൻ: ‘അതൊരു പോയിന്റാ. പക്ഷെ, കുറിയാക്കോ, എനിക്കു കഥയൊന്നും അറിഞ്ഞുകൂടല്ലോ?’
കുറിയാക്കോ: ‘അതിനും പരിഹാരമുണ്ടച്ചാ’.
അച്ചൻ: ‘അതെന്നതാടാ കുരിയാക്കോ?’
കുറിയാക്കോ: ‘അച്ചാ, നമ്മൾ രണ്ടു പേരുകൂടി അമേരിക്കയ്ക്കു പോയ ഒരു കഥ അച്ചനങ്ങു പറയണം’.
അച്ചൻ: ‘എടാ കുറിയാക്കോ നമ്മൾ അമ്മേരിക്കയ്ക്കു പോയിട്ടില്ലല്ലോ?’
കുറിയാക്കോ: ‘അച്ചാ, സംഭവ്യമായ ഒരു കാര്യം ആകർഷകമായി, ഇമ്പകരമായി പറയുന്നതല്ലേ കഥ? എന്തെങ്കിലും ഒരു സന്ദേശമുണ്ടായിരിക്കണം. അത്ര മാത്രം’.
അച്ചൻ: ‘കുറിയാക്കോ, ഞാൻ പറയുമ്പോൾ എന്തെങ്കിലും പിശകുപറ്റിപ്പോയെങ്കിലോ?’
കുറിയാക്കോ: ‘അതിനും പരിഹാരമുണ്ടച്ചാ, അച്ചൻ കുർബാനയ്ക്ക് ഒരുങ്ങുമ്പോൾ അച്ചന്റെ കാലേൽ നീളമുള്ള ഒരു നേരിയ നൂലു ഞാൻ കെട്ടിയിടും. അതിന്റെ മറ്റേ അഗ്രം എന്റെ നിയന്ത്രണത്തിലായിരിക്കും. പിശകു വല്ലതും സംഭവിച്ചാൽ, ഞാൻ നൂലു ചെറുതായൊന്നു വലിക്കും. അപ്പോൾ അച്ചൻ തിരുത്തിപ്പറഞ്ഞാൽ മതി’.
ഐഡിയാ അച്ചന് ഇഷ്ടപ്പെട്ടു. കുറിയാക്കോ പോയിക്കഴിഞ്ഞ് അച്ചൻ ഒരുക്കം തുടങ്ങി. പിറ്റേ ദിവസം കുർബാനയ്ക്കു സമയമായി. അച്ചൻ കുർബാന ആരംഭിച്ചു. വചനം മുറിക്കുന്ന സമയമായി. അച്ചൻ ഇങ്ങനെ ആരംഭിച്ചു: ‘മിശിഹായിൽ പ്രിയപ്പെട്ടവരേ, കഴിഞ്ഞ പതിനെട്ടു വർഷമായി, ഞാൻ നിങ്ങളോട് ഒരേ വിധത്തിൽ വചനം പറയുന്നു. ഇന്നു ഞാനൊരു പുതിയ രീതി അവലംബിക്കുകയാണ്. ഒരു കഥ പറഞ്ഞു നമുക്കു തുടങ്ങാം’.
എല്ലാവർക്കും ഉത്സാഹമായി. കുട്ടികളുടെ കണ്ണുകളൊക്കെ വിടർന്നു. കഥ കേൾക്കാനുള്ള അവരുടെ അഭമ്യമായ താത്പര്യം!
അച്ചൻ തുടങ്ങി. ‘പ്രിയപ്പെട്ടവരേ, ഞാനും കുറിയാക്കോയും കൂടി ഈയിടെ ഒന്ന് അമേരിക്കയ്ക്കു പോയി. ഈ പ്രസ്താവന ജനത്തെ ഒട്ടൊന്നു ഞെട്ടിപ്പിക്കാതിരുന്നില്ല. എങ്കിലും ആവേശപൂർവ്വം, അവധാന പൂർവ്വം അവർ ശ്രദ്ധിച്ചു. ഞങ്ങൾ വിമാനത്തിലാണു പോയത്’.
കുറിയാക്കോയ്ക്കു പ്രശ്നമൊന്നുമില്ല. കാളവണ്ടിയേലും കൊച്ചുവള്ളത്തേലുമൊന്നും അമേരിക്കയ്ക്കു പോവാൻ പറ്റില്ലെന്നു കുരിയായ്ക്കോക്കു നന്നായി അറിയാം!
അച്ചൻ: ‘പ്രിയപ്പെട്ടവരേ, ഞങ്ങൾ വിമാനത്താവളത്തിലിറങ്ങി ഒരു നല്ല റോഡിലൂടെ മുമ്പോട്ടു പോവുകയാണ്. അപ്പോൾ ഞങ്ങൾക്കു നല്ല ദാഹം. നോക്കിയപ്പോൾ അതാ, ആ റോഡ് സൈഡിൽ ഒരു ഭാഗത്തു നിരനിരയായി ടാപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു. സജ്ജീകരണം പൂർണ്ണം! നല്ല വൃത്തിയും വെടിപ്പും! വൃത്തിയുള്ള, ആകർഷകമായ ഗ്ലാസ്സുകളും ഓരോ ടാപ്പിനും അടുത്തു ഭദ്രമായി വച്ചിരുന്നു. ഓരോ ഗ്ലാസ്സെടുത്ത്, അവയിലേയ്ക്കു ഞങ്ങൾ ടാപ്പു തുറന്നപ്പോൾ, നല്ല ചൂടു പാല്’!
കുറിയാക്കോയ്ക്കു സംശയം! അമേരിക്കയിൽ വഴിയരുകിലുള്ള ടാപ്പുകൾ തുറന്നപ്പോൾ ചൂടു പാലോ? ആ, അമേരിക്ക സമ്പൽ സമൃദ്ധിയുടെ നാടല്ലേ? ശരിയായിരിക്കാം! കുറിയാക്കോ പ്രതികരിച്ചില്ല.
അച്ചൻ: ‘ചൂടു പാലു കുടിച്ചു സംതൃപ്തരായി ഞങ്ങൾ മുമ്പോട്ടു നീങ്ങുകയാണു സഹോദരങ്ങളെ. അങ്ങനെ പോകുമ്പോൾ അകലെയല്ലാതെ, അതാ ഒരു കാട്’.
കുറിയാക്കോയ്ക്കു സംശയം. ‘അമേരിക്കയിൽ കാടുണ്ടോ? ആ വലിയ നാടല്ലേ, കാടും കാണാം’. കുറിയാക്കോ വിട്ടു.
അച്ചൻ: ‘സഹോദരങ്ങളേ, ആ കാട്ടിൽ ഒരു കുറുക്കൻ’.
കുറിയാക്കോയ്ക്ക് അറിയാവുന്നിടത്തൊക്കെ ധാരാളം കുറുക്കന്മാർ ഉണ്ട്. പക്ഷെ, അമേരിക്കയിൽ കുറുക്കന്മാരുണ്ടോ? നൂലു വലിക്കണോ? വേണ്ടയോ? പ്രശ്നം ഗുരുതരമാവുകയാണ്. അവസാനം അയാൾ അനുമിക്കുന്നു. കാടല്ലേ? കുറുക്കനും കാണുമായിരിക്കും. കുറിയാക്കോ കണ്ണടയ്ക്കുന്നു.
അച്ചൻ: ‘പ്രിയമുള്ളവരേ, ആ കുറുക്കന്റെ വാലിന് അമ്പത് അടി നീളം’.
കുറിയാക്കോ അന്തം വിട്ടു പോയി. ‘ഒരു കുറുക്കന്റെ വാലിന് അമ്പത് അടി നീളമോ? ഇനി വിട്ടുകൊടുത്താൽ വള്ളം എവിടെ ചെന്നു നില്ക്കുമെന്നുള്ളതു പ്രവചനാതീതമാണ്. ഇനി വിട്ടുകൊടുക്കുന്ന പ്രശ്നമില്ല’. കുറിയാക്കോ നൂല് ആഞ്ഞു വലിച്ചു.
അച്ചനു കാര്യം പിടികിട്ടി. അച്ചൻ പറഞ്ഞു: ‘പ്രിയപ്പെട്ടവരേ, എന്റെ കണക്കിൽ അല്പം പിശകു വന്നു, ക്ഷമിക്കണം. ആ കുറുക്കന്റെ വാലിനു 40 അടി നീളമേ ഉണ്ടായിരുന്നുള്ളൂ’.
ഇപ്രാവശ്യമെങ്കിലും ഒട്ടടുത്തടുപ്പിച്ചൊക്കെ പറയുമെന്നാണു കുറിയാക്കോ വിചാരിച്ചത്. കുറുക്കന്റെ വാലെവിടെ കിടക്കുന്നു! നാല്പത് അടി എവിടെ കിടക്കുന്നു?. ശക്തമായി വലിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും കുറിയാക്കോയ്ക്കു മുമ്പിൽ ഇല്ലായിരുന്നു. നൂലു പൊട്ടാത്ത വിധത്തിൽ, കുരിയാക്കോ, ഒന്നുകൂടെ ആഞ്ഞു വലിച്ചു.
അച്ചൻ വല്ലാത്ത വിഷമസ്ഥിതിയിലായി. ഒരു സെക്കന്റു നിശബ്ദനായതിനു ശേഷം അച്ചൻ ക്ഷമാപണരൂപേണ പറഞ്ഞു: ‘സഹോദരങ്ങളേ എന്റെ കണക്ക് ഇനിയും ശരിയായിട്ടില്ല. നിങ്ങളുടെ മഹാമനസ്ക്കത നിറഞ്ഞ ക്ഷമയ്ക്കുവേണ്ടി ഞാൻ കേഴുന്നു. കുറുക്കന്റെ വാലിന്റെ അളവ് ഒന്നുകൂടെ കൃത്യമാക്കാൻ എന്നെ അനുവദിക്കുക. ആ കുറുക്കന്റെ വാലിന് 25 അടി നീളമേ ഉണ്ടായിരുന്നുള്ളൂ’.
കുരിയാക്കോയ്ക്കു വലിയ നിരാശയായി. പുലിവാലു പിടിച്ചുപോയില്ലോ. രണ്ടും കല്പിച്ചു കുറിയാക്കോ നൂല് ആഞ്ഞു വലിച്ചു. ഇക്കുറി നൂലും പൊട്ടിപോയി!.
അച്ചൻ വിട്ടില്ല. അച്ചൻ വ്യക്തമായി പറഞ്ഞു: ‘ഇനി കുറിയാക്കോ എത്ര വലിച്ചാലും, 25ൽ നിന്ന് ഒരിഞ്ചുപോലും ഞാൻ കുറയ്ക്കുകയില്ല’.
ഈ കഥയെ എങ്ങനെ വേണമെങ്കിലും കണക്കാക്കാം. പക്ഷെ, ഒന്നുണ്ട്. നമ്മെത്തന്നെ ഒന്നു വിലയിരുത്താൻ ഈ കഥ സഹായിക്കും. ‘ഇനി കുറിയാക്കോ എത്ര വലിച്ചാലും 25ൽ നിന്ന് ഒരിഞ്ചുപോലും ഞാൻ കുറയ്ക്കുകയില്ല’. ഇത് എന്റെയും നിങ്ങളുടെയും ചിത്രമല്ലേ? സ്വയം വിമർശിക്കാൻ, തെറ്റുകൾ തിരുത്താൻ, വിട്ടുവീഴ്ചയ്ക്കും മറ്റും തയ്യാറുള്ളവരാണോ നമ്മൾ? ‘ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന മനോഭാവത്തിൽ കടിച്ചു തൂങ്ങിക്കിടന്നുകൊണ്ട് ആർക്കെല്ലാം നമ്മൾ കുരിശായിട്ടുണ്ട്. കരുണയുള്ളവർക്കേ മറ്റുള്ളവർക്കു കുരിശാകാതെ മേല്പറഞ്ഞവ അനുഷ്ഠിച്ച് ജീവിക്കാൻ സാധിക്കുകയുള്ളൂ.