മഹത്വവും ആനന്ദവും സന്തോഷവും ആഹ്ലാദത്തിന്റെ മകുടവുമാണ് കർത്താവിനോടുള്ള ഭക്തി. അത് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു സന്തോഷവും ആനന്ദവും ദീർഘായുസ്സും പ്രദാനം ചെയ്യുന്നു. കർത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും; മരണദിവസം അവൻ അനുഗ്രഹീതനാകും. ക്ഷമാശീലനു കുറച്ചുകാലത്തേക്ക് മാത്രമേ സഹിക്കേണ്ടി വരൂ. അതു കഴിഞ്ഞാൽ അവന്റെ മുൻപിൽ സന്തോഷം പൊട്ടിവിടരും (പ്രഭാ. 1:11-13,23)
എന്റെ മകനെ നീ കർത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കിൽ പ്രലോഭനങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കുക. നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തിൽ അടി പതറരുത്. അവിടുത്തോടു വിട്ടകലാതെ ചേർന്ന് നിൽക്കുക; നിന്റെ അന്ത്യദിനങ്ങൾ ധന്യമായിരിക്കും. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്. കർത്താവ് ആർദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങൾ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളിൽ രക്ഷയ്ക്കെത്തുകയും ചെയ്യുന്നു. കർത്താവിനെ ഭയപ്പെടുന്നവർ അവിടുത്തെ സ്നേഹിക്കുന്നവർ അവിടുത്തെ മാർഗത്തിൽ ചരിക്കുന്നു; കർത്താവിനെ ഭയപ്പെടുന്നവർ അവിടുത്തെ ഇഷ്ടം അന്വേഷിക്കും; അവിടുത്തെ സ്നേഹിക്കുന്നവർ അവിടുത്തെ പ്രമാണങ്ങളാൽ പരിപുഷ്ടരാകും. കർത്താവിനെ ഭയപ്പെടുന്നവർ ഹൃദയം ഒരുക്കിവയ്ക്കും; അവിടുത്തെ മുൻപിൽ വിനീതരായിരിക്കുകയും ചെയ്യും. നമുക്ക് മനുഷ്യകരങ്ങളില്ല കർത്തൃ കരങ്ങളിൽ നമ്മെത്തന്നെ അർപ്പിക്കാം; എന്തെന്നാൽ അവിടുത്തെ പ്രഭാവം പോലെ തന്നെയാണ് അവിടുത്തെ കാരുണ്യവും. (പ്രഭാ. 2:1-3,4,11,15-18). ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നത് പോലെ ദാനധർമ്മം പാപത്തിനു പരിഹാരമാണ്. നന്മയ്ക്കു പകരം നന്മ ചെയ്യുന്നവൻ സ്വന്തം ഭാവി ഉറപ്പിക്കുന്നു; വീഴ്ച ഉണ്ടാകുമ്പോൾ അവനു സഹായം ലഭിക്കും (3:30,31)
മകനെ പാവപ്പെട്ടവന്റെ ഉപജീവനം തടയരുത്; ആവശ്യക്കാരനെ കാത്തിരുത്തി വിഷമിപ്പിക്കരുത്. വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്; ഇല്ലാത്തവനെ ക്ഷോഭിപ്പിക്കരുത്. കോപാകുലനായ മനസ്സിന്റെ അസ്വസ്ഥതകൾ വർദ്ധിപ്പിക്കരുത്; യാചകന് ദാനം താമസിപ്പികയുമരുത്. കഷ്ടതയനുഭവിക്കുന്ന ശരണാർഥിയെ നിരാകരിക്കുകയോ, ദരിദ്രനിൽ നിന്ന് മുഖം തിരിക്കുകയോ ചെയ്യരുത്. ആവശ്യക്കാരനിൽനിന്നു കണ്ണ് തിരിക്കരുത്; നിന്നെ ശപിക്കാൻ ആർക്കും ഇട നൽകുകയുമരുത്. എന്തെന്നാൽ, മനം നൊന്തു ശപിച്ചാൽ സൃഷ്ട്ടാവ് അതു കൈക്കൊള്ളും. സമൂഹത്തിൽ സമ്മതനാവുക; നായകനെ നമിക്കുക. പാവപ്പെട്ടവന്റെ വാക്കു ശ്രദ്ധിച്ചുകേട്ട് സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നൽകുക. മർദകന്റെ കൈയിൽനിന്നു മർദിതനെ രക്ഷിക്കുക; അചഞ്ചലമായി ന്യായം വിധിക്കുക. അനാഥർക്കും പിതാവും അവരുടെ അമ്മയ്ക്ക് ഭർത്തൃതുല്യനും ആയിരിക്കുക. അപ്പോൾ അത്യുന്നതൻ നിന്നെ പുത്രനെന്നു വിളിക്കുകയും അമ്മയുടേതിനേക്കാൾ വലിയ സ്നേഹം അവിടുന്ന് നിന്നോട് കാണിക്കുകയും ചെയ്യും (4:1-10)