ചൊല്ലും ചോറും കൊടുത്തു മക്കളെ വളർത്തിയിരുന്ന നല്ല പാരമ്പര്യത്തിൽനിന്നു മാറിപോയതല്ലേ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ആദ്യം ചൊല്ലായിരുന്നു; പിന്നെ ചോറും. ഇന്നത് രണ്ടും ഇല്ലെന്നു പറയാം. നൂഡിൽസും ഫാസ്റ്റ് ഫുഡും ചോറിന്റെ സ്ഥാനം കൈയടക്കി. മാതാപിതാക്കൾ ജോലിയിലും മറ്റു ജീവിതവ്യാപാരങ്ങളിലുമായി തിരക്കിലമരുമ്പോൾ ചൊല്ലാനും ഉപദേശിക്കാനും മാതൃക കാട്ടാനും സമയം എവിടെയാണവർക്കു? ഒടുവിൽ, കൈവിട്ടുപോകുന്ന ബാല്യങ്ങളെയോർത്തു വിലപിക്കേണ്ടി വരുന്നു. മക്കൾക്കുവേണ്ടി വിദേശങ്ങളിൽ അധ്വാനിക്കേണ്ടിവന്ന പല മാതാപിതാക്കളും ഇന്ന് മക്കൾ ദിശതെറ്റി പോയതോർത്തു വിലപിച്ചു കഴിയുന്നു.
പ്രിയ മാതാപിതാക്കളെ, പണത്തേക്കാൾ വിലപ്പെട്ടവരാണ് നിങ്ങളുടെ മക്കളെന്നോർക്കണം. അവർക്കു വേണ്ടത് നിങ്ങളുടെ സ്നേഹവും സാമീപ്യവും സൽമാതൃകകളും പ്രോത്സാഹനങ്ങളും ഒക്കെത്തന്നെയാണ്. അതിനു പകരമാകില്ല നിങ്ങൾ സമ്പാദിച്ചുകൂട്ടുന്ന പണവും സമ്പത്തും.
ഒരമ്മയുടെ കഥയാണിത്. യാത്രക്കിടയിൽ എങ്ങനെയോ വഴിതെറ്റി കാടിന്റെ വിജനതയിൽ എത്തിച്ചേർന്നതായിരുന്നു അവർ. വിശന്നു വലഞ്ഞു തളർന്നുറങ്ങുന്ന തന്റെ കുഞ്ഞിനേയും മാറോടു ചേർത്തുപിടിച്ചാണവർ നടക്കുന്നത്. നടന്നു തളർന്നു അവർ ഒരു മരത്തിന്റെ ചുവട്ടിൽ അൽപ്പം വിശ്രമിക്കാനിരുന്നു. കുഞ്ഞിനും തനിക്കും എന്തെങ്കിലും വിശപ്പടക്കാൻ കിട്ടിയിരുന്നെങ്കില്ലെന്നവർ ആശിച്ചു. ഇവിടെ ആരാണ് അവരെ സഹായിക്കാനെത്തുക. ചുറ്റും പരതിനോക്കിയപ്പോൾ അകലെയല്ലാതെ ഒരു ഗുഹ അവരുടെ കണ്ണിൽപ്പെട്ടു. ജിജ്ഞാസയോടെ അവർ കുഞ്ഞിനേയും എടുത്തു അവിടേയ്ക്കു ചെന്നു. ഉള്ളിലേക്ക് കുനിഞ്ഞു നോക്കിയപ്പോൾ അവിടുത്തെ കാഴ്ച അവരെ വിസ്മയിപ്പിച്ചു. അതാ അവിടെ ഒരു മേശപുറത്തു ഭക്ഷണ പാനീയങ്ങൾ ഇരിക്കുന്നു. ആർത്തിയോടെ അവർ ഓടിച്ചെന്നു കുഞ്ഞിന് വയർ നിറയെ ഭക്ഷണം വാരിക്കൊടുത്തു. പിന്നെ ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ടു അവളും വയറ് നിറയെ ഭക്ഷിച്ചു.
വിശപ്പും ദാഹവും ശമിച്ചപ്പോൾ അവർക്കു ആശ്വാസമായി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ ഇങ്ങനെ ചിന്തിച്ചു- ആരായിരിക്കും ഇവിടെ താമസിക്കുന്നത്? ഉള്ളിൽ കയറി നോക്കിക്കളയാം. അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. അതാ അവിടെ ധാരാളം സ്വർണവും രത്നങ്ങളും കൂനകൂട്ടിയിരിക്കുന്നു. അതിൽ കുറച്ചു കിട്ടിയാൽ തന്റെ കഷ്ടപ്പാടുകൾക്ക് അറുതിവരുമെന്നവർ കരുതി. അവർ ഒരുപിടി സ്വർണനാണയങ്ങൾ കൈയിലെടുത്തു. പോരാ, കുറച്ചുകൂടി വേണം. അവരുടെ മനസ്സ് പറഞ്ഞു. ഒരുവിധത്തിൽ കുഞ്ഞിനെ മാറോടുചേർത്തുപിടിച്ചു മറ്റേ കൈയിൽ രത്നങ്ങളും അവർ വാരിയെടുത്തു. തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ മനസ്സ് വീണ്ടും പറയുന്നു. പോരാ, കുറേകൂടി വേണം. ഇങ്ങനെ ഒരു അവസരം എന്നാണിനി ലഭിക്കുക? എങ്കിലും കുറച്ചുകൂടി വാരിയെടുക്കാൻ ഒരു പാത്രമോ സഞ്ചിയോ അവിടെ ഇല്ലായിരുന്നു. അവൾ ഉറങ്ങിക്കിടക്കുന്ന തന്റെ കുഞ്ഞിനെ സാവകാശം തറയിൽ കിടത്തി. കുഞ്ഞിനെ പുതപ്പിച്ചിരുന്ന തുണി അവർ തറയിൽ വിരിച്ചു. അതിലേക്കു ആർത്തിയോടെ സർവശക്തിയും സംഭരിച്ചു സ്വര്ണനാണയങ്ങളും രത്നങ്ങളും വാരിവാരിയിട്ടു. പിന്നെ കെട്ടിമുറുക്കി കൈകളിടുത്തു. വല്ലാത്ത ഭാരം തോന്നി. എങ്കിലും ശക്തി സംഭരിച്ചു അവർ കനമേറിയ ആ ഭാണ്ഡകെട്ട് ഗുഹയ്ക്കു വെളിയിലേക്കു കൊണ്ടുവന്നുവെച്ചു. അവർക്കു വല്ലാത്ത ആശ്വാസം തോന്നി. പിന്നെ തന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുവരാനായി അവർ ഗുഹയിലേക്ക് ചെന്നു. അതാ ഗുഹയുടെ വാതിൽ അടഞ്ഞിരിക്കുന്നു! അവർ ഞെട്ടിത്തരിച്ചു. സർവ്വശക്തിയുമെടുത്ത് അവർ ഗുഹയുടെ വാതിലിൽ മുട്ടിവിളിച്ചു. അത് തുറക്കപ്പെട്ടില്ല. വീണ്ടും വീണ്ടും വിളിച്ചിട്ടും അതിന്റെ വാതിൽ അടഞ്ഞു തന്നെ കിടന്നു. ഉള്ളില്നിന്നും തന്റെ കുഞ്ഞിന്റെ നേർത്ത കരച്ചിലിന്റെ ശബ്ദം കേൾക്കുന്നുണ്ടോ… അവർ വാടിത്തളർന്നു അടഞ്ഞുപോയ വാതിലിനു മുന്നിലിരുന്നു വിലപിച്ചു.
ഇതൊരു ദയനീയ കഥയാണ്. ഇന്നും ആവർത്തിക്കപ്പെടുന്ന ദുരന്ത കഥ. മക്കൾക്കുവേണ്ടി സമ്പത്തു വാരിക്കൂട്ടുന്ന വ്യഗ്രതയിൽ മക്കളെ മറന്നുപോകുന്നവരുടെ കഥ. പ്രിയ മാതാപിതാക്കളെ, ഇതു നിങ്ങളുടെ കഥ ആകാതിരിക്കട്ടെ.
മാത്യു മാറാട്ടുകളം