ഷീൻ തിരുമേനി രോഗഗ്രസ്ഥനായി. രോഗം മൂർച്ഛിച്ചു മരണാസന്നനായി. വിവരമറിഞ്ഞ നിരവധി അഭിവന്ദ്യരായ മെത്രാന്മാർ ഏതാണ്ട് ഒരേസമയത്തു തിരുമേനിയെ സന്ദർശിക്കാനെത്തി. അവരെയെല്ലാവരെയും ഒന്നിച്ചുകണ്ടപ്പോൾ പിതാവിനു കുറച്ചൊരു ഉന്മേഷമായി. അദ്ദേഹം അവരോടു അല്പമൊക്കെ സംസാരിച്ചു. തന്റെ ഗുരുതരാവസ്ഥ പിതാവു നന്നായി മനസ്സിലാക്കിയിരുന്നു. വിദ്യാലയം വിട്ടു വീട്ടിലേക്കുപോകാൻ വെമ്പൽകൊള്ളുന്ന വിദ്യാർത്ഥിയെപ്പോലെ അദ്ദേഹം തന്റെ വീട്ടിലേക്കു പോകാൻ വെമ്പൽകൊള്ളുകയായിരുന്നു. നിത്യവിധിയാളന്റെ തിരുമുമ്പിൽ നില്ക്കാൻ സമയമായെന്ന് അദ്ദേഹം അവരോടു പറഞ്ഞുകൊണ്ടിരുന്നു.
പെട്ടെന്ന് അദ്ദേഹം ഒരു ആത്മഗതത്തിലേക്കുമാറി. ഞാൻ നിത്യവിധിയാളന്റെ തിരുമുമ്പിൽ നില്ക്കുമ്പോൾ അവിടുന്ന് എന്നോടു ചോദിക്കും. നീ എനിക്കുവേണ്ടി എന്തുചെയ്തിട്ടുണ്ട്? അവിടുത്തേയ്ക്കു മറുപടി നൽകാൻതക്കതായി എന്റെ നന്മയുടെ ഡയറിയിൽ ഒന്നുമില്ല. അവിടുന്ന് എനിക്ക് 10 താലന്തുതന്നാണ് ഇങ്ങോട്ട് അയച്ചത്. അത് ഇരട്ടിയാക്കാൻപോയിട്ട് ഒരല്പംപോലും വർദ്ധിപ്പിക്കാൻ എനിക്കു സാധിച്ചിട്ടില്ല. നല്കിയതുതന്നെ അധികമൊന്നും അവശേഷിക്കുന്നുമില്ല. എന്റെ പോക്കറ്റ് ശൂന്യമാണ്. 55 വർഷം പുരോഹിത ശുശ്രൂഷചെയ്ത എന്റെ ഈ അവസ്ഥ എത്രയോ പരിതാപകരമാണ്. എന്റെ കർത്താവിനു കഠിനദുഃഖമായിരിക്കണം ഞാൻ സമ്മാനിച്ചത്. മെച്ചപ്പെടാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തെങ്കിലും ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ലെന്നതാണു പരമാർത്ഥം. The biggest room in the world is the room for improvement.
ചുരുക്കിപ്പറഞ്ഞാൽ നീ എനിക്കുവേണ്ടി എന്തു ചെയ്തിട്ടുണ്ട് എന്ന കർത്താവിന്റെ ഗൗരവാവഹമായ ചോദ്യത്തിന് കർത്താവേ കാര്യമായി ഒന്നും അങ്ങേയ്ക്കായി ചെയ്യാൻ എനിക്ക് ആയില്ല എന്നുപറയേണ്ട അവസ്ഥയാണ് എന്റേത്.
പെട്ടെന്നു പിതാവു വാചാലനാകുന്നു. എല്ലാവരോടുമായി അദ്ദേഹം പറയുന്നു: കർത്താവിനോടു പറയാൻ എനിക്ക് എന്റെ ചെറിയ നന്മയുണ്ട്. കർത്താവിനുവേണ്ടി മാത്രംചെയ്തതാണത്. അക്കാര്യം അവിടുത്തോടു ഞാനിങ്ങനെ പറയും. കർത്താവേ കഴിഞ്ഞ 55 വർഷമായി ഒരിക്കലും മുടക്കംവരുത്താതെ ഏതു ജോലിത്തിരിക്കിനിടയിലും ഞാൻ ഒരു മണിക്കൂർ തിരുസന്നിധിയിൽ അങ്ങയോടൊപ്പം, ആയിരുന്ന് അങ്ങയെ സ്തുതിച്ചുമഹത്വപ്പെടുത്തി അങ്ങേയ്ക്കു നന്ദിപറയാൻ ഒരു മണിക്കൂർ നിഷ്ഠയോടെ നിർബന്ധപൂർവ്വം ഞാൻ മാറ്റിവച്ചിരുന്നു.
55 വർഷം അതിതീഷ്ണതയോടെ കർത്താവിന്റെ പൗരോഹിത്യശുശ്രൂഷയിൽ ആയിരിക്കാൻ മഹാനുഗ്രഹം ലഭിച്ച ഫുർട്ടൻ ജെ. ഷീൻ പരിശുദ്ധ കുർബ്ബാനയിൽ കേന്ദ്രീകൃതമായ ജീവിതമാണ് നയിച്ചിരുന്നതെന്ന മഹാസത്യം നിസ്സാരരായ നമുക്ക് വലിയ മാതൃകയും മാർഗ്ഗനിർദ്ദേശവുമാവട്ടെ.