അമൂല്യം

Fr Joseph Vattakalam
2 Min Read

” എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു” (ഗലാ. 1:15). പൗലോസിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ ഓരോരുത്തരെക്കുറിച്ചും അദ്ദേഹം പറഞ്ഞിരിക്കുന്നതു സത്യമാണ്. സത്യമിതാണ് ദൈവത്തിന്റെ കരങ്ങളിൽ നാമോരോരുത്തരും സുരക്ഷിതരാണ്. അനുനിമിഷം അവിടുന്ന് നമ്മെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും. കാരണം, ഓരോ മനുഷ്യനും അവിടുത്തേക്ക്‌ വിലപ്പെട്ടവനാണ്, വിലപ്പെട്ടവളാണ്. എണ്ണമറ്റ ക്രൈസ്തവർക്ക് കൊടും സഹനത്തിനും രക്തസാക്ഷിത്വത്തിനും ശക്തിപകർന്നത് ഈ ബോധ്യമാണ് . ‘അവർക്കു ജീവിക്കുക ക്രിസ്തുവായിരുന്നു മരിക്കുക ലാഭവും’.

ഓരോ മനുഷ്യാത്മാവും ദൈവത്തിനു അമൂല്യനാണ്, ബഹുമാന്യനാണ്, പ്രിയങ്കരനാണ്. ഈ മഹാസത്യത്തിന്റെ വെളിച്ചത്തിലാണ് ദിവ്യരക്ഷകൻ നിർന്നിമേഷനായി ചോദിക്കുന്നത്: “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? അവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?” (മത്താ. 16:26). ആത്മാക്കളെ രക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ പരമമായ ലക്‌ഷ്യം. ആത്യന്തികമായി, പെസഹാ രഹസ്യം ലക്‌ഷ്യം വയ്ക്കുന്നത് ഇത് മാത്രമാണ്. ജറെ. 29:11 ൽ ദൈവം പരാമർശിക്കുന്ന ‘പദ്ധതി’ ഇതാണ്-മാനവരാശിയുടെ രക്ഷ. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി. നിങ്ങളുടെ (നിത്യരക്ഷ). നമ്മുടെ മാത്രമല്ല (നമ്മിലൂടെ) മറ്റുള്ളവരുടെയും നിത്യ രക്ഷ അവിടുത്തെ പദ്ധതിയുടെ ഭാഗമാണ്. ഈശോ മിശിഹാ തന്നെയാണ് ഈ വലിയ ദൗത്യം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. പൗലോസ് സ്പഷ്ടമായി പറയുന്നു: “ഈശോമിശിഹായുടെ വെളിപാടിലൂടെയാണ് അത് (പ്രേഷിത ദൗത്യം) എനിക്ക് ലഭിച്ചത്” (ഗലാ. 1:12). അതുകൊണ്ടു തന്നെ നാം അരയും തലയും മുറുക്കി ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

കാരണം, ദൈവത്തിന്റെ പദ്ധതിയെ തകിടം മറിക്കാൻ പിശാച് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ആരെ വിഴുങ്ങേണ്ടു എന്നറിയാതെ, അലറുന്ന സിംഹത്തെപ്പോലെ അവൻ വിളറി പിടിച്ചു നെട്ടോട്ടം ഓടുകയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ തകിടം മറിക്കുകയാണ് അവന്റെ ഏക ലക്‌ഷ്യം. അവൻ ഉപയോഗിക്കാത്ത അടവുകളില്ല- മാധ്യമങ്ങൾ, ഇതര സാങ്കേതിക വിദ്യകൾ, സാത്താൻ ആരാധനാ, കറുത്തകുർബാന തുടങ്ങി എണ്ണമറ്റ കടുത്ത അടവുകളാണ് അവൻ പ്രയോഗിച്ച് കൊണ്ടിരിക്കുക.

നാം ദൈവത്തിന്റെ ആയുധങ്ങളെല്ലാം ഉപയോഗിച്ച് അവനെ ശക്തി യുക്തം എതിർക്കണം . ” കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്ത് നില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപൻമാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരെയായിട്ടാണ് പടവെട്ടുന്നത്. അതിനാൽ, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിന്മയുടെ ദിനത്തിൽ ചെറുത്തുനിൽക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റികൊണ്ട് പിടിച്ചു നിൽക്കാനും അങ്ങനെ നിങ്ങൾക്കു സാധിക്കും. അതിനാൽ, സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിക്കുവിൻ. സർവ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിനു നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിൻ. രക്ഷയുടെ പടത്തോപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ. നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി പ്രാർത്ഥിക്കുവിൻ ” (എഫേ. 6:10-18).

Share This Article
error: Content is protected !!