നിയ. 28:1-14
നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.
അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും.
നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും.
നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.
നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.
സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.
നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുന്പില് വച്ചു കര്‍ത്താവു തോല്പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.
നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും.
അവിടുത്തെ കല്പനകള് പാലിച്ച് അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ് നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെതന്റെ വിശുദ്ധ ജനമായി ഉയര്‍ത്തും.
കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.
നിനക്കു നല്കുമെന്നു നിന്റെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
കര്‍ത്താവു തന്റെ വിശിഷ്ട ഭണ്ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്കുന്ന, നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പനകള് ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല.
ഞാനിന്നു കല്പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്.
നിയ. 7:12-15
നിങ്ങള്‍ ഈ നിയമങ്ങള്‍ കേള്‍ക്കുകയും വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലര്‍ത്തും.
അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് തരുമെന്ന് അവിടുന്നു നിങ്ങളുടെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള നാട്ടില്‍ നിങ്ങളെ സന്താനപുഷ്ടിയുള്ളവരും നിങ്ങളുടെ ഭൂമി ഫലപുഷ്ടിയുള്ളതുമാക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കന്നുകാലികള്‍, ആട്ടിന്‍പറ്റം എന്നിവയെ അവിടുന്ന് ആശീര്‍വദിക്കുകയും ചെയ്യും.
നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ അനുഗൃഹീതരായിരിക്കും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ വന്ധ്യത ഉണ്ടായിരിക്കുകയില്ല.
കര്‍ത്താവു നിങ്ങളില്‍ നിന്ന് എല്ലാ രോഗങ്ങളും മാറ്റിക്കളയും. ഈജിപ്തില്‍വച്ചു നിങ്ങള്‍ കണ്ടിട്ടുള്ള ദുര്‍വ്യാധികളിലൊന്നും നിങ്ങളുടെമേല്‍ അവിടുന്നു വരുത്തുകയില്ല. എന്നാല്‍ നിങ്ങളെ എതിര്‍ക്കുന്നവരുടെമേല്‍, അവയെല്ലാം വരുത്തും.
ദൈവം ഉന്നതരാക്കിയെങ്കിൽ മാത്രമേ നമ്മൾ യഥാർത്ഥത്തിൽ ഉന്നതരാവുകയുള്ളു. അനുഗ്രഹങ്ങൾ കൈവരുകയുള്ളു, ശാശ്വതമാ അഭിവൃദ്ധി ഉണ്ടാവുകയുള്ളു. നമ്മുടെ ഏറ്റം വലിയ ഭാഗ്യവും ബഹുമതിയും ദൈവത്തിന്റെ ആജ്ഞാനുവർത്തികളായിരിക്കുക എന്നതാണ്. അപ്പോൾ അവിടുത്തെ സംരക്ഷണം നാം സമൃദ്ധമായി അനുഭവിക്കും. നമുക്ക് അധോഗതി ഉണ്ടാവുകയുമില്ല. ഇനി ഉണ്ടായാൽത്തന്നെ ഉടയവൻ അത് നമ്മുടെ നിത്യരക്ഷയുടെ ചവിട്ടുപടിയാക്കും. ദൈവത്തിന്റെ കരുണയുടെ കരം നമ്മെ പൊതിഞ്ഞു പിടിക്കും.