അബ്രാഹത്തിന്റെ വിശ്വാസത്തിന്റെ, അതിൽ നിന്നുരുത്തിരിയുന്ന അനുസരണത്തിന്റെ മാറ്റുരയ്ക്കുന്ന ഒരു കാര്യം ആ വിശിഷ്ടജീവിതത്തിൽ സംഭവിക്കുന്നു. ദൈവം അബ്രാഹത്തെ പരീക്ഷിക്കുന്നു. അവിടുന്ന് കൽപ്പിക്കുന്നു: “നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കിനെയും കൂട്ടി മോറിയ ദേശത്തേക്കു പോകുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ എനിക്കൊരു ദഹനബലിയായി അർപ്പിക്കണം” (ഉല്പ. 22:2).
ആമുഖമോ വിശദീകരണമോ അഭിപ്രായം ആരായാലോ ഒന്നുമില്ല. ദൈവം കല്പിച്ചു, അത്രമാത്രം. അബ്രാഹത്തിനു യാതൊരു പരാതിയുമില്ല. ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടുന്നില്ല. ഭാര്യെപോലും വിവരം അറിയിക്കുന്നതായും സൂചനയില്ല.
ഉല്പ. 22:3-18
അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന് ഇസഹാക്കിനെയും കൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.
മൂന്നാം ദിവസം അവന് തലയുയര്‍ത്തി നോക്കിയപ്പോള്‍ അകലെ ആ സ്ഥലം കണ്ടു.
അവന് വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങള്‍ ഇവിടെ നില്ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം.
അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന് ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന് തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടന്നു.
ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവന് വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?
അവന് മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും. അവരൊന്നിച്ചു മുമ്പോട്ടു പോയി.
ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി.
മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു.
തത്ക്ഷണം കര്‍ത്താവിന്റെ ദൂതന് ആകാശത്തു നിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാന്‍, അവന് വിളികേട്ടു.
കുട്ടിയുടെ മേല്‍കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നു വെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല.
അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന് അതിനെ മകനുപകരം ദഹന ബലിയര്‍പ്പിച്ചു.
അബ്രാഹം ആ സ്ഥലത്തിനു യാഹ്വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നു വെന്ന് ഇന്നുവരെയും പറയപ്പെടുന്നു.
കര്‍ത്താവിന്റെ ദൂതന് ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു:
കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:
ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആ കാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.
നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.
രക്ഷാകരചരിത്രത്തിലെ, അല്ല ചരിത്രത്തിലെത്തന്നെ, അനന്യ സംഭവമാണ് ഇത്. വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും അതിസവിശേഷമായ പരീക്ഷയും അതിപ്രശസ്തമായ വിജയം കൈവരിക്കലുമാണ് അനുവാചകന് ഇവിടെ കാണുക. അവകാശിയുടെ മൗതിക മരണവും (mystical death) മൗതിക ഉധാനവുമാണ് (mystical resurrection) ഇവിടെ സംഭവിക്കുക. നമ്മുടെ വിശ്വാസത്തിലും വിശ്വാസത്തിന്റെ അനുസരണത്തിലും സദൃശ്യമായ മരണോത്ഥാനങ്ങൾ സംഭവിക്കണം. എങ്കിലേ രണ്ടും പൂർണവും ഫലദായകവും (നിത്യരക്ഷയിലേക്കു നയിക്കുന്നത്) ആവൂ.
ആബേലിന്റെയും കായേലിന്റെയും ബലികൾ തമ്മിലുള്ള കാതലായ വ്യത്യാസം അബ്രാഹത്തിന്റെ ബലിയർപ്പണം കൂടുതൽ വ്യക്തമാക്കുന്നു. ആബേലിന്റെ ബലിയിൽ അടിസ്ഥാനപരമായ മരണോത്ഥാനങ്ങളുണ്ടായിരുന്നു. അതുകൊണ്ടു അത് ദൈവത്തിനു സ്വീകാര്യമായി. കായേന്റെതിൽ അവ ഇല്ലായിരുന്നു; അതുകൊണ്ടു സ്വീകാര്യവുമായില്ല.
ഓരോ നന്മപ്രവർത്തിയും ഒരു മരണവും തുടർന്ന് പുനരുത്ഥാനവും ഉൾക്കൊള്ളുന്നുണ്ട്. പാപത്തിനു മരിക്കുകയും ദൈവത്തിൽ ജനിക്കുകയുമാണ് ഓരോ നന്മ പ്രവർത്തിയിലും സംഭവിക്കുക. ഓരോ തിന്മയുടെ കാര്യത്തിലും മറിച്ചും. തിന്മ ചെയ്യുന്നവൻ പാപത്തിൽ മരിക്കുകയും പിശാചിൽ ഉയിർക്കുകയുമാണ് ചെയുക.
അബ്രാഹത്തിന്റെ ബലിയും ക്രിസ്തുവിന്റെ ബലിയും തമ്മിൽ ചില സാധർമ്യങ്ങളുണ്ട്. രണ്ടിടത്തും പിതാവിന്റെ കല്പന പ്രകാരമാണ് ബലിയർപ്പിക്കുക. ‘ബലിമൃഗം’ അബ്രാഹത്തിന്റെ ഏകമകൻ ഇസ്ഹാക്കും രണ്ടാമത്തേതിൽ ബലിയർപകൻ ദൈവപുത്രനായ ഈശോമിശിഹായുമാണ്. ‘ബലിമൃഗവും’ (ബലിവസ്തു) അവിടുന്ന് തന്നെ. ഇസഹാക് ഈശോയുടെ ഒരു പ്രതീകമാണ്. ഇരു ബലികളും തമ്മിൽ കാതലായ വ്യതാസങ്ങളുണ്ട്. ആദ്യത്തേതിൽ നിർദ്ദേശിക്കപ്പെട്ട ബലിമൃഗത്തിന്റെ -ഇസ്ഹാക്കിന്റെ- ജീവൻ രക്ഷിക്കപെടുന്നു. പകരമൊരു മൃഗത്തെ, ഒരു വയസു പ്രായമുള്ള ഊനമാറ്റ ഒരു മുട്ടാടിനെ ദൈവം നൽകുന്നു. രണ്ടാമത്തേതിൽ, ബലിമൃഗം ‘കഴിയുമെങ്കിൽ ഈ പാനപാത്രം എൻ പ്രിയതാത മാറ്റിതരണമേ’ എന്ന് പ്രാർത്ഥിച്ചെങ്കിലും തിരുസുതനെക്കുറിച്ചുള്ള പിതാവിന്റെ ഹിതം മറിച്ചായിരുന്നു. അവസാനത്തെ തുള്ളി രക്തവും കൂടി ചിന്തി, പ്രിയപുത്രൻ മരിച്ചു. മൂന്നാം ദിനം പിതാവ് അവിടുത്തെ ഉയിർപ്പിച്ചു മാനവരാശിയെ മുഴുവൻ രക്ഷിച്ചു. അവിടുത്തെ സഹന മരണോത്ഥാനങ്ങളിലൂടെ മാനവകുലം മുഴുവൻ രക്ഷിക്കപെട്ടു. വിശ്വസിച്ചു മാമോദീസാ സ്വീകരിച്ചു, കൗദാശിക ജീവിതം നയിച്ച്, ദൈവപ്രമാണങ്ങളനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്ന ഓരോ മനിഷ്യനും ഈ രക്ഷ അവകാശപെടുത്താം. വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടണം.
ഈശോ നൽകുന്നത് സൗജന്യ രക്ഷയാണ്.