അനന്തം,അജ്ഞാതം, അവർണ്ണനീയം – അങ്ങനെയാണ് ദൈവത്തിന്റെ പ്രവർത്തികൾ. ദൈവം തന്റെ പദ്ധതികൾ നടപ്പാക്കാൻ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കും. പേർഷ്യൻ രാജാവായ സൈറസിനെ ഇസ്രായേലിന്റെ ഭാഗധേയം നിശ്ചയിക്കുന്നതിന് നിയോഗിക്കുന്നത് ഇതിനു ഒന്നാന്തരം ഉദാഹരണമാണ്.
പ്രവാചകർക്ക് സന്ദേശം നൽകുന്നതും അവർ തനിക്ക് വേണ്ടി സംസാരിച്ച വാക്കുകള്‍ യാഥാർത്ഥ്യമാക്കുന്നതും അവിടുന്നാണ്. സർവ്വ ജനങ്ങളും കർത്താവിന്റെ അധീനതയിലും പരിപാലനയിലുമാണെന്ന് സത്യം ഇവിടെ വെളിപ്പെടുന്നു.
ഏശ.45:1-8 രാജാക്കന്മാരുടെ സ്ഥാനാരോഹണ വേളയിൽ നടത്തപ്പെടുന്ന പ്രവചനങ്ങളുടെ രീതിയിലാണ്. ഇസ്രായേലിലെ രാജാക്കന്മാർക്ക് മാത്രം നൽകപ്പെട്ടിരുന്നതാണ് “അഭിഷിക്തൻ” എന്ന സ്ഥാനം(1സാമു.9:26) തന്റെ പദ്ധതിയിൽ നടപ്പാക്കുന്നതിന് വേണ്ടി ദൈവം സൈറസിനെ പ്രയോജനപ്പെടുത്തുന്നു. ഞാന്‍ നിനക്കു (സൈറസിന് ) മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
ഏശയ്യാ 45 : 2). അതായത് സൈറസ് ഇസ്രായേലിന് വേണ്ടി പ്രവർത്തിക്കുമ്പോൾ പല പ്രതിസന്ധികളും അവനു നേരിടേണ്ടി വരും. അവയെ അതിജീവിക്കാൻ, ദൈവം വ്യക്തിപരമായി ഇടപെട്ട്, അവയെല്ലാം തരണം ചെയ്യാൻ, അവിടുന്ന് അവനെ സഹായിക്കുമെന്ന് അവനോട് നേരിട്ട് വാഗ്ദാനം ചെയ്യുകയാണ്.
ഇസ്രായേൽ ജനം മുഴുവന്റെയും കാര്യത്തിൽ എന്നപോലെ തന്നെ ദൈവം പേര് ചൊല്ലി വിളിച്ച വ്യക്തിയാണ് സൈറസ്.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
ഏശയ്യാ 45 : 3.
സൈറസ് വഴി ദൈവം ഇസ്രായേലിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കണ്ട് ഭൂവാസികളെല്ലാവരും യഹോവയെ ദൈവമായി ഏറ്റുപറയും.എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.
ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അര മുറുക്കും.
ഏശയ്യാ 45 : 4-5.
പ്രകാശവും അന്ധകാരവും സുഖവും ദുഃഖവും എല്ലാം അവിടുത്തെ പ്രവർത്തികളാണ്.ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്ധകാരം സൃഷ്ടിച്ചു; ഞാന്‍ സുഖദുഃഖങ്ങള്‍ നല്കുന്നു. ഇതെല്ലാം ചെയ്ത കര്‍ത്താവ് ഞാന്‍ തന്നെ.
ഏശയ്യാ 45 : 7.
കർത്താവ് സൈറസിന്റെ കരങ്ങൾ ഗ്രഹിച്ചിരിക്കുന്നു എന്നാണ് പ്രവാചകൻ പ്രസ്താവിക്കുക. അയാളുടെ അരമുറക്കുന്നത് (ശക്തനും ധീരനും ആക്കുന്നത്, സജ്ജീകരണങ്ങൾ ചെയ്യുന്നത് )അവിടുന്ന് തന്നെ. ഏക ദൈവത്തിലുള്ള വിശ്വാസം ഉറക്കെ പ്രസ്താവിക്കുന്ന വാക്കുകളാണിവ.സ്വര്‍ഗങ്ങളേ, മുകളില്‍ നിന്ന് പൊഴിയുക. ആകാശം നീതി ചൊരിയട്ടെ! ഭൂമി തുറന്ന് രക്ഷമുളയ്ക്കട്ടെ! അങ്ങനെ നീതി സംജാതമാകട്ടെ! കര്‍ത്താവായ ഞാനാണ് ഇതു സൃഷ്ടിച്ചത്.
ഏശയ്യാ 45 : 8
ഇസ്രായേൽ ആരാധിക്കുന്ന ദൈവം ലോകം മുഴുവന്റെയും കർത്താവാണെന്ന് പൂർണ്ണ ബോധ്യത്തിലേക്ക് നയിക്കാൻ ഏശയ്യായുടെ വാക്കുകൾ സഹായകമായി തീർന്നു.