ഒരു കഷ്ടതയും എന്റെ കരുണയോളം എത്തുകയില്ല. ഒരു കഷ്ടതയും അതിനെ തളർത്തുകയില്ല. കാരണം, അത് നൽകും തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. (ഡയറി: 1273 )
അനുസ്യൂതം ഒഴുകുന്ന ദൈവകരുണ
” എന്റെ ഈശോയേ, എന്റെ ശക്തിദുർഗ്ഗമേ, എന്റെ സമാധാനമേ, എന്റെ അഭയകേന്ദ്രമേ, അങ്ങേ കാരുണ്യത്തിന്റെ രശ്മികൾ, എന്റെ ആത്മാവിനെ സദാ തഴുകുന്നു. ദൈവമേ, അങ്ങേ കാരുണ്യം അനുഭവിക്കാത്ത ഒരു നിമിഷംപോലും എന്റെ ജീവിതത്തിലില്ല. എന്റെ ജീവിതകാലം മുഴുവനും, അങ്ങയുടെ അനന്ത കരുണയിലല്ലാതെ, മറ്റൊന്നിലും ഞാൻ ആശ്രയം വയ്ക്കില്ല. ഇതാണ് എന്റെ ജീവിതത്തിന്റെ മാർഗ്ഗരേഖ. ഓ ദൈവമേ, അങ്ങേ കരുണയാൽ എന്റെ ആത്മാവ് നിറഞ്ഞു കവിയുന്നു.” (ഡയറി: 697 )
അഗ്രാഹ്യമായ ദൈവകരുണ
” ഓ എന്റെ ഈശോയേ, അങ്ങയുടെ നന്മകൾ എല്ലാ അറിവിനെയും അതിശയിക്കുന്നതാണ്. അങ്ങയുടെ കരുണ ആരെയും ക്ഷീണിപ്പിക്കുന്നില്ല. നിത്യനാശം ആഗ്രഹിക്കുന്ന ആത്മാക്കൾ നാശമടയും. എന്നാൽ നിത്യരക്ഷ ആഗ്രഹിക്കുന്നവർക്ക്, അവിടുത്തെ കരുണാസാഗരത്തിൽനിന്ന്, ആവോളം ആസ്വദിക്കാൻ സാധിക്കും. ഒരു ചെറിയ പാത്രത്തിന്, എങ്ങനെ അത്യഗാധമായ സമുദ്രത്തെ ഉൾക്കൊള്ളാൻ സാധിക്കും.” (ഡയറി:631 ). “ഓ ഈശോയേ, അവിടുത്തെ കരുണ ഞങ്ങളുടെ സങ്കൽപ്പങ്ങൾക്ക് അതീതമാണെന്നു ഞാനറിയുന്നു. ഓ അഗ്രാഹ്യമായ ദൈവമേ , അങ്ങയെപ്പോലെ അവിടുത്തെ കരുണയും അളവറ്റതും ആത്മാക്കളെ ക്ഷീണിപ്പിക്കാത്തതുമാണ്. ഏറ്റവും ശക്തിമത്തായ വാക്കുകളുപയോഗിച്ച് ദൈവത്തിന്റെ അനന്ത കരുണയെ പ്രഘോഷിച്ചാലും യാഥാർഥ്യത്തോട് തുലനം ചെയ്യുമ്പോൾ അവ ഒന്നുമല്ലെന്ന് ഞാനറിയുന്നു.” (ഡയറി:692 )
സ്നേഹമാകുന്ന ചെടിയുടെ പുഷ്പം
“ഓ അപ്രാപ്യമായ ദൈവമേ, അവിടുത്തെ കരുണ എത്രയോ മഹോന്നതമാണ്! മാനുഷികവും അമാനുഷികവും ബുദ്ധിക്ക് അതീതമാണ് അത്. അവിടുത്തെ കരുണാർദ്രമായ സ്നേഹത്തിന്റെ ആഴങ്ങളിൽ നിന്നാണല്ലോ മാലാഖമാരും മനുഷ്യരും അസ്തിത്വം സ്വീകരിച്ചത്. സ്നേഹമാകുന്ന ചെടിയുടെ പുഷ്പമാണ് കരുണ. ദൈവം സ്നേഹമാണ്. കരുണ അവിടുത്തെ സ്വഭാവമാണ്. സ്നേഹത്തിൽ അത് ഉരുവാക്കപ്പെട്ടു. കരുണയിൽ അത് വെളിവാക്കപ്പെട്ടു. ഞാൻ ദർശിക്കുന്നതെല്ലാം എന്നോട് ദൈവകരുണയെക്കുറിച്ച് സംസാരിക്കുന്നു. ദൈവത്തിന്റെ നീതിയും, അവിടുത്തെ അഗാധമായ കരുണയെക്കുറിച്ചാണ് പറയുന്നത്. കാരണം, നീതി സ്നേഹത്തിൽ നിന്നാണ് ഉത്ഭൂതമാകുന്നത്.” (ഡയറി: 651 )