നിരന്തര സമ്പർക്കം

വിശുദ്ധ മരിയ ഗൊരോത്തിയുടെ ‘അമ്മ (അസൂന്തമ) മകളെ ഇപ്രകാരം ഉപദേശിച്ചിരുന്നു: “ഇന്നു നീ ദിവ്യ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചവളാണ്.അതുകൊണ്ടു ഇന്നു മുഴുവൻ ഈശോ കൂടെയുണ്ടെന്ന് നിനക്ക് ബോധ്യമുണ്ടായിരിക്കണം.” എന്നും എപ്പോഴും മരിയ ആ ബോധ്യം നിലനിർത്തിയിരുന്നു.
ചാവറ പിതാവ് തന്റെ ജീവിതത്തിന്റെ അവസാനത്തെ 2  വർഷം രോഗാവസ്ഥയിൽ ഏകാന്തതയിൽ ഒരു കൊച്ചു മുറിയിലാണ് കഴിഞ്ഞിരുന്നത്. ആ പുണ്യപിതാവ് ആ ചെറുമുറിയുടെ മുന്നിൽ ഇങ്ങനെ എഴുതിവച്ചിരുന്നു: ‘ഈ മുറിയിൽ കയറുന്നവർ ആത്മീയ കാര്യങ്ങളല്ലാതെ മറ്റൊന്നും സംസാരിക്കരുത്’ (കാലം മാറി, കോലം മാറി!) ഇപ്രകാരം പിതാവ് എഴുതിവച്ചതിന്റെ പൊരുൾ വ്യക്തമല്ലെ? ദൈവസാനിധ്യം അനുഭവിച്ചു ആനന്ദിച്ചിരുന്നതിനാൽ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേൾക്കാനും സംസാരിക്കാനും ആ വിശുദ്ധൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആത്മീയാനന്ദം രുചിച്ചറിയുന്ന മനുഷ്യാത്മാവ്  ഭൗതിക സുഖങ്ങളെല്ലാം വിട പറയും.
വിശുദ്ധർക്ക് ജീവിതം പ്രഭാതം മുതൽ പ്രദോഷം വരെ നിരന്തര ദൈവസമ്പർക്കമാണ്. ഇഹത്തിൽ ക്രിസ്തുശിഷ്യന്റെ ജീവിതം സ്വർഗീയാനുഭവം രുചിച്ചറിയുന്നു. നിരന്തര ദൈവസാനിധ്യനുഭവം ഇല്ലാതെ ഇതു സാധ്യമല്ല. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്തിന്റെ ആത്മീയാനുഭൂതി തുളുമ്പിനിൽക്കുന്ന തുടർന്നുള്ള വാക്കുകൾ മേല്പറഞ്ഞ സത്യം സുതരാം സ്പഷ്ടമാക്കും. “കർമ്മല മഠത്തിൽ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാർത്ഥന സ്ഥലത്തും ഞങ്ങൾ ദൈവത്തെ ദർശിക്കുന്നു. ഞങ്ങൾ അവിടുന്നിൽ ശ്വസിക്കുകയും ജീവിക്കുകയും വ്യാപാരിക്കുകയും ചെയ്യുന്നു. ഞങ്ങൾ അനുഭവിക്കുന്ന ആനന്ദമധുരി ഗ്രഹിക്കാൻ നിങ്ങള്ക്ക് കഴിഞ്ഞിരുന്നെങ്കിൽ! പ്രഭാതം മുതൽ പ്രദോഷം വരെയും പ്രദോഷം മുതൽ പ്രഭാതം വരെയും കർമലാസന്ന്യാസിനിയുടെ ജീവിതം മുൻകൂട്ടിയുള്ള ഒരു സ്വർഗ്ഗസ്വധാനമാണ്.”