“നിങ്ങൾ ദൈവത്തെ അറിയുന്നു അതിലുപരി ദൈവം നിങ്ങളെ അറിയുന്നു”(ഗലാ.4:9).പൗലോസ് ഗലാത്തിയർ ക്കെഴുതിയ ഈ വചനം ഇപ്പോൾ നമുക്കുള്ളതാണ്. ദൈവത്തെ അറിയുന്നവർ അവിടുത്തെ ഇഷ്ടം നിറവേറ്റണം. ദൈവം തന്ന മക്കളെ ദൈവത്തിന് ഇഷ്ടമുള്ളവരായി വളർത്തണം. ഒരു പുരോഹിതൻ എല്ലാവരുടെയും പിതാവാണ്. മാതാപിതാക്കൾ തങ്ങളുടെ മക്കളെ എന്നപോലെ മറ്റു കുട്ടികളെയും ബാലികാബാലന്മാരെയും യുവജനങ്ങളെയും കാണണം;കരുതി സ്നേഹിക്കണം.അവർ തിന്മയിൽ നിപ തിക്കാതെ നന്മയിൽ നിലനിൽക്കാൻ, നന്മയിൽ വളരാൻ ആവുന്നത്ര പരിശ്രമിക്കണം. പൗലോസിന് ഗലാത്യരോടുള്ള കരുതൽ പോലൊരു കരുതലും തീക്ഷ്ണതയും സ്വന്തം മക്കളോട് മാത്രമല്ല, എല്ലാവരോടും ഉണ്ടാവണം. അദ്ദേഹത്തിന്റെ ദൈവത്തെ പ്രതിയുള്ള വ്യഗ്രത തീക്ഷണത മുറ്റി നിൽക്കുന്ന ചിന്തോദ്ദീപങ്ങളായ വാക്കുകൾ ശ്രദ്ധിക്കുക :” എന്റെ കുഞ്ഞുങ്ങളെ ക്രിസ്തുവിൽ നിങ്ങൾ രൂപപ്പെടുന്നത് വരെ വീണ്ടും ഞാൻ നിങ്ങൾക്ക് വേണ്ടി ഈറ്റു നോവനുഭവിക്കുന്നു. (ഗലാ 4:19). പിതൃതുല്യമായ വാത്സല്യത്തോടെ ഗലാത്യരെ സമീപിക്കുന്ന പൗലോസിനെയാണ് ഈ മഹാകരുതലിന്റെ വാക്കുകളിൽ നാം കാണുക(ഗലാ.4:18-20). ഒരു മാതാവ് ഏറ്റവും അധികം വേദന സഹിച്ചു മക്കൾക്ക് ജന്മം നൽകുന്ന മനോഭാവമാണ് പൗലോസിനുള്ളത്. മക്കളെ ആത്മനാശത്തിൽ വീഴാതെ അവരെ പിശാചിന്റെ പിണിയാളുകളിൽ നിന്നകറ്റി സദ്പന്ഥാവിൽ നയിക്കുന്ന കാര്യത്തിൽ മാതാപിതാക്കളും അവരുടെ സ്ഥാനത്തുള്ള മറ്റ് എല്ലാവരും “ഈറ്റുനോവ്” അനുഭവിക്കണം.
പ്രാർത്ഥന,പ്രബോധനം,സന്മാതൃക, നിരീക്ഷണം, അവരെ ചേർത്തു പിടിക്കൽ, എല്ലാം അത്യന്താപേക്ഷിതമാണ്. കുരിശ് എടുക്കാതെ കിരീടത്തിൽ എത്താൻ ആവില്ല. പൗലോസിനെ പോലെ ഏറെ സഹിക്കേണ്ടി വരാം. ആ സഹനം നമ്മുടെയും മക്കളെയുടെയും നിത്യ രക്ഷയ്ക്ക് അച്ചാരമാകും.
കുട്ടികൾക്കും യുവജനങ്ങൾക്ക് പോലും വിശ്വാസ പരിശീലനം കൊടുക്കുക. അവരെ വിഴുങ്ങാൻ ശ്രമിക്കുന്ന വിവിധ ഏജൻസികൾ, മാധ്യമങ്ങൾ, സിനിമകൾ,നാടകങ്ങൾ,സോഷ്യൽ മീഡിയയിലെ വിഷം തുപ്പുന്ന ലേഖനങ്ങൾ, ചില പുസ്തകങ്ങൾ ചില ആളുകൾ ഇവയെയും, ഇവരെക്കുറിച്ചും കുഞ്ഞുങ്ങൾക്ക് ശരിയായി അറിവ് കൊടുക്കുക. കൗദാശിക ജീവിതം, പ്രാർത്ഥനാജീവിതം തുടങ്ങിയവയിൽ അവരെ ആഴപ്പെടുത്തുക. സഭയെയും സഭാ സംവിധാനങ്ങളെയും സ്നേഹിക്കാൻ അവരെ പഠിപ്പിക്കുക. തുടങ്ങിയവ ആണ് ഇന്നിന്റെ അത്യാവശ്യങ്ങൾ.
നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും ഇന്ന് അത്യന്താവശ്യമായിരിക്കുന്ന യഥാർത്ഥ ജ്ഞാനമാണ്;അത് ദൈവിക ജ്ഞാനവും.ജ്ഞാനികളിൽ ജ്ഞാനിയായ സോളമന്റെ പ്രാർത്ഥന ജ്ഞാന ഗ്രന്ഥത്തിലെ പരമപ്രധാന ഭാഗമാണ്. ഈ പ്രാർത്ഥന പൂർണമായി വായിക്കുന്നത് നല്ലതും അനുഗ്രഹപ്രദവുമായിരിക്കും(ജ്ഞാനം 9).സോളമൻ ജ്ഞാനത്തിനു വേണ്ടി അതിതീഷ്ണമായി പ്രാർത്ഥിക്കുന്നു. തന്റെ മഹത്വവും ഒപ്പം ബലഹീനതകളും നന്നായി മനസ്സിലാക്കിയ രാജാവ് വിനയന്വിതനായി ദൈവത്തോട് അടുക്കുന്നു. ജ്ഞാനത്തിനുവേണ്ടി അവിടത്തോട് പ്രാർത്ഥിക്കുന്നു.
ദൈവത്തോട് അടുക്കുന്നതും എളിമയോടെ അവിടുത്തെ കരത്തിൻകീഴിൽ നിൽക്കുന്നതും അവിടുത്തോട് തീക്ഷണമായി പ്രാർത്ഥിക്കുന്നതുമാണ് ക്രിയാത്മകമായ ജീവിത ദർശനം. ദൈവത്തിൽ നിന്ന് വരുന്ന ജ്ഞാനം സ്വന്തമാക്കുമ്പോൾ മനുഷ്യൻ പൂർണ്ണനാകുന്നു. സോളമന്റെ ഈ പ്രാർത്ഥനയ്ക്ക് രാജാക്കന്മാരുടെ പുസ്തകത്തിലും (1രാജാ 3:1-15) ദിനവൃത്താന്തത്തിലും (2ദിന.1)വിവരിക്കുന്ന സോളമന്റെ ദൈവ ദർശനത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനയുമായി സാമ്യമുണ്ട്. ദീർഘായുസ്സോ,സമ്പത്തോ, ശത്രു സംഹാരമോ ഒന്നും ആവശ്യപ്പെടാതെ ജനത്തെ വിവേകത്തോടെ ഭരിക്കുന്നതിന് ആവശ്യമായവയാണ് അയാൾ ദൈവത്തോട് യാചിച്ചത്.
ആ പ്രാർത്ഥനയിൽ പ്രപഞ്ച നാഥൻസംപ്രീതനായി. അവിടുന്ന് അവനു ജ്ഞാനത്തോടൊപ്പം ഇതര ഭൗതിക നന്മകളും സമൃദ്ധമായി നൽകി. കാരണം ജ്ഞാനുമാണ് മേൽ പറഞ്ഞവയുടെയെല്ലാം മാതാവ്.
ദൈവത്തിന്റെ സൃഷ്ടികർമ്മത്തിന് ജ്ഞാനം സന്നിഹിതയായിരുന്നു. ഇസ്രായേലിന് രക്ഷകനായ ദൈവം ലോകസൃഷ്ടാവും ആണെന്നും ജ്ഞാനം 9 :1 വ്യക്തമാക്കുന്നു. അവിടുന്ന് വചനത്താൽ (പുത്രൻ) സർവ്വവും സൃഷ്ടിച്ചു.. ദൈവം ജ്ഞാനത്താലാണ് ലോകം സൃഷ്ടിച്ചത് എന്ന് മനുഷ്യകുലവും ജ്ഞാനവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. തനിക്ക് നൽകപ്പെട്ടിരിക്കുന്ന ഈ നവ ദൗത്യത്തിന് മനുഷ്യൻ ശക്തനാണെന്ന് സോളമൻ സ്മരിക്കുന്നു (വാക്യം 4-6).
ജ്ഞാനത്തിന്റെ ആവശ്യത്തെക്കുറിച്ച് സോളമിനു തികഞ്ഞ ബോധ്യമുണ്ട്. മനുഷ്യനെ ദൈവം മിത്രമാക്കുന്നത് ജ്ഞാനമാണ്( 7 :27 ).
ദൈവത്തിൽ വസിക്കുന്നവനോടൊപ്പം ജ്ഞാനം വസിക്കും. അവൾ അവനെ നേരായ വഴിക്ക് നയിക്കും. ദൈവം ജ്ഞാനത്താലാണ് എല്ലാ സൃഷ്ടിച്ചത്. ജ്ഞാനത്തിലൂടെയാണ് മാനവകുലം എന്നും രക്ഷിക്കപ്പെട്ടതും രക്ഷിക്കപ്പെടുന്നതും.