എനിക്ക് മുഴുവനും വേണം!

ഞാനും കന്യാസ്ത്രീയാകും” എന്നത് എന്റെ ആദ്യസ്മരണകളിലൊന്നാണ്.അനന്തരകാലങ്ങളിൽ ഒരിക്കലും ആ നിശ്ചയത്തിന് മാറ്റം വരുത്തിയിട്ടുമില്ല… എന്റെ പ്രിയപ്പെട്ട അമ്മേ, എന്നെ തന്റെ മണവാട്ടിയാക്കാൻ ഈശോ തെരെഞ്ഞെടുത്തത് അമ്മയെ ആയിരുന്നു. അന്ന് അമ്മ എന്റെ അടുത്ത് ഇല്ലായിരുന്നെങ്കിലും  നമ്മുടെ ആത്മാക്കൾ തമ്മിൽ ഒരു ഉറ്റബന്ധം ഉണ്ടായിക്കഴിഞ്ഞിരുന്നു. അമ്മ ആയിരുന്നു എന്റെ ആദർശം അമ്മയെപ്പോലെ ആകണമെന്നതായിരുന്നു എന്റെ ആഗ്രഹം. അമ്മയുടെ മാതൃക തന്നെയാണ് രണ്ടുവയസ്സുമുതൽ എന്റെ ഹൃദയത്തെ കന്യകമാരുടെ മണവാളന്റെ പക്കലേക്കു ആകർഷിച്ചതും.

എന്റെ പ്രിയപ്പെട്ട കൊച്ചുലയോനി ചേച്ചിയും എന്റെ ഹൃദയത്തിൽ ഒരു നല്ല സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു . ചേച്ചി എന്നെ അത്യധികം സ്നേഹിച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാവരും സായാഹ്നസവാരിക്കു  പൊയ്ക്കൊണ്ടിരുന്നപ്പോൾ എന്നെ കാത്തുകൊണ്ടിരുന്നത് ചേച്ചിയായിരുന്നു.എന്നെ ഉറക്കാൻ ചേച്ചി പാടിയിരുന്ന പാട്ടുകൾ ഇന്നും എന്റെ കർണ്ണപുടങ്ങളിൽ പ്രതിധ്വനിക്കുന്നതുപോലെ തോന്നുന്നു. എല്ലാകാര്യങ്ങളിലും  എന്നെ ആനന്ദിപ്പിക്കാനുള്ള വഴി ചേച്ചി അന്വേഷിച്ചുകൊണ്ടിരുന്നു. അതുപോലെതന്നെ ചേച്ചിയെ വേദനിപ്പിക്കുന്നത് എനിക്കും വ്യസനകരമായിരുന്നു.

ചേച്ചിയുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം ഞാൻ നന്നായി ഓർമ്മിക്കുന്നുണ്ട്. എന്നെ സ്വകരങ്ങളിൽ എടുത്താണ് ചേച്ചി കൊണ്ടുപോയത്.

  എന്റെ ബാല്യകാലസഖിയായ പ്രിയപ്പെട്ട സെലിൻ ചേച്ചിയെക്കുറിച്ചാണ് ഇനി എനിക്ക് പറയാനുള്ളത്. ചേച്ചിയെക്കൂടാതെ ജീവിക്കുകപോലും സാധ്യമല്ലായിരുന്നുവെന്നു ഞാൻ അനുസ്മരിക്കുന്നു. ഊണു കഴിഞ്ഞു ചേച്ചി എഴുന്നേൽക്കുമ്പോൾ, എന്റെ ഭക്ഷണം തീർന്നിരുന്നില്ലെങ്കിലും ഒപ്പം എഴുന്നേൽക്കാനാണ്  ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. പിന്നെ, ഞങ്ങളൊന്നിച്ചു കളിക്കാൻ പോകും. സെലിൻ ചേച്ചിയെ തൃപ്തിപ്പെടുത്തുക എന്റെ നിഷ്ഠയായിരുന്നു.

     ദൈവാലയത്തിൽ, നന്നേ ചെറുപ്പത്തിൽപ്പോലും ഞാൻ വളരെ അടങ്ങിയൊതുങ്ങിയാണിരുന്നത് . കുർബാനയുടെ സമയത്തു പെരുവിരൽ കുത്തിയാണ് ഞാൻ നടന്നിരുന്നത്. ചിലപ്പോഴൊക്കെ ഞങ്ങളൊരുമിച്ചു ആത്മീയകാര്യങ്ങളെക്കുറിച്ചു സംഭാഷണം നടത്തിയിരുന്നു. ബന്ധപ്പെടുത്തി, അമ്മയുടെ കത്തിൽ നിന്ന്: “നമ്മുടെ ഓമനക്കുഞ്ഞുങ്ങൾ രണ്ടും (സെലിനും ത്രേസ്യായും) അനുഗ്രഹീതരായ മാലാഖക്കുഞ്ഞുങ്ങളാണ്. അവരുടെ പ്രകൃതം തന്നെയും ദൈവദൂതസമാനമാണെന്നു പറയാം. ത്രേസ്യാമരിയയുടെ സന്തോഷവും ആനന്ദവും മഹിമയുമാണ്.

  ത്രേസ്യാക്കുഞ്ഞിന്റെ ചില പ്രത്യുത്തരങ്ങൾ ചിലപ്പോൾ അവളുടെ പ്രായത്തിനു അസാധാരണം തന്നെയാണ്. കഴിഞ്ഞദിവസം സെലിൻ കുഞ്ഞനുജത്തിയോട് ചോദിച്ചു: “ഇത്ര ചെറിയ ഓസ്തിയിൽ അധിവസിക്കാൻ ദൈവത്തിനു എങ്ങനെ സാധിക്കും?” കുഞ്ഞിന്റെ മറുപടി പെട്ടന്നായിരുന്നു: “അതിൽ അത്ര വിസ്മയിക്കാനൊന്നുമില്ലല്ലോ! നല്ല ദൈവം സർവ്വശക്തനല്ലേ? സർവശക്തൻ എന്ന് പറയുന്നതിന്റെ സാരമെന്താണ്?.. തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യാൻ അവിടുത്തേക്ക്‌ കഴിവുണ്ട് എന്ന് തന്നെ!

  ഒരുദിവസം ലെയോനിചേച്ചി  ഒരു കുട്ടയും കൊണ്ട് ഞങ്ങൾ രണ്ടുപേരുടെയും (സെലിൻ, കൊച്ചുറാണി) അടുത്തുവന്നു. അത് നിറയെ ഉടുപ്പുകളും ഉടുപ്പ് തയ്ക്കാനുള്ള നല്ല തുണിത്തരങ്ങളും ഉണ്ടായിരുന്നു. അവയ്‌ക്കെല്ലാം മുകളിൽ ചേച്ചിയുടെ പാവയെയും കിടത്തിയിരുന്നു. ചേച്ചി ഞങ്ങളോട് പറഞ്ഞു: “എന്റെ കുഞ്ഞനുജത്തിമാരേ, ഇവയെല്ലാം നിങ്ങൾക്കാണ്. ഇഷ്ടംപോലെ തെരഞ്ഞെടുത്തുക്കൊൾവിൻ”. സെലിൻചേച്ചി കൈനീട്ടി ഇഷ്ടപ്പെട്ട ഒരു കുഞ്ഞു ചരടുകെട്ട് എടുത്തു. ഞാൻ അല്പം ആലോചിച്ചു നിന്ന ശേഷം  കൈനീട്ടി “എനിക്ക് മുഴുവനും വേണം” എന്ന് പറഞ്ഞു ആ കുട്ട എടുത്തു.

ബാല്യകാലത്തെ ഈ ചെറിയ സംഭവം എന്റെ ജീവിതം മുഴുവന്റെയും സംക്ഷേപമാണ്. അനന്തര കാലങ്ങളിൽ, എനിക്ക് പുണ്യപൂർണ്ണതയെക്കുറിച്ചു കൂടുതൽ ബോധ്യമുണ്ടായപ്പോൾ, ഒരു പുണ്യവതിയാകണമെങ്കിൽ വളരെയധികം സഹിക്കണമെന്നും ഏറ്റവും ഉത്തമമായത് തെരെഞ്ഞെടുക്കണമെന്നും എന്നെത്തന്നെ വിസ്മരിക്കണമെന്നും ഞാൻ ഗ്രഹിച്ചു. പുണ്യപൂർണ്ണതയ്ക്ക് അനേകം  പദവികളുണ്ട്. നമ്മുടെ കർത്താവ് നൽകുന്ന പ്രചോദനമനുസരിച്ചു അവിടുത്തേക്കുവേണ്ടി അല്പമോ അധികമോ നിർവ്വഹിക്കുവാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്‌ . ചുരുക്കത്തിൽ, അവിടുന്ന് ആവശ്യപ്പെടുന്ന ത്യാഗങ്ങളിൽനിന്നു യഥേഷ്ടം തെരഞ്ഞെടുക്കുക. അപ്പോൾ, ശിശുപ്രായത്തിലെന്നപോലെ ഞാൻ ഉദ്‌ഘോഷിച്ചു: “എന്റെ ദൈവമേ, എനിക്ക് മുഴുവനും വേണം, പകുതി പുണ്യവതിയാകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അങ്ങയെപ്രതി സഹിക്കേണ്ടിവരുമെന്നോർത്തു ഞാൻ ആകുല ചിത്തതയാകുന്നില്ല. ഒന്ന് മാത്രമേ ഞാൻ ഭയപ്പെടുന്നുള്ളു: സ്വാർത്ഥതയുടെ സംവരണം. അത് അങ്ങ് എടുത്തുകൊള്ളുക എനിക്ക് മുഴുവൻ പുണ്യവതിയാകണം. അത് തന്നെയാണാല്ലോ അങ്ങയുടെ ആഗ്രഹം.”