ലോകത്തിനുവേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം

സുഹൃത്തുക്കളെ,
‘ലോകത്തിനുവേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം’ ഒരു അമൂല്യ നിധിയാണ്. ഇതിനു ആമുഖം എഴുതിയിരിക്കുന്നത് നമുക്കെല്ലാവർക്കും പ്രിയങ്കരനായ ഷെവ. ബെന്നി പുന്നത്തറയാണ്. ഇതിലെ സന്ദേശങ്ങൾ  ഒന്നൊന്നായി നമുക്ക് വായിച്ചു അനുഭവിക്കാം. അവ വായിക്കുന്നതിനു  ബെന്നിയുടെ ആമുഖം വായിച്ചിരിക്കണം.
‘തികച്ചും വ്യത്യസ്തമായൊരു പുസ്തകം!’ എന്നൊരു ഉപ ശീർഷകം അദ്ദേഹം നൽകുന്നു. അതാവട്ടെ ഇന്ന് നമ്മൾ വായിച്ചു മനസിലാക്കുന്നത്.
നിങ്ങൾ കൈകളിലെടുത്തിരിക്കുന്നതു സാധാരണഗതിയിലുള്ള ഒരു പുസ്തകമല്ല. നിങ്ങളുടെ ആത്മാവിന്റെ നവീകരണത്തിനും ഓരോ ദിവസത്തെയും ജീവിതത്തിനു ആവശ്യമായ മാർഗ്ഗദര്ശനത്തിനും ഇത് സഹായിക്കും. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിൽ നിന്നും ഒഴുകുന്ന കരുണയിൽ നമ്മുടെ ആത്മീയ ജീവിതം പുഷ്ടിയുള്ളതായി തീരും. ഈ സന്ദേശങ്ങൾ വായിച്ച നിരവധിപേരുടെ ജീവിതങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ അയർലണ്ടിലെ ഡബിളിനടുത്തുള്ള റഹീനിയിൽ പാവപ്പെട്ട ഒരു ആത്മാവിനു പരിശുദ്ധ ദൈവമാതാവ് നൽകിയ സന്ദേശങ്ങളാണിത്. ‘കരുണയുടെ നാഥ’ എന്ന നാമധേയത്തിലായിരുന്നു ദൈവമാതാവ് ഇവിടെ തന്നെ വെളിപ്പെടുത്തിയത്. മാതാവ് ആവശ്യപ്പെട്ട പ്രകാരം ക്രമീകരിച്ചതാണീ പുസ്തകം. ഇതിന്റെ പ്രത്യേകത ഓരോ ആത്മാവിനും അപ്പപ്പോൾ ആവശ്യമായ സന്ദേശം വ്യക്തിപരമായി ലഭിക്കുന്നു എന്നതാണ്. പ്രാർത്ഥനാപൂർവ്വം ഈ പുസ്തകം തുറക്കുമ്പോൾ ഇടതുഭാഗത്തെ പേജിൽ നിങ്ങളുടെ സന്ദേശത്തിലെ ‘മുത്ത്’ (സാരാംശം) കാണാൻ കഴിയും. വലതുവശത്തെ പേജിൽ ഈ സന്ദേശത്തിന്റെ വിശദംശങ്ങളാണ് പ്രതിപാദിക്കുക.
ലാളിത്യത്തിലേക്കും വിശുദ്ധിയിലേക്കും ദൈവവുമായുള്ള ആഴമുള്ള സ്നേഹബന്ധത്തിലേക്കും നയിക്കുന്ന  സന്ദേശങ്ങളാണ് ഈ ഗ്രന്ഥം മുഴുവനും. തുടക്കം മുതൽ അവസാനം വരെ ഒന്നിച്ചുവായിക്കാനുള്ളതല്ല ഇത്. ഓരോ ദിവസവും ഓരോ ആത്മാവിനും വ്യക്തിപരമായി നൽകാനുള്ള സന്ദേശങ്ങളാണിത്. അതിനാൽ, എല്ലാ ദിവസവും പ്രാർത്ഥിച്ചു മനസൊരുക്കി ഓരോ സന്ദേശവും വായിക്കുക. പരിശുദ്ധ ‘അമ്മ നിങ്ങളോടു സംസാരിക്കും.
(നിർദ്ദേശാനുസരണം തികച്ചും സൗജന്യമായാണ് ഈ പുസ്തകം വിതരണം ചെയുക. ഈ സന്ദേശങ്ങൾ കൂടുതലായി പ്രചരിപ്പിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങള്ക്ക് പ്രചോദനം നൽകുന്നെങ്കിൽ നിങ്ങളുടെ സംഭാവനകൾ ഞങ്ങളെ സഹായിക്കും.)
‘കാരുണ്യ നാഥ’ പുസ്തകത്തെപ്പറ്റി: ‘ഈ സന്ദേശങ്ങളടങ്ങുന്ന പുസ്തകം സാരാംശത്തിൽ ഓരോ ആത്മാവിന്റെയും നവീകരണത്തിന് വേണ്ടിയുള്ളതാണ്” (ഏപ്രിൽ 2, 1988).