പാപം നീക്കുന്നവൻ

‘രക്തം ചീന്താതെ പാപമോചനമില്ല ‘ (ഹെബ്രാ. 9:22). ജനങ്ങളെ സകല പാപങ്ങളിൽനിന്നും മോചിപ്പിക്കാനാണ് മനുഷ്യപുത്രൻ വന്നത്. ദൈവവും മനുഷ്യനുമായി ക്രിസ്തുവാണ് കുമ്പസാരമെന്ന കൂദാശയിലൂടെ  എന്റെ പാപങ്ങൾ മോചിക്കുന്നതു. ഭൂമിയിലായിരുന്നപ്പോൾ അവിടുന്ന് അത് നേരിട്ട് ചെയ്തിരിക്കുന്നു.  ഈശോ തൊട്ടു സുഖപ്പെടുത്തുന്നതിനു വേണ്ടി ഏതാനും പേര് ഒരു തളർവാത രോഗിയെ കട്ടിലിൽ എടുത്തുകൊണ്ടു വന്നു. ജനബാഹുല്യം നിമിത്തം അവർ പുരമുകളിൽ കയറി, ഓടിളക്കി, കിടക്കയോടെ അവനെ ഈശോയുടെ മുമ്പിലേക്ക് ഇറക്കി. അവരുടെ വിശ്വാസം കണ്ടു ഈശോ ആശ്ചര്യപ്പെട്ടു. “എഴുന്നേറ്റു നിന്റെ കിടക്കയും എടുത്തു വീട്ടിലേക്കു പോകുക” എന്ന് കല്പിക്കുന്നതിനു മുൻപ് അവിടുന്ന് അവന്റെ പാപങ്ങൾ പൊറുത്തു. “മനുഷ്യ, നിന്റെ പാപങ്ങൾ നിന്നോട് ക്ഷമിക്കപ്പെട്ടിരിക്കുന്നു.”


അവന്റെ തളർവാത  രോഗത്തിന്റെ കാരണം അവന്റെ പാപമാണെന്നു ദൈവംതമ്പുരാൻ മനസിലാക്കി. പാപവിമോചിതനായ ക്ഷണം അവൻ സുഖം പ്രാപിച്ചു. തനിക്കു പാപം മോചിക്കൻ അധികാരമുണ്ടെന്നും തനിക്കു മാത്രമേ അതിനുള്ള അധികാരമുള്ളുവെന്നും യഹൂദർക്ക് അവിടുന്ന് വ്യക്തമാക്കുകയായിരുന്നു.സ്നാപകൻ വളരെ നേരത്തെ തന്നെ ഈശോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”.