ഇണ

മുറ്റത്തെ ചെടികൾക്കിടയിലാണ് കുരുവികൾ കൂടുവെച്ചത്. ഒരു പ്രഭാതത്തിൽ കലപില ചിലയ്ക്കുന്ന കുഞ്ഞി കുരുവിയുടെ സ്വരം കേട്ടാണ് ആ കൂടു ശ്രദ്ധയിൽപ്പെടുന്നത്. ചെടികൾക്കിടയിൽ തേൻകുടിച്ച് പറന്നു നടക്കുന്ന കുരുവികളെ മിക്കപ്പോഴും കാണാറുണ്ടായിരുന്നു. വർണ്ണത്തൂവലുകളുള്ള ആൺകുരുവിയെ വേഗത്തിൽ തിരിച്ചറിയാം. വലിപ്പത്തിൽ അൽപ്പം ചെറുതാണ് പെൺകുരുവികൾ.

ഇണചേർന്ന് പെരുകാനും വംശം നിലനിർത്താനും ആണും പെണ്ണും കൂടിയേതീരൂ. എന്നാൽ എല്ലാ ജീവികൾക്കും ഓരോ ഇണവീതം കാണപ്പെടുന്നില്ലല്ലോ. പശുവിനെ വളർത്തുന്ന എല്ലാ വീട്ടിലും കാള ഉണ്ടാവില്ല. വീട്ടിൽ വളർത്തുന്ന പട്ടിയും പൂച്ചയും എല്ലാം സമയമാകുമ്പോൾ ഇണ തേടിപ്പോകുന്നത് കണ്ടിട്ടില്ലേ?

എന്നാൽ മനുഷ്യരായ നമ്മെ ദൈവം സൃഷ്ടിച്ചത് അങ്ങനെയല്ല. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ അവന്റെ എല്ലാ കാര്യങ്ങളിലും അവൻ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനായിരിക്കണമല്ലോ. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: ‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ’ (ഉൽപ്പ. 1 :8 ) എന്നാൽ ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മറ്റുജീവികൾക്കുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നൽകിയില്ല. കാരണം അവൻ മൃഗങ്ങളെപ്പോലെ കേവലം ഇണചേരാനും വംശം നിലനിർത്താനും വേണ്ടി മാത്രമല്ല ഇണയെ തേടേണ്ടത്. അതുകൊണ്ടാണ് ദൈവം ഇപ്രകാരം പറയുന്നത്.

‘മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല അവനു ചേർന്ന ഇണയെ ഞാൻ നൽകും” (ഉൽപ്പ. 2 :18 ).

എന്നാൽ ഈ സത്യം ഗ്രഹിക്കാതെ ഇന്ന് സ്വന്തമായി ഇണയെ തേടിപ്പിടിക്കുന്നവർ ഏറെയായിരുന്നു. സ്വന്തം ഇഷ്ടത്തിന് മാത്രം പ്രധാന്യം നൽകി രൂപപ്പെടുത്തുന്ന എത്രയോ ദാമ്പത്യ ബന്ധങ്ങളാണ് തകർന്നുക്കൊണ്ടിരിക്കുന്നത്. ദൈവത്തെ കൂടാതെ മനുഷ്യന് ഒന്നും ചെയ്യാൻ സാധ്യമല്ലെങ്കിൽ (യോഹ. 15 : 15 ) ദൈവത്തെ കൂടാതെ അങ്ങനെ ദാമ്പത്യബന്ധവും കുടുംബ ജീവിതവും നിലനിൽക്കും? ദൈവം നമ്മുക്ക് നൽകിയ ചേർന്ന ഇണയെ തള്ളിക്കളയാനുള്ള സ്വതന്ത്രവും നമുക്കില്ല. ദൈവം നമുക്ക് നൽകിയ ഇണയെക്കാൾ യോജിച്ച മറ്റൊരിണയെ   തേടിപ്പിടിക്കാനുമാവില്ല.

ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ (മർക്കോ. 10 :9 ) എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.

മനുഷ്യബന്ധങ്ങളുടെ പാവനതയെയും  ദാമ്പത്യബന്ധത്തിന്റെ പവിത്രതയെയും  കുറിച്ച് ചെറുപ്പത്തിലേ തന്നെ അറിവുള്ളവരാകണം. ലൈംഗിക   അരാജകത്വം ഒരു സ്വന്തത്ര്യമല്ലെന്നും ലൈംഗികബന്ധം വിവാഹമെന്ന പരിപാവനമായ കൂദാശയുടെ അവിഭാജ്യഘടകമാണെന്നും കുട്ടികൾ ഗ്രഹിക്കണം. മറ്റൊരു ജീവിയെപ്പോലെ തിന്നു കുടിച്ചും ഉറങ്ങിയും ഇണചേർന്നും കഴിയേണ്ടവരല്ല നമ്മൾ. കുടുംബജീവിതത്തിലേക്കാണ്

ദൈവം നമ്മെ  വിളിച്ചിരിക്കുന്നതെങ്കിൽ ചേർന്ന ഇണയെ തരാൻ ദൈവത്തോട് പ്രാർത്ഥിക്കണം. മനോഹരമായ ഒരു കുടുംബ ജീവിതത്തിലേക്ക് ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹാശ്ശിസുകളോടെ കടന്നുവരണം. അപ്പോൾ സ്വർഗ്ഗസമാനമായ ഒരു ജീവിതത്തിന്ഇവിടെത്തന്നെ നമ്മൾ അർഹരാകും.